ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ടൗണിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിൽ ആറ്റിങ്ങൽ - വെഞ്ഞാറമൂട് പ്രധാന പാതയോരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് ചെമ്പൂര്. ഗ്രാമപഞ്ചായത്തിലെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന സ്ഥാപനമാണ് ഇത്. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യ എൽ.പി വിദ്യാലയം ആണിത്. പിന്നീട് പിന്നീട് സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയാണ് ഉണ്ടായത്.ആദ്യകാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഓടു മേഞ്ഞ ഒരു കെട്ടിടവും, കോൺക്രീറ്റ് ചെയ്ത ഇരുനില കെട്ടിടവും,ഓഫീസ് മുറിയും, കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. നിലവിൽ കെ.ജി മുതൽ നാലാംക്ലാസ് വരെ 360 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച എൽപി സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് എൽ.പി.എസ് ചെമ്പൂര്.ഡോക്ടർമാർ, എഞ്ചിനീയർമാർ മറ്റു വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
എംഎൽഎയുടെ അടുപ്പം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിലെ ഏറ്റവും മികച്ച എൽ പി സ്കൂൾ എന്ന ബഹുമതിയും ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള ബഹുമതിയും നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014 - 15 വർഷത്തെ ഐ എസ് ഒ അംഗീകാരം ലഭിച്ചത് സ്കൂളിന് നേട്ടം തന്നെയാണ്. എല്ലാ വർഷവും സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.സോഷ്യൽ സയൻസ് - പ്രവർത്തിപരിചയം വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാനും, തുടർച്ചയായി മൂന്നു തവണ "ബസ്റ്റ് സ്കൂൾ" അവാർഡ് കരസ്ഥമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇവിടെ തുടങ്ങാം' എന്ന തെരുവുനാടകവും, 'കനിവിന്റെ കരങ്ങൾ' എന്ന ടെലിഫിലിമും (വൃദ്ധരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി) തയ്യാറാക്കുകയുണ്ടായി.
ഇടപെടാനും, ഇടകലരാനുമുള്ള ഇടങ്ങളാണ് വിദ്യാലയങ്ങൾ. ഉള്ളറിയാത്ത പാഠങ്ങൾ ആത്മാവില്ലാത്ത ശരീരം പോലെയാണ്. പാഠപുസ്തകങ്ങൾ പറയുന്ന അറിവുകൾക്കപ്പുറം ജീവിതാവബോധത്തിന്റെ ആദ്യാക്ഷരങ്ങൾ എഴുതിക്കുന്ന പാഠശാലകൾ മനസ്സുതുറക്കാനും, അതിനെ ആകാശത്തോളം സ്വതന്ത്രമാക്കാനും, സന്തോഷിക്കാനും, കാര്യങ്ങൾ മനസ്സിലാക്കാനും,പരസ്പരം സ്നേഹിക്കാനും ,ബഹുമാനിക്കാനും, ഇളംമനസ്സിൽ ആത്മവിശ്വാസവും, ഉൾക്കാഴ്ചയും, സഹവർത്തിത്വ മനോഭാവവും, സമഭാവനയും വളർത്തേണ്ട കളരികൾ ആണ് വിദ്യാലയങ്ങൾ. സ്വപ്നങ്ങൾ കാണുകയും ,നാടിനെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഗവൺമെന്റ് എൽ പി എസ് ചെമ്പൂര് സുപ്രധാനമായ പങ്കു വഹിക്കുന്നു.