എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്/ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ എടത്വ എന്ന ഗ്രാമത്തിലാണ് സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നിർവഹിക്കുന്നത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ്. ജോർജ് ദേവാലയത്തിന്റെ സമീപത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1910 ജനുവരി 26ന് സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകി വരുന്നു.
1888 ആരംഭിച്ച സെൻ.മേരിസ് വെർണ്ണാക്കുലർ സ്കൂൾ ആണ് ഇവിടത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഈ മലയാളം പ്രൈമറി സ്കൂളിൽ ആൺ കുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയുടെ കീഴിൽ 1895ൽ സെൻറ് അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. 1910 തിരുവിതാംകൂർ വിദ്യാഭ്യാസ കോഡ് നിലവിൽ വന്നു. വിദ്യാലയവർഷം ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതിനു ഇംഗ്ലീഷ് സ്കൂളി നോടനുബന്ധിച്ച് പ്രൈമറി വിഭാഗം വേർപെടുത്തുന്നതിനും നടപടി ആരംഭിച്ചു. അങ്ങനെ 1910 ജനുവരി 26ആം തീയതി ഇംഗ്ലീഷ് സ്കൂളിൻറെ പ്രൈമറി വിഭാഗം വേർപെടുത്തി സ്ഥാപിച്ച സെൻറ് അലോഷ്യസ് ലോവർ ഗ്രേഡ് സ്കൂളാണ് ഇന്ന് സെൻറ് അലോഷ്യസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നത്.. ആദ്യകാലത്ത് നെടിയശാല എന്നറിയപ്പെടുന്ന കെട്ടിടത്തിൽ തന്നെയാണ് ഈ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് സെൻറ് ജോർജ് ഷോപ്പിങ് കോംപ്ലക്സ് എന്ന ബഹുനില വ്യാപാര മന്ദിരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 1920 സ്കൂൾ മാറ്റിസ്ഥാപിച്ചു. സമീപത്തുകൂടി ദേശീയപാതയെ ബന്ധിപ്പിക്കുന്ന തിരുവല്ല അമ്പലപ്പുഴ റോഡ് വന്നതോടുകൂടി സ്ഥലപരിമിതിമൂലം സ്കൂൾ അവിടെ പ്രവർത്തിക്കുന്ന ബുദ്ധിമുട്ട് ആയതോടെ 1996 സെൻറ് അലോഷ്യസ് ഹൈസ്കൂളിലെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു.
2018ലെ പ്രളയവും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രളയങ്ങളും സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതിനാൽ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് 2021 ഏപ്രിലിൽ തറക്കല്ലിടുകയും പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു.