സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/നമുക്ക് LOCK ചെയ്യണ്ടേ
നമുക്ക് LOCK ചെയ്യണ്ടേ
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം മുഴുവനും ഇന്നു യുദ്ധം ചെയ്യുകയാണ്. ലോകമഹാ രാഷ്ട്രങ്ങൾ ബഹിരാകാശത്തും വൈദ്യശാസ്ത്രരംഗത്തും യന്ത്രസാങ്കേതിക മേഖലയിലും സാമ്പത്തിക രംഗത്തും വികസനത്തിന്റെ പടവുകൾ കയറിയെന്ന അഹങ്കാരത്തിന്റെ സൗധങ്ങളിൽ നിന്ന് കാലിടറി വീണുകൊണ്ട് പടപൊരുതികൊണ്ടിരിക്കുന്നത് ഒരു കുഞ്ഞൻ വൈറസിനോടാണെന്നതാണ് വിരോധാഭാസം. ചൈനയിലെ വുഹാനാണ് പ്രഭവസ്ഥാനമെന്ന് കരുതുന്ന COVID-19 എന്ന മഹാമാരി രൗദ്രഭാവത്തോടെ ലോകമെങ്ങും ഉറഞ്ഞാടിയപ്പോൾ പൊലിഞ്ഞത് ഒന്നര ലക്ഷത്തിലധികം ജീവനുകളാണ്. കൊട്ടാരത്തിലെ രാജകുമാരനെയും കുടിലിലെ ദരിദ്രനെയും യാതൊരു വേർതിരിവുമില്ലാതെ മഹാമാരി വേട്ടയാടിയപ്പോൾ ലോകം പല സത്യങ്ങളും തിരിച്ചറിഞ്ഞു. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും ലിംഗത്തിന്റെയും പ്രായത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകളെല്ലാം വെറും ജലരേഖയാണെന്ന് നാം മനസ്സിലാക്കി. ആർഭാടത്തിന്റെയും ആഢംബരത്തിന്റെയും സമ്പത്തിന്റെയും പെരുപ്പത്തിൽ മതിമറന്നാഹ്ലാദിച്ച വികസിതരാഷ്ട്രങ്ങൾ ഇന്ന് ജീവൻരക്ഷാമരുന്നകൾക്കും ചികിത്സാഉപകരണങ്ങൾക്കുമായി നെട്ടോട്ടമോടുകയാണ്. ഏത് രോഗത്തിനും ചികിത്സനൽകാൻ പര്യാപ്തമെന്ന് നാം കരുതിയ രാജ്യങ്ങൾ ഇന്ന് മരുന്നിന്റെ അപര്യാപ്തത മൂലം നിസ്സഹായരായി വലയുന്നു. പ്രതിസന്ധികളെ തരണം ചെയ്യാൻ ശാസ്ത്രലോകം ഉയിർന്നിട്ടില്ലെന്ന് നാം മനസ്സിലാക്കി. ജീവൻ നൽകിയ ശക്തിക്ക് ജീവൻ തിരിച്ചെടുക്കാനുള്ള ആർജ്ജവത്തെ നിയന്ത്രിക്കാൻ മനുഷ്യനാകില്ലെന്ന് വെറുമൊരു DNA അല്ലെങ്കിൽ RNA തന്മാത്രയിലൊതുങ്ങുന്ന കൊറോണ വൈറസ് ലോകത്തെ പഠിപ്പിച്ചു. ലോകം മുഴുവനും ഇന്ന് സ്തംഭിച്ചുകൊണ്ട് നാലുചുവരിനുള്ളിലൊതുങ്ങി. സൗന്ദര്യവർധക ഉത്പ്പന്നങ്ങൾക്കും ചുംബനസമരങ്ങൾക്കും വേണ്ടി ഓടിനടന്നിരുന്നവർ ഇന്ന് എവിടെപോയി? ആഢംബര വസ്ത്രങ്ങങ്ങളും വിലകൂടിയ ആഭരണങ്ങളും വ്യർത്ഥമാണ് എന്ന് നാം മനസ്സിലാക്കി. നിരന്തരം വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ശബ്ദങ്ങളാൽ മുഖരിതമായിരുന്ന അന്തരീക്ഷം മൗനം ഭജിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളും എന്തിനാണെന്നും എങ്ങോട്ടാണെന്നുമില്ലാതെ കറങ്ങിയിരുന്ന ചക്രങ്ങളും നിശ്ചലരായി മാറി, നിരത്തുകൾ വിജനമായി തീർന്നു. പുഞ്ചിരിക്കാൻ മറന്നിരുന്ന മനുഷ്യൻ ഇന്ന് ചിരിക്കാനാകാതെ മുഖാവരണത്തിനുള്ളിൽ വീർപ്പുമുട്ടുന്നു. ലോകം മുഴുവനും പകച്ചുനിന്നപ്പോഴും നമ്മുടെ ഭാരതം കൈക്കൊണ്ട സമയോചിതമായ നിയന്ത്രണങ്ങൾ ഐക്യരാഷ്ട്രസഭയുടെ വരെ പ്രശംസ പിടിച്ചുപറ്റി. ലോകത്തിനാകെ മാതൃകയായ പ്രതിരോധനടപടികൾ സ്വീകരിച്ച കേരളീയരുടെ മാനസിക ഐക്യവും പങ്കാളിത്തവും പ്രശംസനീയമാണ്. കേരളം മുഴുവനും വീടടച്ചിരുന്നപ്പോഴും എല്ലാ ദിവസവും സത്യസന്ധമായ വിവരങ്ങളും ആശ്വാസ കിരണങ്ങളുമായി നമ്മെ ധൈര്യപ്പെടുത്തിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയുകയില്ല. സംസ്ഥാന സർക്കാരിന്റെ 'ദിശ' എന്ന ഹെൽപ്പ് ലൈനും ജനങ്ങളെ ധൈര്യപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ജാഗ്രതയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണെങ്കിൽ മാത്രമേ കൊറോണയുടെ നീരാളി പിടുത്തത്തിൽ വീഴാതിരിക്കാൻ കഴിയുകയുള്ളൂ. മറ്റുള്ളവരുടെ ദു:ഖം കാണാനകാതെ അന്ധകാരത്തിലാണ്ടുപോയിരുന്ന നമ്മുടെ അകക്കണ്ണുകളെ നാം തുറക്കേണ്ടിയിരിക്കുന്നു. അമ്മയായ പ്രകൃതിയെയും നമ്മുടെ സഹോദരങ്ങളെയും വെടിപ്പായി കാണാൻ ശ്രമിക്കണം. 'ഞാൻ' എന്ന സ്വാർത്ഥതയുടെ ചങ്ങലകളെ ഭേദിച്ച് നാം കെട്ടിപൊക്കിയ മതിലുകളെ തകർത്ത് നമ്മുടെ മനസ്സുകളെ ശുചിയാക്കാം. പണത്തെ ഭക്ഷിക്കാനാകില്ലെന്ന തിരിച്ചറിവോടെ നഗ്നപാദവുമായി മണ്ണിലേക്കിറങ്ങാം. ഇന്നത്തെ ശൂന്യതയിൽ നിന്ന് വിണ്ണിൽ വിരിയുന്ന മഴവില്ല് പോലെ മണ്ണിൽ നിന്നുയരുന്ന തളിർനാമ്പുകൾപോലെ പ്രതീക്ഷയുടെ പുതിയ പുലരി വിരിയിക്കാൻ കൂട്ടുകാരെ, നമുക്കൊന്നിച്ച് മനസ്സുകൾ കോർത്തുകൊണ്ട് പൂട്ടിക്കെട്ടാം കൊറോണയെ...
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം