ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നിലവിളി

രവിതൻ പൊൻകിരണങ്ങൾ
ഭൂമിതൻ നെറുകയിൽ ചുംബിച്ചു
വിവശയായി ഭൂമിദേവി
മിഴികൾ തുറന്നു
വീണ്ടും ആരോ തൻ
മാറിടം കുത്തിക്കീറുന്നു
ഒരുക്കുന്നു ശവക്കല്ലറകൾ
ഭൂമിമാതാവ് വീണ്ടും തൻ
ഉടലിലേക്കു മിഴിപായിച്ചു
എങ്ങും മണ്ണിൻ കൂമ്പാരങ്ങൾ മാത്രം
അതിനുള്ളിൽ ഇപ്പോഴും മയങ്ങുന്നു
സനാഥരായിട്ടും അനാഥരായി
മരണദേവനെ പുൽകിയ മക്കൾ
ഭൂമാതാവിൻ മാതൃഹൃദയം തേങ്ങി
താൻ വളർത്തിയ ജന്മങ്ങൾ
ഏതോ പാഴ് നിമിഴത്തിൽ
തന്നിൽ നിന്നകന്ന്
പണമെന്ന മായാമരീചികയ്ക്കു
പിന്നാലെ ഓടിയ തൻ മക്കൾ
ഇന്നേതോ സൂക്ഷ്മാണുവിൻ
കരത്തിലൊടുങ്ങിയ ജന്മങ്ങൾ
മാനവനാം അവൻ തൻ
കൂടെപ്പിറപ്പുകളാം ജീവലോകത്തെ
ചുട്ടുചാമ്പലാക്കിയപ്പോൾ
മാതാവാം തന്നെ കീറിമുറിച്ചപ്പോൾ
സഹനം മാത്രം വ്രതമാക്കിയവൾ താൻ
എന്നിട്ടും ഏതോ നിമിഷത്തിൽ
തന്നിൽനിന്നുതിർന്ന ശാപവചനം
ഇന്നൊരു മഹാവ്യാധിയായി
അവനിൽ പതിച്ചു
പശ്ചാത്താപവിവശയാൽ
ഹൃദയം തകർന്ന ഭൂമി മാതാവ്
ആ മൺകൂമ്പാരങ്ങളിൽ തഴുകി
പണത്തിനായി ജാതിക്കായി
വർണത്തിനായി പൊരുതിയ
മാനവനിതാ കിടക്കുന്നു
ഒരു ശവമഞ്ചത്തിൽ
ജാതി മത വർണ്ണ വർഗ്ഗ
അന്തരങ്ങൾക്കതീതമായി

പാർവതി . എസ് . ആർ
10 B ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത