സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മദ്ധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ-സാമൂഹിക സാംസ്കാരിക നിർമ്മിതിയിൽ പ്രിൻസ് സ്കൂളുകൾ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ഇന്നത്തെ തിരുവല്ല കുട്ടനാട് താലൂക്കുകളിൽ, അടിസ്ഥാനപരമായി സാമൂഹികമായൊരു വിപ്ലവം സൃഷ്ടിക്കുവാൻ പ്രിൻസിന് കഴിഞ്ഞിട്ടുണ്ട്.
            ഫ്യൂഡൽ വ്യവസ്ഥയും ജാതിവ്യവസ്ഥകളും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുവാനുള്ള ഏക ആശ്രയം അപ്പർ കുട്ടനാട്ടിലെ പ്രിൻസ് മാത്രമായിരുന്നു. തിരുവല്ലാ പട്ടണത്തിലെ സ്കൂളിൽ അഡ്മിഷന് പ്രത്യക്ഷമായും പരോക്ഷമായും ചില മാനദണ്ഡങ്ങൾ പുലർത്തിയിരുന്നപ്പോൾ -അത് മതപരമാകാം, ജാതിവ്യവസ്ഥയനുസരിച്ചാകാം, സാമ്പത്തികനിലയനുസരിച്ചുമാകാം- പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മയിൽ യാതൊരാൾക്കും അഡ്മിഷൻ നിഷേധിച്ചിരുന്നില്ലായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കർഷകന്റെയും കർഷകത്തൊഴിലാളികളുടെയും, സവർണ്ണന്റെയും അവർണ്ണന്റെയും കുട്ടികൾ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന വിദ്യാലയം.
              പത്ത് ഏക്കറോളം സ്ഥലത്ത് നിരനിരയായി കെട്ടിടങ്ങൾ, ഏറെ വിസ്തൃതമായ കളിസ്ഥലം, ഏറെ വലിപ്പമുള്ള ഓഡിറ്റോറിയം സംസ്ഥാനത്തെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനാകാത്ത പ്രത്യേകതകൾ. എല്ലാം 'ഒരൊറ്റയാൾ പട്ടാളം' പടുത്തുയർത്തിയതിന്റെ തുടർച്ചയാണെന്ന വസ്തുത സ്മരണീയമാണ്. അറുപതുകളിൽ, പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടും മുൻപ്, മത്സരപ്പരീക്ഷകൾക്ക് സംസ്ഥാനത്തെ മൊത്തം അപേക്ഷകരെയും ഒരൊറ്റ കേന്ദ്രത്തിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചിരുന്നത് പ്രിൻസിൽ വച്ചായിരുന്നു.

ഈ വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവർക്ക് ലക്ഷ്യബോധമുണ്ടായിരുന്നു. അല്ലെങ്കിൽ ലക്ഷ്യബോധമുണ്ടാക്കുവാൻ അധ്യാപകർക്ക് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ കൊടിയ അന്തരം നിലനിന്നിരുന്ന ആ അന്തരാള കാലഘട്ടം തരണം ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരുപിടി അധ്യാപകർ ധന്യാത്മാവുകളായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെട്ട വിവിധ പടവുകളിലുള്ളവർ മാതൃവിദ്യാലയത്തെയും അധ്യാപകരെയും ഏറെ ഗൃഹാതുരത്വത്തോടെയാണ് ഇന്നും സ്മരിക്കാറുള്ളത്.

           മാനേജ്മെന്റിന് തോന്നുംപടി അധ്യാപകർക്ക് ശമ്പളം നൽകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. രജിസ്റ്ററിൽ ഒപ്പിടുന്ന തുകയും കൈയിൽ കിട്ടുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ചിലപ്പോൾ മാനേജ്മെന്റിന് സുലഭമായ നെല്ലോ നാളികേരമോ ആയിരുന്നു ശമ്പളമായി നൽകിയിരുന്നത്. എന്നാൽ പ്രിൻസിലാകട്ടെ തുടക്കം മുതൽ അധ്യാപകർക്ക് മാന്യമായ വേതനം ലഭിച്ചിരുന്നതായി ആദ്യകാല അധ്യാപകർ ഓർമ്മിക്കുന്നു. ഒരുവേള പ്രിൻസിന്റെ വളർച്ചയുടെ അടിസ്ഥാന ശില ഇതുതന്നെയായിരിക്കാം. മാസാവസാനത്തെ കൃത്യമായ വേതനം അധ്യാപകരുടെ മാനസികാരോഗ്യം സുദൃഡമാക്കി. അത് ഉല്പ്പന്നമായി വിദ്യാർത്ഥികളിലേക്ക് സന്നിവേശിക്കപ്പെട്ടു. ഏതൊരു പ്രസ്ഥാനത്തിന്റെയും തുടക്കം ആത്മാർത്ഥതയും ലക്ഷ്യബോധവുമുള്ളതാണെങ്കിൽ അതൊരു മഹാപ്രസ്ഥാനമായി വളരുമെന്ന് പ്രിൻസ് സ്കൂളുകൾ സാക്ഷ്യപ്പെടുത്തുന്നു.