സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്/ചരിത്രം
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂന്ന്കല്ല്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട തിരുകൊച്ചി ഗവൺമെൻറ് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിനു വേണ്ടി
കർഷക സംഘങ്ങൾക്ക് അനുവാദം കൊടുക്കുകയും അതേ തുടർന്ന് ഈ പ്രദേശങ്ങളിൽ കൃഷിക്കാർ കൃഷി ചെയ്യുന്നതിന് എത്തിച്ചേരുകയും ചെയ്തു അങ്ങനെ കൃഷിക്കാർ ഈ പ്രദേശത്തിന് സ്ഥിരതാമസം തുടങ്ങുകയും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു.ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാമ്പത്തികമോ യാത്ര സൗകര്യമോ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഷമ സ്ഥിതി പരിഗണിച്ച് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻറെ ആവശ്യകത ബഹുമാനപ്പെട്ട ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ഗവൺമെൻറിന് ഈ പ്രദേശത്തിന് സ്ഥിതി മനസ്സിലാക്കുകയും ആയതിലേക്ക്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെൻറ് ലേക്ക് അപേക്ഷ നൽകുകയും അതിൻറെ വെളിച്ചത്തിൽ സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ അനുവദിക്കുകയും ചെയ്തു.
ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ അലക്കുകല്ലുങ്കൽ ശ്രീ പി സി തോമസ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി അപേക്ഷ കൊടുക്കുകയും ബഹുമാനപ്പെട്ട ഗവൺമെൻറ് അതിന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ 1963 ജൂൺ മാസം നാലാം തീയതി മൂന്നുകല്ല് സെൻതോമസ് എൽപി സ്കൂൾ എന്ന പേരിൽ തന്നെ പ്രവർത്തനമാരംഭിച്ചു.
ഈ സ്കൂൾ തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ശ്രീ പി സി തോമസിന്റെ വകയാണ്. സ്കൂളിന് ആവശ്യമായ കെട്ടിടം സ്കൂൾ തുറക്കുന്നതിനു മുമ്പായി പണി തീർക്കണം എന്ന ഉദ്ദേശത്തോടുകൂടി പണി തുടങ്ങിയെങ്കിലും പണി പൂർത്തിയാകാത്തതിനാൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള വാടകക്കെട്ടിടത്തിലാണ് ആരംഭിച്ചത്. 1963 ജൂലൈ മാസം ആദ്യം തന്നെ സ്കൂൾ പ്രവർത്തനം സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി.
ആദ്യവർഷം തന്നെ ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിക്കുകയും ഏകദേശം 150 കുട്ടികൾ പ്രായഭേദമന്യേ സ്കൂളിൽ ചേർന്നു പഠിക്കുകയും ചെയ്തു. 1964 വർഷത്തിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിക്കുകയും 8 അധ്യാപകരുടെ തസ്തിക അനുവദിച്ചു കിട്ടുകയും ചെയ്തു. കുടിയേറ്റ പ്രദേശമായ ഇവിടെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾ ആണ് കൂടുതലും താമസിക്കുന്നത്.സീതത്തോട് പഞ്ചായത്തിലെ ലക്ഷംവീട് കോളനികളിൽ ഒന്ന് അംബേദ്കർ കോളനി, അള്ളുങ്കൽ ആദിവാസി കോളനി എന്നിവിടുത്തെ താമസക്കാരുടെ കുട്ടികളാണ് ഇവിടുത്തെ കുട്ടികളിൽ ഏറിയപങ്കും. അതുപോലെ സീതത്തോട് പഞ്ചായത്തിൽ അഭിഭാഷ പഠിപ്പിക്കുന്ന ഏക സ്കൂളും ആണ്. 2010-2011 മുതൽ ഈ സ്കൂളിൽ പഞ്ചായത്ത് അംഗീകാരത്തോടുകൂടി പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി.
വലിയ മലകളും വർഷകാലത്ത് കുലംകുത്തി പായുന്ന വലിയ തോടുകളും മലമ്പ്രദേശത്തെ ഒറ്റയടിപ്പാതകളും ചെറിയ തോടുകളും മാത്രമുള്ള ഈ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശവുമാണ്.1997 ജൂൺ മാസത്തിൽ ഇവിടെ ഉണ്ടായ ഉരുൾപൊട്ടലിൽ സ്കൂളിൽ നിന്നും ഏകദേശം 500 മീറ്റർ അകലത്തിൽ താമസിച്ചിരുന്നവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ആയ സഹോദരിമാരും അവരിലൊരാളിൻറെ കൈക്കുഞ്ഞും ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഒരു പ്രദേശമാണിത്.