സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

"ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ് നാമം.ദേവർകോവിലായി മാറിയതെങ്ങനെയെന്ന് അവ്യക്തത.കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരു പേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു....

മനുഷ്യന്റെ വിജ്ഞാന തൃഷ്ണയെ ശമിപ്പിക്കുവാൻ സമൂഹത്തിലെ ഉൾക്കാഴ്ചയുള്ളവർ മുന്നിൽ നടന്ന പാരമ്പര്യമുളള മണ്ണ്. മുസ്ലീങ്ങൾ ഓത്തുപള്ളിയും ഹൈന്ദവർ കുട്ടിപള്ളിക്കൂടങ്ങളും സ്ഥാപിച്ചു മാതൃകയായി. കേന്ദ്രീകൃതമല്ലാത്ത അന്നത്തെ വിദ്യാഭ്യാസരീതിയുടെ ബാക്കിപത്രമാണ് ഇന്ന് ശേഷിക്കുന്നതെല്ലാം. നാട്ടിലെ പൗരാണിക ജുമാമസ്ജിദായ കൊടക്കൽ പള്ളിയിലെ ഓത്തുപുരയിൽ തുടക്കംകുറിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്ന് കാണുന്ന ദേവർകോവിൽ KVKMMUP സ്കൂളിന്റെ അടിവേര്. ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട് സായൂജ്യമടഞ്ഞവർ പൂർവ്വവിദ്യാർത്ഥികളായ ഈ വിദ്യാലയത്തിന്റെ തുടക്കം പറയുന്ന എഴുതിവച്ച രേഖകളൊന്നും ലഭ്യമല്ല. സ്വാതന്ത്യസമരത്തിനും മലബാർകലാപത്തിനും മുമ്പെ വിദ്യാലയം തുടങ്ങി എന്നാണ് അനുമാനം. ബ്രീട്ടീഷ് സർക്കാർ അനുവദിച്ച ഏകാധ്യാപിക വിദ്യാലയം.

1932ൽ കൊടക്കൽ എയ്ഡഡ് മാപ്പിള എൽ.പി സ്കൂളായി.പ്രസ്തുത വിദ്യാലയത്തിലെ ആദ്യ മുസ്ലീം വിദ്യാർത്ഥിനി ഒദയോത്ത് ഉപ്പെണ്ണുമ്മ ആയിരുന്നുപോലും. മുസ്ലീം പെൺകുട്ടികൾ അക്ഷരമറിയരുതെന്ന് വിലക്കിയനാട്ടിൽ ഒരപൂർവ്വ വിപ്ലവം ഉപ്പെണ്ണിലൂടെ കുറിക്കപ്പെട്ടു. അതിനു നാന്ദി കുറിച്ചത് മദുമ്മൽ കുഞ്ഞബ്ദുല്ല മുസല്യാരായിരുന്നു. അഞ്ചാം തരം വരെ വലുതായ സ്ഥാപനം ഓത്തുപള്ളിയിൽ ഉൾക്കൊള്ളാതായപ്പോൾ 1945 ൽ ദേവർകോവിലിലേക്ക് പറിച്ച് നടപ്പെട്ടു. കുളമുള്ളതിൽ കുഞ്ഞമ്മത് ഹാജി ആദ്യ മാനേജരും വക്കത്ത് കുഞ്ഞിക്കണ്ണൻ ആദ്യ ഹെഡ് മാസ്റ്ററുമായി.തുടർന്ന് യഥാക്രമം കെ.കെ കുഞ്ഞമ്മത് മാസ്റ്റർ,പയപ്പറ്റ ബിയാത്തു ഹജ്ജുമ്മ എന്നിവരും മാനേജർമാരായി .പിന്നീ‌ട് വീണ്ടും കുളമുള്ളതിൽ കുഞ്ഞമ്മത് ഹാജി മാനേജർ ആവുകയും ശേഷം മകൻ കുളമുള്ളതിൽ മൊയ്തു പ്രസ്തുത സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.1995 വരെ അദ്ദേഹം തുടർന്നു. വിദ്യാഭാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ 1970 ല് സ്ഥാപനത്തെ യുപി യായി അപ്ഗ്രേഡ് ചെയ്തു.

1995 ൽ നുസ്റത്തുൽ ഇസ്ലാം സംഘം സ്കൂളിൻെറ നേതൃത്വം ഏറ്റെടുത്തു. മർഹൂം കെ.വി കുഞ്ഞമ്മദായിരുന്നു മാനേജർ തുടർന്ന് മർഹൂം ടി.വി.സി കുഞ്ഞമ്മദ് ഹാജി, കെ.ടി അബൂബക്കർ മൗലവി, വി. എ. സി ഇബ്രാഹിം ഹാജി എന്നിവർ വന്നു. ഇപ്പോൾ വി കെ അബ്ദുൽ മജീദ് അവറുകളാണ്. ചാത്തുക്കുറുപ്പ്, ഇബ്രാഹിം കരിയാട്, പി.കെ. കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 2003 മുതൽ പി.കെ നവാസ് ആണ് ഹെഡ് മാസ്റ്റർ. പഠന പാഠ്യേതര രംഗത്ത് തുല്ല്യതയില്ലാത്ത മുന്നേറ്റമായിരുന്നു പിന്നീട് ഓരോ വർഷവും. 1904 വിദ്യാർഥികളും 56 അധ്യാപകരും ഇന്ന് സ്ഥാപനത്തിലുണ്ട്. ഇഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രീപ്രൈമറിസ്കൂൾ എന്നിവ നിലവിലുണ്ട്. വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങളാൽ എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിവരുന്നത് വലിയ അംഗീകാരം തന്നെയാണ്. തുടർച്ചയയായി ഒന്നാം തരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അഡ്മിഷൻ നേടുന്ന ഖ്യാതി ദേവർകോവിൽ സ്കൂളിന് മാത്രം സ്വന്തമാണ് . ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂൾ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികൾ ,അനുയോജ്യമായ ഫർണ്ണിച്ചറുകൾ ആവശ്യത്തിന് പഠനോപകരണങ്ങൾ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂ‌‌ട്ടർ ഐ.ടി ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ ടോയിലറ്റുകൾ ലാബ് ലൈബ്രറി സംവിധാനങ്ങൾ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകർ, നിസ്തുല പിന്തുണയുമായി രക്ഷിതാക്കൾ, പരസ്പ്പരം മത്സരിക്കാതെ സ്വയം മസ്തരിക്കുന്ന വിദ്യാർത്ഥികൾ ,ആദരവുകൾ അഗീകാരങ്ങൾ അക്കാദമിക്ക് മികവുകൾ കലാകായിക മുന്നേറ്റങ്ങൾ ഈ സവിശേഷതകൾ വിദ്യാലയത്തെ മികവുറ്റമാക്കുന്നു. മാനേജ് മെന്റ് പി ടി എ , എം പി ടി എ എന്നിവരുടെ മാതൃകാപരമായ പിന്തുണയും പ്രവർത്തനവും നിസ്തുലമാണ്. പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും പിന്തുണ ഉറപ്പുവരുത്തി ഉന്നതി കൈവരിക്കുവാൻ വേണ്ടതെല്ലാം സ്കൂൾ ഒരുക്കി വെക്കുന്നു എന്ന പ്രത്യേകതയും വേറിട്ടതാണ്. ഗണിത ക്ലിനിക്ക്, ഗണിത പഠിപ്പുര ,ഷാർപ്പ്ഷൂട്ട്, ഈസി ഇംഗ്ലീഷ്, കൈത്താങ്ങ്, ടീച്ചേസ് എം പവർമെന്റ് ,മോറൽ എജുക്കേഷൻ, സേവനസേന ,കാരുണ്യ ചെപ്പ്, കാരുണ്യ നിധി, LSS,USS കോച്ചിംഗ് ,പിന്നോക്കക്കാർക്ക് നിശാ ക്ലാസുകൾ, പാരന്റിംഗ് പ്രോഗ്രാമുകൾ തുടങ്ങിയവയെല്ലാം ഞങ്ങളുടെ പൂർണതയെ പരിപോഷിപ്പിക്കുന്ന അന്വേഷണങ്ങളും പ്രവർത്തനങ്ങളുമാണ്...