എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എം.എസ്.യു.പി.എസ്.പേരിമ്പക്കോണം

കേരളീയ നവോത്ഥാന കാലഘട്ടത്തിൻ്റെ ഉത്തമ സന്താനങ്ങളിൽ ഉന്നത സ്ഥാനത്ത് വിരാജിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് 149 വയസ്സ് പൂർത്തിയാക്കിയ  എൽ.എം.എസ്.യു.പി.എസ്.പേരിമ്പക്കോണം. പൊതു സാംസ്ക്കാരിക സ്ഥാപനം എന്ന നിലയിൽ ഈ വിദ്യാലയത്തിൻ്റെ ചരിത്രം ഈ നാടിൻ്റെ സാംസ്ക്കാരിക മണ്ഡലത്തിൻ്റെ പുരാവൃത്തം കൂടിയാണ്.പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ ,അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

പിന്നിട്ട നാളുകൾ..... 

1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോട് ചേർത്ത് ഈ സ്കൂൾ രൂപീകൃതമായി.പാശ്ചാത്യ മിഷണറിമാരുടെ സഹായവും സഹകരണവും ഇതിൻ്റെ തുടക്കത്തിന് മുൻകൂട്ടായി. പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഒരു ജനതയുടെ പുരോഗമനവും, അക്ഷരജ്ഞാനവും ലഭ്യമാക്കുക എന്നതായിരുന്നു മിഷണറിമാരുടെ ലക്ഷ്യം.

ശ്രീ.ആരതൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.04.06.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ.കെ.ജി മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശ്രീ.ജേക്കബ് ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ 1890-ൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമ്മിതമായി.

 ഇന്ന് ......

പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളുകളിലൊന്നായി എൽ.എം.എസ്.യു.പി.എസ് പേരിമ്പക്കോണം മാറിയിട്ടുണ്ട്. 1 മുതൽ VII വരെ ക്ലാസ്സുകളിലായി 264 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 55 കുട്ടികളും ഇവിടെ പഠിക്കുന്നു. ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതിനു പിന്നിൽ നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചിന്തയും വിയർപ്പുമുണ്ട് , ഒപ്പം ജനപ്രതിനിധികളുടെയും. ഈ സ്കൂളിൽ LP ,UP സെക്ഷനിൽ 15 ടീച്ചേഴ്സും ഒരു കമ്പ്യൂട്ടർ അധ്യാപികയും ഒരു ഓഫീസ് അറ്റൻഡറും 4 പ്രീ പ്രൈമറി ജീവനക്കാരും ഒരു പാചക തൊഴിലാളികളും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപികയായി ചുമതല വഹിക്കുന്നത് ശ്രീമതി. ജാസ്മിൻ കെ. എസ് ആണ് .ശ്രീമതി. എസ്. ബിന്ദു പി.റ്റി.എ പ്രസിഡൻറായും പ്രവർത്തിക്കുന്നു.സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ പ്രോജക്ടിന് രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു. കൂടാതെ 10-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിൽ നമ്മുടെ പ്രോജക്ടിന് ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു. പി.ടി.എ യുടെയും മാനേജ്മെൻ്റിൻ്റെയും നേതൃത്വത്തിൽ സ്കൂൾ വിജയത്തിലേയ്ക്കുള്ള ജൈത്രയാത്ര തുടരുന്നു.....