ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
ഫോൺകോളുകളും ഓഫീസർമാരുടെ സ്ഥിരം ഡയലോഗുകളുമില്ലാത്ത പുതിയൊരു ദിവസത്തിന്റെ തുടക്കത്തിലായിരുന്നു അവൻ.വീടിന്റെ പിറകിലുള്ള പുരയിലെ കാലൊടിഞ്ഞ തൂമ്പ കണ്ടപ്പോഴാണ് പത്തുവർഷം മുൻപുള്ള തന്റെ തോട്ടം നിർമ്മാണത്തെപ്പറ്റി ഓർത്തുപോയത്. അമ്മയും അച്ഛനും അടുക്കളയിൽ ധൃതിപ്പെട്ടുള്ള ഏതോ ജോലിയിലാണ്. അവരുടെ പെരുമാറ്റം കണ്ടപ്പോൾ അവനുതോന്നിയത്, വളരെക്കാലം ഒന്നിച്ചുനടന്ന രണ്ടു വ്യക്തികൾ കൂട്ടിലടയ്ക്കപ്പെട്ട് പിന്നീട് പരസ്പരം കണ്ടുമുട്ടിയ ഒരു പ്രതീതിയാണ്.ഒരുപക്ഷേ അച്ഛന്റെ തിരക്കുകൾക്കും അമ്മയുടെ പ്രവർത്തനങ്ങൾക്കുമിടയിൽ അവർക്കാദ്യമായി ദീർഘനേരം സമയം ചിലവഴിക്കാനും തമാശപറഞ്ഞ് ചിരിക്കാനും കിട്ടിയ ഒരു മഹത്തായ അവസരം തന്നെയായിരിക്കുമിത്.പുറത്തുപോകാനാവാതെ വീടിനുള്ളിൽ ചുരുങ്ങേണ്ടിവരുന്ന ഒരവധിക്കാലം വ്യർത്ഥമാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉറക്കമിളച്ചിരുന്ന് വാട്സാപ്പിൽ മെസ്സേജുകൾ കൈമാറുന്ന തന്റെ സുഹൃത്തുക്കൾ...അവരുടെ സന്ദേശങ്ങൾക്ക് അകമ്പടിയായി ഒഴുകിവരുന്ന സ്മാർട്ട്ഫോണിന്റെ കരച്ചിൽ...ഒന്നും പുതുമയുള്ളതല്ല.എന്നിരുന്നാലും വായിച്ചുവായിച്ച് തൊണ്ടവറ്റിയ മെസ്സേജുകൾ പിന്നെയും പിന്നെയും മൊബൈലിനുള്ളിൽ അടിഞ്ഞുകൂടുമ്പോൾ ഒരു ചെറിയ ഓലപ്പടക്കമടുത്ത് ചെവിക്കുള്ളിൽ തിരുകി, കത്തിച്ചുനോക്കണമെന്ന് വല്ലാത്തൊരു ആഗ്രഹം തോന്നി...ബുക്ക്ഷെൽഫിനുമുകളിൽ കുത്തിയിരിക്കുന്ന 'രമണനെയും’, 'മണലെഴുത്തിനെ'-യുമെല്ലാം പലപ്പോഴും കണ്ണുകൾ ആഹാരമാക്കിയിട്ടുണ്ട്.വല്ലാത്തൊരു അന്തരീക്ഷം....ഒന്നും ചെയ്യാനില്ലെന്നപോലെ വലമൂടിയ മനസ്സ്....... എന്തിനോടെങ്കിലും തനിക്ക് പ്രത്യേകതാത്പര്യം തോന്നുന്നുണ്ടോ എന്നറിയാൻ ഒരുകവിൾ വായു ഉള്ളിലേക്ക് ആവാഹിച്ച്, ടൈൽസിട്ട തറയിൽ മിണ്ടാതെകിടന്നു.ഇല്ല..........ഒന്നിനോടും.........വെറുതേയിരുന്ന് മുഷിഞ്ഞതിനാൽ,പുറത്തോട്ടൊക്കെ ഒന്നിറങ്ങാൻ മനസ്സ് വല്ലാതെ ദാഹിക്കുന്നുണ്ട്.മുറ്റത്തെ പൂന്തോട്ടം എന്നു അത്യാവശ്യം പറയാവുന്ന ഒരിത്തിരിപ്പോന്ന ഇടത്തിൽ, വെള്ളം കിട്ടാതെ ശപിച്ചുചത്ത പനിനീർച്ചെടിയുടെ മുള്ളുകൾ കൊഴിഞ്ഞ തണ്ട് മണ്ണിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.മരുഭൂമിയിൽ എവിടെയെങ്കിലും പച്ചപ്പ് കണ്ടാലോ എന്ന മട്ടിൽ.....അത്കാണുമ്പോഴൊക്കെയും, ചൂടൊത്ത റേഷനരിക്കഞ്ഞിയേയും,സ്കൂൾയൂണിഫോമിനേയും ഓർമ്മവരും. കാരണം അക്കാലയളവിൽ ഈ പനിനീർച്ചെടിയുടെ പൂക്കൾ പലർക്കും നൽകപ്പെട്ടതാണ്...ഫലം കാണാത്ത ഇതളുകൾ....... നഗരസഭയിൽ നിന്നും വീടുകൾ തോറും കൊറോണ ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് ചിലർ.അവരെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പാടിപ്പുകഴ്ത്തുന്നത് ഒരു ദിനചര്യയായി മാറിയിരിക്കുന്നു! ബോധവത്കരണത്തിന്റെ ചൂടിൽ അമ്മ വീടും കൂടി ലോക്ഡൗൺ ആക്കിയിരിക്കുന്നു.തെരുവുകളിലും മറ്റും പാർക്കുന്ന പാവപ്പെട്ടവർക്ക് ഒരുനേരത്തെ ആഹാരം കൊടുക്കുവാൻ അൻഷാദ് വിളിച്ചപ്പോൾ വ്യർത്ഥമായ ദിവസങ്ങൾക്ക് കൂടുതൽ മൂല്യം ലഭിക്കുന്നതായി തോന്നി...ഭക്ഷ്യവിതരണം കഴിഞ്ഞുള്ള സന്ധ്യയിൽ ഒരുകപ്പ് കാപ്പിയുമായി വന്ന അമ്മ ചെവിയ്ക്കടുത്തിരുന്ന് കാറുമ്പോഴാണ് ചിന്തകളിൽ നിന്നും കുരുക്കഴിഞ്ഞുവന്നത്. അമ്മയ്ക്കും അച്ഛനും ഉടൻതന്നെ ഡൈവോഴ്സ് വേണമത്രേ... സമൂഹത്തിലിന്ന് ഒരാചാരമായി നടക്കുന്ന ഈ പ്രക്രിയ വളരെ മനോഹരമാണെന്ന് അമ്മയോട് പറയുമ്പോൾ, വിഡ്ഢിത്തപരമായ അവരുടെ വാക്കുകളല്ല മനസ്സിലേക്ക് കടന്നുവന്നത്..മറിച്ച്,അവിടെ....അങ്ങ്...രാവിലെ കണ്ട ആ മനുഷ്യനെപ്പറ്റി.........ലോക്ഡൗണിനെ വളരെ നേരം പഴിച്ചുകൊണ്ട്,നിസ്സാരമായകാര്യത്തിന് പിണങ്ങിയ മാതാപിതാക്കളെ യോജിപ്പിച്ചുവിടുമ്പോൾ,അടുക്കളയിൽ നിന്നും അവരുടെ ചിരികളികൾ വീണ്ടും മുഴങ്ങിക്കേട്ടു.. രാത്രിയുടെ അഗാധമായ ഇരുളിമയിൽ മനസ്സ് ആകെ കലുഷിതമായിരിക്കുന്നുവെന്ന് ബോധ്യമായി...സിറ്റിയിലെ റോഡരുകിൽ രാപ്പകൽ അന്നദാതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരാൾ....വളരെനന്നായി ജീവിതം നയിച്ച്, ഉണ്ടാക്കിയെടുത്തതെല്ലാം പ്രളയത്തിന്റെ ഒരൊറ്റ നിമിഷത്തിൽ പൊലിഞ്ഞുപോകേണ്ടിവന്ന ഒരാൾ.......കൊറോണയും അടച്ചിടലും കാരണം വീടുകളിൽ ഉത്സവാന്തരീക്ഷത്തിൽ നടക്കുന്ന ചിലരുണ്ട്;തങ്ങളുടെ സ്റ്റാറ്റസിന് അനുപാതമായി ജീവിതം നയിക്കുന്ന ചിലർ..അവർക്കിടയിലെ നിത്യപട്ടിണിക്കാർ..എല്ലാമൊരു കുഴഞ്ഞരൂപത്തിൽ മനസ്സിലേക്കാരോ കോറിയിട്ടപോലെ......ടേബിൾ ലാമ്പിൽ തിരിതെളിയിച്ച് സിറ്റിയിലേക്ക് തുറന്നുകിടന്ന ജനാലയിലൂടെ വെറുതേ നോക്കിനിൽക്കുമ്പോൾ, ദൂരെ എങ്ങുനിന്നോ ആരോ കരയുന്നത് അവനു കേൾക്കാമായിരുന്നു.....അടക്കിപ്പിടിച്ച ആ തേങ്ങലിന് വിശപ്പിനെ പഴിക്കുന്ന ഒരാത്മാവിന്റെ സ്വരമായിരുന്നു.......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ