ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നമ്മുടെ വീട്, നമ്മുടെ ആരോഗ്യം ,നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ വീട്, നമ്മുടെ ആരോഗ്യം ,നമ്മുടെ പരിസ്ഥിതി

ആരോഗ്യ വിദ്യാഭ്യസ മേഖലകളിൽ സിന്ദൂര തിലകമണിഞ്ഞ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് മിഴികൾ തുറന്ന് നോക്കുന്ന ഏതൊരാൾക്കും ദർശിയ്ക്കാൻ സാധിയ്ക്കും.വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിയ്ക്കുന്ന മലയാളി പരിസര ശുചിത്വത്തിൽ ഏറെ പിന്നിലാണ്.വിദ്യാഭ്യാസമില്ലായ്മയല്ല ഇതിന്റെ കാരണം.നമ്മുടെ ബോധനിലവാരത്തിന്റേയും കാഴ്ചപ്പാടിന്റേയും പ്രശ്നമാണ്

വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണയാണ് നമ്മളിൽ പലർക്കും.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ ഈ തെറ്റിദ്ധാരണയ്ക്കുള്ള പ്രകൃതിയുടെ മറുപടിയും മുന്നറിയിപ്പുമാണ്.

ആരും കാണാതെ മാലിന്യം വഴിയിൽ നിക്ഷേപിയ്ക്കുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേയ്ക്കെറിയുന്ന ,വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേയ്ക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്ക്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിയ്ക്കുകയാണ്.ഈ അവസ്ഥ തുടർന്നാൽ "ദൈവത്തിന്റെ സ്വന്തം നാട് ”മാലിന്യത്തിന്റേയും രോഗങ്ങളുടേയും നാടായി മാറുമെന്നതിൽ സംശയമില്ല.

പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണെന്ന് ഹാരപ്പൻ സംസ്കാരമുൾപ്പെടെയുള്ള പുരാതന സംസ്ക്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ വ്യക്തി ശുചിത്വവും സമൂഹത്തിലേറെ പ്രാധാന്യം അർഹിയ്ക്കുന്നതാണ്.

ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ മനോഹരവും ആകർഷകവുമായി സൃഷ്ടിച്ചിരിയ്ക്കുന്നു.ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥതയും പ്രവർത്തനങ്ങളും പ്രകൃതിയെ അസ്വസ്ഥമാക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്.മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പ്രകൃതി ഉപയോഗശൂന്യമായി തീരുകയാണ്.ശുചിത്വമില്ലായ്മയും പകർച്ചവ്യാധികളും ആവർത്തിയ്ക്കപ്പെടുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിയ്ക്കുമ്പോഴും ജനവാസ കേന്ദ്രങ്ങളെ ജനവാസയോഗ്യമല്ലാതാക്കുന്നതിലൂടെ ലോകനാശത്തിലേയ്ക്ക് വഴിതെളിയ്ക്കുന്നു.ഇതിന് ഉത്തമ ഉദാഹരണമാണ് വികസിതരാജ്യമായ അമേരിയ്ക്ക പോലുള്ള രാജ്യങ്ങളെ ഭീതിയുടെ അഗ്നി ജ്വാലയിൽ കത്തിയെരിയ്ക്കുന്ന കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ്.

ശുചിത്വമുള്ള അന്തരീക്ഷവും പകർച്ചവ്യാധികളില്ലാത്ത ചുറ്റുപാടും ജീവിയ്ക്കാനുള്ള വരും തലമുറയുടെ അവകാശമാണ്.നമ്മൾ ജീവിയ്ക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായി സൂക്ഷിയ്ക്കേണ്ടത് നമ്മുടെകടമയാണ്.സ്നേഹമ‍ഞ്ജരിയായും സാന്ത്വന വീണയായും തൊട്ടുണർത്തുന്ന പ്രകൃതിയെ വരും തലമുറയ്ക്കായി അതിന്റെ തനിമയിൽ മലിന്യമുക്തമായും രോഗമുക്തമായും സംരക്ഷിയ്ക്കാൻ നമുക്കൊരുമിച്ച് കൈകൾ കോർക്കാം.

സിയ ഫസിൽ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം