വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തച്ചനാട്ടുകര സാംസ്കാരത്തിന്റെ  ഈറ്റില്ലം

                                       

                പാലക്കാട് ജില്ലയും മലപ്പുറം ജില്ലയും അതിർത്തിപങ്കിടുന്ന തച്ചനാട്ടുകര സാംസ്കാരിക ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനം അലങ്കരിക്കുന്നു, മഹാഭാരത കഥയിലും പറയിപെറ്റ പന്തിരുകുലത്തിന്റെ വംശകഥകളിലും തച്ചനാട്ടുകരക്കും ഇടമുണ്ടെന്നത് സ്മരണീയമാണ്. ടിപ്പുവിന്റെ പടയോട്ടത്തിനും തച്ചനാട്ടുകര സാക്ഷ്യം വഹിച്ചു. മഹാഭാരതകഥയുമായി ബന്ധപ്പെട്ട് പാണ്ഡവന്മാർ അഞ്ജാതവാസക്കാലത്ത് താമസിച്ച അരക്കില്ലം തച്ചാനാട്ടുകരക്കടുത്ത സ്ഥലത്തായിരുന്നെന്നും (അരക്കുപറമ്പ്) ഇതിൽ നിന്നും രക്ഷപ്പെടാൻ രഹസ്യവഴി പറഞ്ഞു നൽകിയ തച്ചന് എട്ടുകര സമ്മാനമായി നൽകിയെന്നും തച്ചന് എട്ടുകര എന്നത് ലോപിച്ചാണ് തച്ചനാട്ടുകര എന്നായി മാറിയതുമെന്നാണ് സ്ഥലനാമപുരാണം.

             സമ്പൽ സമൃദ്ധിയുടെ ഐതിഹ്യകഥകൂടി തച്ചനാട്ടുകരയോട് ചേർത്തു വക്കാനുണ്ട്. പ്രൗഢമായ 365 ഇല്ലങ്ങൾ തച്ചനാട്ടുകരയിൽ ഉണ്ടായിരുന്നു എന്നും ഒരോന്നിലും വച്ച് ഒാരോ ദിവസവും സദ്യ ഉണ്ടായിരുന്നതിനാൽ ക്ഷാമമെന്തെന്ന് തച്ചനാട്ടുകര അറിഞ്ഞിരുന്നില്ലെന്നും ഐതിഹ്യം പറയുന്നു. ഇതിൽ അസൂയപൂണ്ട അന്യദേശക്കാർ ജേഷ്ഠ ഭഗവതിയെ കൊണ്ടുവന്ന് കുടിവച്ചെന്നും അതോടെ ഇല്ലങ്ങൾ ക്ഷയിച്ച് നാമാവശേഷമായെന്നും പറയപ്പെടുന്നു. ജേഷ്ഠാ ഭഗവതിയുടെ ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇപ്പോൾ കോട്ടോപ്പാടം പഞ്ചായത്തിലുള്ള  മേലെ കൊടക്കാട്  ഇന്നുമുണ്ട്.  കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന ഗ്രന്ഥത്തിൽ ഈ ക്ഷേത്രത്തെപ്പറ്റി സൂചനയുണ്ട്.

                  വരരുചിയുമായ ബന്ധപ്പെട്ട പന്തിരുകുലത്തിലെ നാറാണത്ത്         ഭ്രാന്തനൂം തച്ചനാട്ടുകരയും തമ്മിലുള്ള ബന്ധം പരാമർശിക്കപ്പെടേണ്ടതാണ്. തൂതപ്പുഴ(മുറിയങ്കണ്ണിപ്പുഴ)യുടെ കരയിൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ചെത്തല്ലൂർ നാരായണമംഗലത്ത് മനക്കാർ എടുത്തുവളർത്തിയെന്നും ഇദ്ദേഹം കല്ലുരുട്ടിക്കയറ്റിയിരുന്നു കുന്നാണ് പിന്നീട് ചെത്തല്ലൂർ ഭ്രാന്തൻകുന്ന് എന്നറിയപ്പെട്ടതെന്നും പഴമക്കാർ പറയുന്നു. ഇദ്ദേഹത്തിന്റെ സ്മരണക്കായി മൂലം ഊട്ട് എന്ന ചടങ്ങ് ചെത്തല്ലൂരിൽ ഇന്നും നടന്നു വരുന്നു.

          ടിപ്പുവിന്റെ പടയോട്ടം നടന്നതെന്നു കരുതുന്ന മാണിക്കപ്പറമ്പ് റോഡിന് ടിപ്പുസുൽത്താൻ റോഡെന്ന് പേരുവന്നത് ഈ സ്മരണയിലാണ്.

          സ്വാതന്ത്ര്യസമരത്തിന്റെ കനലേടുകളിലും തച്ചനാട്ടുകരയുടെ സ്ഫലിംഗങ്ങളുണ്ട്. 1921 ലെ ഖിലാഫത്ത് ലഹളയുമായി ബന്ധപ്പെട്ട് പ്രാദേശികമായി രൂപപ്പെട്ട സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് കലക്ടർ നേരിട്ടെത്തി താമസിച്ച ബംഗ്ളാവ് കാലത്തെ അതിജീവിച്ച് ഇന്നുമുണ്ട്. അടുത്തകാലം വരെ നാട്ടുകൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. നാട്ടുകൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടതും ഈ കാലയളവിലാണ്. ലഹളയിൽ ഏർപ്പെട്ടവരിൽ ചിലരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊല്ലുകയും പലരെയും വിചാരണക്ക് ശേഷം ആൻഡമാൻ നിക്കോബാർ ദീപുകളിലേക്ക് നാടുകടത്തുകയും ചെയ്തതായി ചരിത്രം പറയുന്നു. ചളപ്പറമ്പിൽ കുഞ്ഞാപ്പ എന്നയാൾ ഗൂർഖ റജിമെന്റിന്റെ വെടിയേറ്റ് രക്തസാക്ഷിയായി. ലഹളയുടെ മറവിൽ സാമൂഹ്യദ്രോഹികൾ ചെത്തല്ലൂർ ഭാഗത്തെ പുതുമനശേരി, അത്തിപ്പറ്റ മനകൾ ആക്രമിക്കുമെന്ന നിലയായപ്പോൾ കരിങ്കല്ലത്താണി, പൂവത്താണി ഭാഗത്തെ മുസ്‌ലിം കുടുംബങ്ങളാണ് ഇവർക്ക് സംരക്ഷണം നൽകിയതെന്നും പഴമക്കാർ പറയുന്നു. ഖിലാഫത്ത് ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണക്കാക്കി പിന്നീട് ഇവർക്കും അനന്തരാവകാശികൾക്കും സ്വാതന്ത്ര്യസമര പെൻഷൻ അനുവദിച്ചിരുന്നു. കാരയിൽ അബ്ദുള്ള ഹാജി, പുത്തനങ്ങാടി കിഴക്കേത്തലക്കൽ അബ്ദുള്ള മുസല്‌യാർ, പൊതിയിൽ തൊട്ടിപ്പറമ്പിൽ  ആവുള്ള ഹാജി, പൊതിയിൽ കുഞ്ഞയമ്മു, പുഴക്കൽ പോക്കർ, കൂടേങ്കലം അയമു, പട്ടംതൊടി മമ്മു, കല്ലായി വീരാൻ, തച്ചൻകുന്നൻ  കുഞ്ഞാലൻ, അഴകുവളപ്പിൽ കുഞ്ഞയമ്മു, കുറുമ്പോട്ടുതൊടി ഖാദർ,കലമ്പറമ്പിൽ മമ്മു, കലമ്പറമ്പിൽ അഹമ്മദ് എന്നിവരാണ് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ടവരെന്ന് രേഖകൾ പറയുന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത്‍ മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ച് നാട്ടുകൽ ഗാന്ധി എന്ന പേരു സമ്പാദിച്ച മുതിയിൽ ഗോവിന്ദൻ നായർ,  ചെത്തല്ലൂർ വാഴേങ്കണ്ടത്തിൽ ശങ്കരനാരായണവാര്യർ എന്നിവരെ സർക്കാർ താമ്രപത്രം നൽകി ആദരിച്ചിരുന്നു.  ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഇന്ദിരാ ഗാന്ധി എന്നിവർ തച്ചനാട്ടുകര സന്ദർശിച്ചിരുന്നതായും രേഖകളിലുണ്

               കെജി.ചെത്തല്ലൂർ എന്ന പ്രഫസർ.കെ.ഗോപാലകൃഷ്ണൻ തച്ചനാട്ടുകരയുടെ സാഹിത്യപാരമ്പര്യം മലയാളത്തിൽ എഴുതിച്ചേർത്ത സാഹിത്യകാരനാണ്. സമഗ്ര സംഭാവനക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ വിവി.നീലകണ്ഠൻ, എസ് വി.രാമനുണ്ണി, പൂന്താനം അവാർഡ് നേടിയ രാജഗോപാലൻ നാട്ടുകൽ, കൽക്കത്ത രബീന്ദ്ര ഭാരതി സർവകലാശാലയിൽ ചെണ്ട അധ്യാപകനായ ഡോ.പനങ്കുറുശി ഗോപൻ, പനങ്കുറുശി ദാസൻ, കഥകളി രംഗത്തെ പ്രതിഭകളായ കലാമണ്ഡലം അച്ചുതൻ, സദനം സദാനന്ദൻ, അത്തിപ്പറ്റ രവി, കൊറണേംകാട്ടിൽ വിജയൻ, ഇലത്താളം കലാകാരൻ ചെത്തല്ലൂർ ഹരി,  വേദാചാര്യൻ ഇടമന വാസുദേവൻ നമ്പൂതിരി, സാഹിത്യരംഗത്തും സിനിമ രംഗത്തും പ്രതിഭ തെളിയിച്ച കെ.ആർ.ചെത്തല്ലൂർ, ആക്ഷേപഹാസ്യവും ലേഖനങ്ങളും എഴുതുന്ന എംഎംആർ മണ്ണാർക്കാട്,  അരിയൂർ ഗോവിന്ദൻകുട്ടി, തന്ത്രി കുമാരസ്വാമി ഭട്ടതിരിപ്പാട്,  വൈദ്യശാസ്ത്ര രംഗത്ത് ഭാസ്കരൻ വൈദ്യർ ഡോ.ജയകൃഷ്ണൻ, ‍ഡോ.സത്യനാരായണൻ, ഡോ.അബ്ദുൾ റഹ്മാൻ, ഡോ.ഫാറൂഖ്, ജ്യോതിശാസ്ത്ര രംഗത്ത് പുളിയത്ത് വിജയകുമാർ, കെ.ബാലസുബ്രഹ്മണ്യൻ, കൊമ്പ് വാദന വിദഗ്ധൻ കൊടലപ്പറ്റ ശ്രീധരൻ, കുറും കുഴൽ വാദകൻ രാജേഷ്, ചാക്യാർകൂത്തിൽ കലാമണ്ഡലം അനൂപ്, ഒാട്ടൻതുള്ളലിൽ കലാമണ്ഡലം രുഗ്മിണി, ചെണ്ടമേള കലാകാരന്മാരായ കൊടക്കാട് സുന്ദരൻ, രാമകൃഷ്ണൻ, സൂബ്രഹ്മണ്യൻ, കറുപ്പൻ,  വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ ഇടപെടൽ നടത്തുന്ന പി.ഹനീഫ മാസ്റ്റർ, മികച്ച സംഘാടകനും , അത്‌ലറ്റും ഫുട്ബാൾ റഫറിയും പരിശീലകനുമായ പി.കുഞ്ഞലവി മാസ്റ്റർ, മികച്ച ഫുട്ബാളറായ ചീനൻ ഷൗക്കത്ത്,  ആൾ ഇന്ത്യ ഫു‍ട്ബാൾ അസോസിയേഷൻ റഫറി അംഗീകാരം ലഭിച്ച എ.പ്രശാന്ത് , സുബ്രതോ ടൂർണമെന്റ് കേരള ടീം അംഗമായ എം.അനസ് , മികച്ച ഫുട്ബാൾ താരങ്ങളായ പി.ആഷിഖ്, രാജു എന്നിവരും തച്ചനാട്ടുകരയുടെ പ്രശസ്തിയുയർത്തി.

               പി.സ്മിജിത് എന്ന യുവ സൗണ്ട് എഞ്ചിനീയറിലൂടെ സംസ്ഥാന സിനിമ അവാർഡ് തച്ചനാട്ടുകരയെ തേടിയെത്തി. നാടകനടൻ സുന്ദരൻ തലശേരി, ചവിട്ടുകളി കലാകാരൻ സി.രാമകൃഷ്ണൻ,  നാടൻപാട്ട് ഗായകൻ വിനോദ് ബാബു, എഴുത്തച്ഛൻ അവാർഡ് നേടിയ അസറുദ്ദീൻ, കിളിയുടെ സ്വപ്നം എന്ന കവിതാ സമാഹാരം പുറത്തിറക്കിയ അശ്വതി വാര്യർ, ആനൂകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും സാഹിത്യരചന നടത്തിവരുന്ന സിദ്ദീഖ് ചെത്തല്ലൂർ, സിപി.ബാലകൃഷ്ണൻ തച്ചനാട്ടുകര, വിനോദ് ചെത്തല്ലൂർ, ആരിഫ ഹസൈനാർ, പ്രദീഷ്, ചിത്രകാരൻ സികെ.സുധീർകുമാർ, ഡോ.ടിഎസ്.രാമചന്ദ്രൻ, പ്രഫ.നാരായണൻകുട്ടി, പ്രഫ.മുഹമ്മദാലി, മാധ്യമപ്രവർത്തകനായ ഷാജഹാൻ നാട്ടുകൽ, യുവ ഗായകൻ സൽമാൻ യാസിൻ, സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെന്റ് കേരളടീം അംഗമായിരുന്ന പി.അനസ്,  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ എകെ.അഭിജിത്ത് എന്നിവർ തച്ചനാട്ടുകരയുടെ അടയാളങ്ങളാണ്. ദില്ലിയിൽ വച്ച്  ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് സംഘടിപ്പിച്ച ഇൻസ്പപയർ മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് കുണ്ടൂർക്കുന്ന് വിപിഎയുപി സ്കൂൾ വിദ്യാർഥിയായ കെ.ആതിരയും പങ്കെടുക്കുകയുണ്ടായി.

                         ദാരു ശില്പകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചെത്തല്ലൂർ ആറൻകുണ്ട് നാരായണൻ ആചാരി, ശബരിമല മേൽശാന്തിയായി നിയമിക്കപ്പെട്ട കുണ്ടൂർക്കുന്ന് വരിക്കാശേരി മനക്കൽ വാസുദേവൻ നമ്പൂതിരി,  എന്നിവർ തച്ചനാട്ടുകരയുടെ ശോഭയുയർത്തി. ആധുനിക തച്ചനാട്ടുകരയുടെ ശില്പികളായ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന സി.പി.കൃഷ്ണൻകുട്ടി ഗുപ്തൻ, ടി.തറീക്കുട്ടി ഹാജി, വിവി.നാരായണൻ നമ്പൂതിരിപ്പാട്,  ആദ്യകാല ആരോഗ്യ പ്രവർത്തകരായ കുന്നത്ത് ശങ്കരഗുപ്തൻ, കുന്നത്ത് രാമഗുപ്തൻ, കെ.രവീന്ദ്രൻ, വാസുദേവൻ എന്നിവരുടെ സേവനവും ഗ്രാമം ഒാർക്കുന്നതാണ്. ആദ്യകാല അധ്യാപകരായ രാഘവ പണിക്കർ, അത്തിപ്പറ്റ കൃഷ്ണൻ നമ്പൂതിരി,  മാധവഗുപ്തൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, ഗോപാലമേനോൻ, എൻഎൻ.മൂസത്, ടിഎം.എസ് നമ്പൂതിരിപ്പാട്, കെ.കൃഷ്ണൻകുട്ടി പണിക്കർ, കാരുതൊടി രാമൻ മാസ്റ്റർ,കാരുതൊടി ആപ്പ മാസ്റ്റർ, ദാക്ഷായണി ടീച്ചർ, കുമാരൻ മാസ്റ്റർ, ഭാർഗവി ടീച്ചർ,  ഉണ്ണി ആയിച്ചൻ മാസ്റ്റർ, രാഘവവാര്യർ, ഉമ്മർ മാസ്റ്റർ, വീരാവുണ്ണി മാസ്റ്റർ, അച്ചുത വാര്യർ മാസ്റ്റർ, എന്നിവർ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്.

                 ചെത്തല്ലൂർ പനങ്കുറുശി ഭഗവതി ക്ഷേത്രം, അത്തിപ്പറ്റ നാഗകന്യക ക്ഷേത്രം, ചെത്തല്ലൂർ ശിവശൈലേശ്വരം, ചെത്തല്ലൂർ ശ്രീകൃഷ്ണക്ഷേത്രം, അപൂർവമായ ബലരാമക്ഷേത്രം, ഇളംകുന്ന് മഹാവിഷ്ണുക്ഷേത്രം, പാലോട് പഴഞ്ചേരി ശിവക്ഷേത്രം, ചെങ്കല്ലിൽ ശില്പകലയുള്ള തെഞ്ചീരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വേട്ടക്കൊരുമകൻ കാവ്, കുറുമാലി ഭഗവതി ക്ഷേത്രം, കുണ്ടൂർക്കുന്ന് മുല്ലക്കൽ, കീഴ്ശേരി ശിവക്ഷേത്രങ്ങൾ എന്നീ ക്ഷേത്രങ്ങളും നാട്ടുകൽ ജുമാമസ്ജിദ്, വലിയുള്ളാഹി മഖാം, ദേശീയപാത കാരയിൽപുറത്തെ അപൂർവമായ സ്രാമ്പി, പൊതിയിൽ പള്ളി, പാറമ്മൽ പള്ളി, പാറമ്മൽ മഖാം, പാറപ്പുറം പള്ളി എന്നീ ആരാധനാലയങ്ങളും തച്ചനാട്ടുകരയിലുണ്ട്.  ഉത്സവങ്ങളിൽ ജാതിമത ഭേദമെന്യേ എല്ലാവരും പങ്കെടുക്കുന്നു. ചവിട്ടുകളി, നായാടി കളി, പൂതനും തിറയും, ചെണ്ടമേളം, തോൽപ്പാവക്കൂത്ത്, കളമെഴുത്ത്, കോൽക്കളി എന്നിങ്ങനെ വിവിധകലകളുടെ കൂടി ഭൂമിയാണ് തച്ചനാട്ടുകര. അപൂർവമായ കലയായ പുരുഷന്മാരുടെ കൈകൊട്ടിക്കളി തച്ചനാട്ടുകര കാരാട് ഗ്രാമത്തിന്റെ സവിശേഷതയാണ്. അയ്യപ്പൻവിളക്ക് ആശാന്മാർ, തച്ചുശാസ്ത്ര വിദഗ്ധർ  ഇന്നും തച്ചനാട്ടുകരയിലുണ്ട്. പൊറാട്ടുകളി, ഭഗവതിപ്പാട്ട് കലാകാരന്മാരും തച്ചനാട്ടുകരയിലുണ്ടായിരുന്നു.

               ആയുർവേദം, ജ്യോതിശാസ്ത്രം, നാട്ടുവൈദ്യം, വിഷവൈദ്യം, തച്ചുശാസ്ത്രം എന്നിവയിൽ പ്രാവീണ്യമുള്ള നിരവധിപേർ പഴമക്കാർക്കിടയിലുണ്ടായിരുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ പുളിയത്ത് കൃഷ്ണൻകുട്ടി ഗുപ്തൻ,, നാട്ടുവൈദ്യന്മാരായ കുഞ്ഞാപ്പ വൈദ്യർ,  വിഷ ചികിത്സകരായിരുന്ന കദീജ ഉമ്മ, ചേരിക്കല്ലിൽ അപ്പുകുട്ടി ഗുപ്തൻ ആയുർവേദാചാര്യന്മാരായ ശങ്കുണ്ണി വൈദ്യർ,, ഉണ്ണി വൈദ്യർ., ചാമി വൈദ്യർ, തെയ്യൻ വൈദ്യർ, ഹൈദ്രസ് മുസലിയാർ, തച്ചുശാസ്ത്ര വിദഗ്ധരായിരുന്ന മുടായിൽ ശേഖരൻ തെഞ്ചീരി ശേഖരൻ,മലബാർ ഡിസ്ട്രിക് ബോർഡ് അംഗമായിരുന്നു കാരുതൊടി കുഞ്ഞൻ, ഇന്ത്യ പാക് യുദ്ധത്തിൽ വീരചരമം പ്രാപിച്ച  ജവാൻ കാരുതൊടി അയ്യപ്പൻ, ചെത്തല്ലൂർ ബാലകൃഷ്ണൻ നായർ എന്നിവരെല്ലാം തച്ചനാട്ടുകരയുടെ കെടാവിളക്കുകളാണ്..

                മേലെ പാലോട് പ്രവർത്തിച്ചിരുന്ന ഖാദി നൂൽനൂൽപ് കേന്ദ്രം, ചെത്തല്ലൂരിൽ ഇന്നും പ്രവർത്തിക്കുന്ന നൂൽനൂൽപ് കേന്ദ്രങ്ങൾ, പാലോട് ചന്ത, പൂവത്താണി ചന്ത, പാലോട് ആനത്തറവാട്, കരിങ്കല്ലത്താണിയിലും കുണ്ടൂർക്കുന്ന് പുല്ലാനിവട്ടയിലും ഉള്ള ചുമടുതാങ്ങികൾ എന്നിവയെല്ലാം തച്ചനാട്ടുകരയുടെ പ്രൗഡികളാണ്.ചെത്തല്ലൂർ കുനിയങ്ങാട്ട് വീട്ടുകാരുടെതായി ഇന്നും ആനകളെ തച്ചനാട്ടുകരയിൽ പരിപാലിച്ചുവരുന്നുണ്ട്. വിദേശികളടക്കം സന്ദർശിക്കുന്ന ചെത്തല്ലൂർ ആദിത്യ ആയുർവേദ കേന്ദ്രം, പത്തിലധികം സർപ്പക്കാവുകൾ എന്നിവയും തച്ചനാട്ടുകരയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കൃഷി, കന്നുകാലി വളർത്തൽ, കൈതയോല കൊണ്ടുള്ള പായനിർമാണം, പുൽപ്പായ നിർമാണം, ഈറ്റ, മുള എന്നിവ കൊണ്ടുള്ള വട്ടി, കുട്ട, മുറം നെയ്ത്ത്, ഇരുമ്പുപണി, മര ഉരുപ്പടികളുടെ നിർമാണം തുടങ്ങി വൈവിധ്യമാർന്ന നിരവധി തൊഴിലുകളുടെയും ഇടമായിരുന്നു തച്ചനാട്ടുകര,

               നൂറുവർഷത്തിന് മേൽപഴക്കമുള്ള കരിങ്കല്ലത്താണി ഗവ എൽപി സ്കൂൾ, പഴഞ്ചേരി ഗവ എൽപി സ്കൂൾ, തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് സ്ഥാപിച്ച കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം, കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ, മാണിക്കപ്പറമ്പ് സാർക്കാർ ഹൈസ്കൂൾ ‍, ലെഗസി സ്കൂൾ, ചെത്തല്ലൂർ യുപി സ്കൂൾ, അണ്ണാൻതൊടി എൽപി സ്കൂൾ, ചാമപ്പറമ്പ് എൽപി സ്കൂൾ, നാട്ടുകൽ എൽപിസ്കൂൾ, നാട്ടുകൽ ഐൻഐസി ഹയർസെക്കണ്ടറി സ്കൂൾ, ബിരുദ പഠനമുള്ള നാട്ടുകൽ വാഫി കോളേജ് തുടങ്ങി ഇന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തച്ചനാട്ടുകരയിലുണ്ട്.

          ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിച്ച തൊടുക്കാപ്പ്  മയിലാടും കുന്ന് നിക്ഷിപ്തവനം തച്ചനാട്ടുകരയുടെ പ്രകൃതി സ്വത്താണ്. മദ്രാസ് ഗവർണർ ആയിരുന്ന ലോർഡ് റീഡിങ് മദ്രാസിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോൾ മയിലാടുംകുന്നിൽ താമസിച്ചതായി വില്യം ലോഗന്റെ മലബാർ മാന്വലിൽ പറയുന്നുണ്ട്.കെഎൻ പണിക്കരുടെ കേരള പത്രിക എന്ന പുസ്തകത്തിൽ  കരിങ്കല്ലത്താണിയെപ്പറ്റി സൂചനയുണ്ട്. പ്രാചീന കാലത്തിന്റെ സൂചനകളായി പലയിടത്തുനിന്നും നന്നങ്ങാടികളും കണ്ടെത്തിയിട്ടുണ്ട്.               

             മഹാശിലായുഗ കാലഘട്ടത്തിലേതെന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ച മാണിക്കപ്പറമ്പിലെ ചെങ്കൽ ഗുഹ, ഇവിടത്തെ പറമ്പുകളിൽ കാണപ്പെടുന്ന ഭൂഗർഭ തുരങ്കങ്ങൾ, കുറുമാലിക്കാവ് ഭാഗത്തെ അയിരുമടകൾ, പുതുമനക്കുളമ്പ്, പാലോട് ഭാഗത്തെ ജലസേചന കിടങ്ങുകൾ, മുറിയങ്കണ്ണിക്കടവ്, ഭ്രാന്തൻകുന്ന്, പ്രകൃതിരമണീയമായ നാഗകന്യക ക്ഷേത്രം, പുരാതന മനക്കെട്ടിടങ്ങൾ, നാട്ടുകൽ ബംഗ്ളാവ്, പനങ്കുറുശി ക്ഷേത്രം വടക്കേ നടയിലെ കൽപ്പടവിലുള്ള വട്ടെഴുത്ത് ലിപി തുടങ്ങി, ഇപ്പോൾ നാട്ടുകൽ മഖാമിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ശില എന്നിങ്ങനെ  സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ദൃശ്യങ്ങൾ തച്ചനാട്ടുകരയിലുണ്ട്

--ദേശീയ അധ്യാപക അവാർഡ്-2024--

സ്കൂൾ

ദേശീയ അധ്യാപക അവാർഡ്-2024

അധ്യാപകനായ കെ ശിവപ്രസാദിന് 2022ലെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു 2024 ൽ ഇദ്ദേഹത്തിന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2024 സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങ് രാഷ്ട്രപതി ദ്രൗപതിമൂർമുവിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി.