സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/സഭാചരിത്രം
ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃതനായിരുന്നു.“സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം'എന്ന സങ്കൽപം ഇന്ത്യൻ ഭരണഘടനയിൽ
എഴുതിച്ചേർക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാപനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവത്തിന് വി.ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865-ൽ വി.ചാവറയച്ചൻ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനുബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാതെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രാഥമികമായ തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതിയിലും തുല്ല്യതയിലും അടിയുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള വി.ചാവറയച്ചന്റെ ആഹ്വാനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.
സഭാപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനവുമായി കണ്ണിചേർക്കുന്ന, ആധ്യാത്മിക നയത്തിന്റെ ആദ്യ നാമ്പുകൾ നമുക്ക് വി.ചാവറയച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പ്രവർത്തനങ്ങളും മാത്രം പോര,അവ നൽകുന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനിക്കോ തന്റെ സമുദായത്തിനോ മാത്രമല്ല മറിച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും വി.ചാവറയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായിരുന്നു.
സഭാചരിത്രത്തിലോ മറ്റേതെങ്കിലും മതസമൂഹങ്ങളുടെ ചരിത്രത്തിലോ വി.ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമുണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണമെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബലത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനുബന്ധ ജോലിയുമായി നടന്നിരുന്ന സാധാരണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗതിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നടക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥമാക്കിയ ഉയർന്ന വിദ്യാഭ്യാസനിലവാരത്തിനും ജീവിത വിജയത്തിനും കാരണമായിത്തീർന്നതും ചരിത്രരേഖയായി മാറിയ വി.ചാവറയച്ചന്റെ ഈ ആഹ്വാനമാണ്.