എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഊർജ്ജിത നടത്തിപ്പിനായി സ്കൂൾ വർഷാരംഭത്തിൽതന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം - അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഷൈനിയുടെ നേതൃത്വത്തിൽ, വാർഡ് മെമ്പർ ശ്രീമതി സ്വപ്ന ജോയൽ പി ടി എ, എം പി ടി എ പ്രസിഡന്റുമാർ, സ്കൗട്ട് - ഗൈഡ് ക്യാപ്റ്റൻമാർ, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് സംഘടനയിലെ അംഗങ്ങൾ, അദ്ധ്യാപകർ, പ്ലക്കാർഡേന്തിയ കുട്ടികൾ എന്നിവർ അണിനിരന്ന വർണ്ണ ശബളമായ റാലിയോടെ ദിനാചരണ പരിപാടികൾ ആരംഭിച്ചു. വൃക്ഷത്തൈ വിതരണോത്ഘാടനം പ്രിൻസിപ്പാൾ ശ്രീ. U .K സ്റ്റീഫൻ സാറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് School ന് സമീപത്ത് താമസിക്കുന്ന 8 കുട്ടികൾക്ക് അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ എത്തിച്ചു കൊടുത്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഐക്യദാർഢ്യത്തോടെ പ്രതിജ്ഞ ഏറ്റുചൊല്ലി. അദ്ധ്യാപക പ്രതിനിധി ശ്രീ ബാബു ചൊള്ളാനി പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന Flash mob കുട്ടികൾ അവതരിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി ബിജിമോൾ മാത്യു ആശംസകളർപ്പിച്ചു. ചുവർപത്രിക മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ ചുവർപത്രിക പ്രദർശനം നടന്നു. ഏറ്റവും മികച്ച ചുവർപത്രികയ്ക്ക് ക്ലാസ്സടിസ്ഥാനത്തിൽ സമ്മാനം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രവീൺ സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്വിസ്സ്, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിച്ചു. സ്കളിലെ കുട്ടിവനത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ വെള്ള സംഭരണിയുടെ പരിസരം ശുചീകരിച്ചു. അങ്ങനെ ഈ അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയമാക്കി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നു .