എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ശൂലം കുത്തിയ വയൽ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശം. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ. പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും ചൂലാംവയലും ആയി മാറി. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയ കാലത്തെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
1970-ൽ മാക്കൂട്ടം എ.എം.എൽ.പി സ്‌കൂളിലെത്തിയ എനിക്ക് സ്‌കൂളിനോട് വൈകാരികമായി ഒരു ബന്ധമുണ്ട്. തൊടുകയിൽ തറുവയ്കുട്ടി ഹാജിയുടെയും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബിന്റെയും കൂട്ടു മാനേജ്‌മെന്റിലാരംഭിച്ച സ്‌കൂൾ. ഇവരിലൊരാൾ ്എന്റെയും രണ്ടാമത്തെയാൾ എന്റെ ഭാര്യയുടെയും പ്രപിതാക്കൻമാർ. എന്റെ മാതാവും രണ്ടു സഹോദരരും രണ്ടു മക്കളും വിദ്യാഭ്യാസം നേടിയ സ്‌കൂൾ. സഹോദരൻ ആദ്യമായി അധ്യാപകനായി ജോലി ചെയ്തതും ഇവിടെയായിരുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചു തരുന്നു. പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ, ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും മൂരിവണ്ടികൾ (കാളവണ്ടി) ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം കാളവണ്ടികൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഓർമ്മയിൽ തെളിയുന്നു.
ഇന്ന് എങ്ങും കോൺഗ്രീറ്റ് കെട്ടിടങ്ങൾ. അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്ന് കെട്ടിമേച്ചിൽ നടത്തിയിരുന്ന സ്‌കൂൾ ഷെഡും മുമ്പിലൊരു സ്രാമ്പിയയും. സ്രാമ്പിയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയ രാവുകൾ. മുൻ മുഖ്യമന്ത്രി മർഹും സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ വന്ദ്യപിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ. ഒരിക്കൽ ദഫ് മുട്ടി റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം സ്രാമ്പിയിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവത്രേ. തറുവയക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ - എന്റെ വല്ല്യുമ്മ - ഇന്നും പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് കഥ പറഞ്ഞ് കഴിയുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റ് ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നത്രെ. പിതാവിനോടൊപ്പം കുട്ടിയായിരുന്ന സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.
നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓലമേഞ്ഞ വീടുകളും ഉണ്ടായിരുന്ന ചൂലാംവയൽ, മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. തൊപ്പിപ്പാളവെച്ച കർഷകർ വള്ളിച്ചെരിപ്പിൽ (കലപ്പ) കാളകൾക്ക് പിന്നാലെ പറപറക്കുന്ന ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടികൊണ്ട് കട്ടയുടയ്ക്കുന്ന കർഷർ. ഇന്നോ? കുന്നുകളും മലകളും ഇടിച്ചു നിരത്തി വയലായ വയലെല്ലാം നികത്താൻ ജെ സി ബി എന്ന ചെകുത്താനെത്തിയിരിക്കുന്നു. മണി കിലുക്കി നിരനിരയായി നീങ്ങിയിരുന്ന കാളവണ്ടികളെവിടെ?
ചീറിപായുന്ന വാഹനങ്ങൾ കാരണം റോഡു മുറിച്ചുകടക്കാൻ കഴിയാതെ കാത്തിരിക്കുന്ന സ്‌കൂൾ കുട്ടികൾ. പഞ്ചാര മണൽപ്പുറങ്ങളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് കരയാൻ കണ്ണുനീർ പോലുമില്ലാതെ പൂനൂർ പുഴ. സുവർണ്ണ ജൂബിലിക്ക് കലാ-കായിക മത്സരങ്ങൾ നടത്തിയിരുന്ന വയലിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ.ഓർമ്മകൾ പഴയകാലത്തേക്ക് തിരിച്ചുവിട്ടപ്പോൾ മടങ്ങാൻ പഴമക്കാർക്ക് പറ്റുന്നില്ല. മാങ്ങയും ചക്കയും മറ്റും ഇഷ്ടംപോലെ തിന്നു നടന്നിരുന്ന കാലം. ആദ്യകാലത്ത് കശുവണ്ടി വിൽപ്പന ചരക്കായിരുന്നില്ലത്രെ.
75 വർഷങ്ങൾക്കു മുമ്പുള്ള വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞുനോക്കുന്നത് രസകരമായിരിക്കും. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരികലക്കിയുണ്ടാക്കിയ മഷിയിൽ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെൺകുട്ടികളും മൊട്ടത്തലയും ചുവന്ന കരയുള്ള കിണ്ടൻ തുണിയുടുത്ത് വരുന്ന ആൺകുട്ടികളും. അമുസ്ലിം കുട്ടികൾ ആണും പെണ്ണും കാതുകുത്തും. പുരുഷൻമാർ കൗപീനം ധരിക്കുമായിരുന്നു. പലർക്കും ഷർട്ടുണ്ടായിരുന്നില്ല. ഉള്ളവർക്ക് ഒന്നുമാത്രം.
ഭൗതിക വിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയായിരുന്നു തുടക്കത്തിൽ. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും അറബി-മലയാളം എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.
മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു കാശും (ഒരണ-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) മദ്രാസ് അസംബ്ലിക്ക് കീഴിലായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന കേളപ്പജിയും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു.
അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്‌കൂളിൽ 5 ൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്. ഒരു കാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. പിന്നീട് ഡി.പി.ഇ.പിയും ഇപ്പോൾ എസ്.എസ്.എയും എല്ലാം സ്‌കൂളിലേക്ക് കയറി വന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.
അരിക്ക് ക്ഷാമം നേരിട്ടപ്പോൾ അധ്യാപകർക്കും ഗവ.ഉദ്യോഗസ്ഥർക്കും പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് അപേക്ഷ തയ്യാറാക്കി കലക്ടറിൽ നിന്ന് പെർമിറ്റ് വാങ്ങി, അരി വാങ്ങി സ്‌കൂളിൽ എത്തിച്ച് അഞ്ചുകിലോ വീതം വീട്ടിൽ കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ 120 രൂപയുടെ റേഡിയോ തലശ്ശേരിയിൽ നിന്നും ഞാനും സഹപ്രവർത്തകൻ സുലൈമാൻ മാസ്റ്ററും ശമ്പള സർട്ടിഫിക്കറ്റ് കൊടുത്തു വാങ്ങിയതും ഇപ്പോളോർക്കുമ്പോൾ അവിശ്വസനീയമാണ്. അന്നത്തെ ശമ്പള സ്‌കെയിൽ 95-190 ആണെന്നറിയുക. സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. പഴയകാല ഗുരുക്കൻമാരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ.എം.എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്.
1975-76 കാലഘട്ടം. സ്‌കൂൾ യു പി ആക്കി കിട്ടുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും മന്ത്രി മന്ദിരങ്ങളിലും റസ്റ്റ് ഹൗസുകളിലും കയറി ഇറങ്ങിയ ഓർമ്മകൾ. അന്ന് അപ്‌ഗ്രേഡ് കമ്മറ്റിയിലുണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല. പ്രദേശത്തെ ഏതു പ്രശ്‌നങ്ങൽക്കും ജനങ്ങൾക്ക് അഭയകേന്ദ്രമായിരുന്ന കെ.സി ഉസൈൻ മുതലാളിക്ക് ഒരു നാടുവാഴിയുടെ പ്രതാപമായിരുന്നു. തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സി വി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്. തിരിഞ്ഞു നോക്കുമ്പോൾ ഇനിയുമെത്ര സംഭവങ്ങൾ.. സ്‌കൂളിന് മുന്നിലെ ദാരുണ അപകട മരണങ്ങൾ, 1977ലെ ആതിഹാസികമായ അധ്യാപകസമരം. 1978ൽ പ്രദേശത്ത് ഉത്സവമായി മാറിയ സുവർണജൂബിലി ആഘോഷങ്ങൾ എല്ലാം ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞു വരുന്നു.
ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡു ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും.
പൂനൂർ പുഴ ഇന്നും ഒഴുകുന്നു. റോഡുകളും പാലങ്ങളും വന്നതോടെ അപ്രത്യക്ഷമായ തോണികളെയും മരച്ചങ്ങാടങ്ങളെയും ഓർത്തുകൊണ്ട് സ്‌കൂളിൽ നിന്നും അക്ഷരാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടികയറിയ അനേകം പേരെ ഓർത്തുകൊണ്ട് സ്‌കൂളും.ഇവരാണ് ഞങ്ങളുടെ- അധ്യാപകരുടെ അമൂല്യ സമ്പത്തും സമ്പാദ്യവും.