ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മഹാമാരി മൂലം ലോകത്തിൽ 193 രാജ്യങ്ങളിലായി ഒരുലക്ഷത്തിഅറുപതിനായിരത്തോളം ജനങ്ങൾ മരണപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ 14,500 ഓളം.ജനങ്ങൾ ഈ രോഗത്തിന്റെ പിടിയിൽ അകപ്പെടുകയും അഞ്ഞൂറോളം പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത കേരളത്തിലാകട്ടെ 395 പേർ രോഗബാധിതരാകുകയും രണ്ടു പേർ മരണപ്പെടുകയും ചെയ്തു. കോവിഡ് 19 രോഗവ്യാപനം തടയാൻ കേരളം സ്വീകരിച്ച മാർഗങ്ങൾ ലോകമാകെ ഇന്ന് ചർച്ചചെയ്യപ്പെടുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. ബ്രേക്ക് ദി ചെയിൻ, ക്വറന്റയിൻ, ഐസ്വലേഷൻ, ലോക്ക് ഡൗൺ തുടങ്ങി രോഗവ്യാപന നിയന്ത്രണത്തിനായി കേരള സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തിയ ശാസ്ത്രീയമായ മുൻകരുതലിന്റെ ഭാഗമായി ആരോഗ്യകേരളം കോവിഡ് 19 പ്രതിരോധിക്കുകയാണ്. ലോകത്തിൽ ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഇല്ലാതെ പകച്ചുനിൽക്കുകയാണ്.

അമേരിക്കയിൽ മിനിറ്റിൽ മൂന്ന് എന്ന നിലയിലേക്ക് മരണ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ വയോധികർക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന ഘട്ടത്തിലേക്ക് അവിടങ്ങളിലെ ആരോഗ്യ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്. വികസിതരാജ്യങ്ങളുടെ വീമ്പു പറച്ചിലുകൾ കൊറോണക്കു മുന്നിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ ഘട്ടത്തിലാണ് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ പ്രസക്തി ഏറെ ചർച്ചചെയ്യപ്പെടുന്നത്. 2020 ജനുവരിയിൽ ചൈനയിലെ വുഹാനിൽ നിന്നു കേരളത്തിലെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ രോഗബാധ കണ്ടെത്തുകയും അന്നുമുതൽ തന്നെ രോഗവ്യാപന സാധ്യതകൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ബഹു കേരള സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഒരു മഹാമാരിയെ എങ്ങനെ തുരത്താം എന്നതിന്റെ വിജയഗാഥയയി കേരളം മാറുകയാണ്. ഈ ഘട്ടത്തിൽ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച് കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ നമുക്ക് പങ്കുചേരാം.

ആർദ്ര. ജെ. എസ്.
4 എ [[|ജി. എൽ. പി. എസ്. ആനാട്.]]
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം