എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/മഴയിൽ മറഞ്ഞ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
മഴയിൽ മറഞ്ഞ വേദന

മഴ, അത് വേറിട്ടൊരു അനുഭൂതിയാണ്. മറ്റൊന്നിനുമത് അവകാശപ്പെടാനാവില്ല. കുട്ടികൾക്കെല്ലാവർക്കും മഴ ഇഷ്ടമാണ്. ബീച്ചിലും വാട്ടർ തീം പാർക്കുകളിലും ചെന്ന് എത്ര പ്രാവശ്യം വെള്ളത്തിലാറാടിയാലും ആകാശത്തുനിന്ന് വീഴുന്ന പരിശുദ്ധമായ ജലകണികകളുടെ നിലത്തു വീഴുമ്പോഴുള്ള ചിം ചിം ശബ്ദം, അതിലിറങ്ങിനിന്ന് ആസ്വദിക്കുന്നതിനോളം വരില്ല അതൊന്നും ചെറുപ്പം മുതലേ ഒരുപാടിഷ്ടമാണ് മഴയേ. ഇടവം മുതൽക്കുള്ള കാലവർഷപ്പെയ്‍ത്തിൽ ഞാൻ സദാ വീട്ടുമുറ്റത്തായിരിക്കും. തുലാവർഷത്തിലെ ഇടിയോടു കൂടിയ മഴയിൽ നേരെ തിരിച്ചായിരിക്കും. എങ്കിലും മിന്നൽ വെളിച്ചം കാരണം രാത്രി പകലാകുന്ന മായാദൃശ്യങ്ങൾ ജനാലച്ചില്ലിലൂടെ അമ്മയുടെ മാറിൽ അമർന്നിരുന്ന് ചെവി പൊത്തിക്കൊണ്ട് കാണുമായിരുന്നു ഞാൻ. എന്റെ മൂന്നാം വയസ്സിലെ കാലവർഷങ്ങളിൽ അങ്കണവാടിയിലേക്ക് പോകാതെ വീട്ടിലിരുന്ന് കളിച്ചുരസിക്കുകയായിരുന്ന എന്നെ അമ്മ വലിച്ചിഴച്ചും ചിലപ്പോൾ സാന്ത്വനവാക്കുകൾ പറഞ്ഞ് മയക്കിയും അവിടേക്കു കൊണ്ടുപോകുന്ന ദൃശ്യം അയൽവാസികൾക്കൊരു നിത്യകാഴ്ചയായിരുന്നു. എങ്കിലും ജനാലകളില്ലാത്ത ആ അങ്കണവാടിയിൽ കൂട്ടുകാരോടൊപ്പമിരുന്ന് കാറ്റിലൂടെ വരുന്ന ശീതൽ ഒരു തരി പോലും കളയാതെ ദേഹത്താക്കുന്നതും എനിക്കിഷ്ടമായിരുന്നു.


ഒരു വർഷത്തിനുശേഷം എനിക്ക് കുഞ്ഞനുജനുണ്ടായപ്പോൾ അവനും ഞാൻ മഴ വരുമ്പോൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പഠിച്ചു. പിന്നീട് എല്ലാ മഴ ദിവസവും എനിക്കു കിട്ടുമായിരുന്ന അടി അമ്മ പങ്കാളിത്തരേഖ കൈമാറുന്നതു പോലെ അഭിനവിനും കൊണ്ടുതുടങ്ങി. അങ്ങനെ ആ അടികൾ പതിവായി. എങ്കിലും ഞങ്ങൾക്കു മാറ്റമുണ്ടായില്ല. അതുവരെയില്ലാത്ത പല കളികളും അന്ന്, ആ മഴ ദിവസത്തിൽ ഞങ്ങൾ കളിക്കും. മഴത്തുള്ളികൾ ദേഹത്തു വീഴുന്ന കോരിത്തരിപ്പിൽ തുള്ളിച്ചാടുകയാണധികവും. മഴയെ മാത്രമല്ല, അതുകഴിഞ്ഞ് പാതിമാത്രം തോ‍ർത്തി തേജസ്വിനിയായി നിൽക്കുന്ന ഭൂമിയെ കാണാനും ഞങ്ങൾക്കിഷ്ടമായിരുന്നു. മഴയ്ക്കു ശേഷം ചേമ്പിലയിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികളുടെ വികൃതികൾ ഞാനാണ് എന്റെ കുഞ്ഞനുജനെ പഠിപ്പിച്ചത്. കൂടാതെ വെറും രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുചെടിയുടെ ഇലകളുടെ അറ്റങ്ങളിൽ തൂങ്ങിക്കിടക്കുന്ന വെള്ളത്തുള്ളിയെ നോക്കി ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച എന്നു പറഞ്ഞുകൊടുത്തതും ഞാനാണ്. അതെ, ഞാനതിന്നും പറയുന്നു..... പുതുമഴ പെയ‍്‍തൊഴിഞ്ഞ് പുതുമണം വിതറുന്ന മണ്ണിൽ നിന്നുയർന്നു വന്ന ചെടി, ആ ഇലകളിൽ തൂങ്ങിക്കിടക്കുന്ന മഴത്തുള്ളി, അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മി... അതുമതി. ആ നീർത്തുള്ളിയുടെ നൈർമല്യതയിൽ സർവവും ലയിച്ചു ചേരുന്നു. ആ നീർത്തുള്ളിക്ക് ഒരു ദ്വാരം കൂടിയുണ്ടായിരുന്നെങ്കിൽ കഴുത്തിലെടുത്തണിയാമായിരുന്നു എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പോൾ അതിൽപരം മനോഹാരിത എന്താണ്! അങ്ങനെ ഒരുപാട് മധുരസ്മരണകൾ എനിക്കു തന്നിട്ടുണ്ട് മഴ. അങ്ങനെയൊരു ദിവസമാണ് അതുണ്ടായത്.


അന്നെന്റെ പിറന്നാൾ ദിവസമായിരുന്നു ഇടവം പതിനഞ്ച്. എല്ലാവർക്കും പായസവും മിഠായിയും കൊടുക്കാൻ എന്നെക്കാൾ താല്പര്യം എന്റെ അനുജനായിരുന്നു. എല്ലാവർക്കും അത് കൊടുക്കാനുള്ള തിടുക്കത്തിൽ രാവിലെ തന്നെ അമ്പലത്തിൽ പോയി വരും വഴി എന്റെ ഏറ്റവും പ്രിയപ്പെട്ട എക്ലയർ മിഠായി തോമാസേട്ടന്റെ കടയിൽ നിന്നും വാങ്ങി. അമ്മയുടെ അടുത്തുനിന്ന് ചൂടാറും മുന്നെ പായസം തൂക്കുപാത്രത്തിലാക്കി വാങ്ങുകയും ചെയ്തു. പാത്രത്തിന്റെ അടപ്പ് മുറുക്കിയത് ഞാനാണ്. അമ്മ പ്രത്യേകം പറഞ്ഞിരുന്നു ചൂട് കൂടുതലാണെന്നും ഉണ്ണിയുടെ കയ്യിൽ കൊടുക്കരുതെന്നും. പാത്രം ആട്ടിയാട്ടി ഞാൻ നടക്കവേ ഉണ്ണിക്ക് ഒരാഗ്രഹം തോന്നി. അവന്റെ ഏറ്റവും പ്രിയപ്പെട്ട പരിപ്പു പായസം അവനു തന്നെ പിടിക്കണം. അതു കൊടുക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ പിടിവലിക്കൊടുവിൽ ആ മുറുക്കമില്ലാത്ത അടപ്പ് തെറിച്ച് ചൂടുള്ള പായസം രണ്ടുപേരുടേയും ദേഹത്തു വീണു. എന്റെ ശരീരത്തിനു സഹിക്കാവുന്നതായിരുന്നു അത്. എന്നാൽ വെറും രണ്ടുവയസ്സു മാത്രം പ്രായമുള്ള എന്റെ അനുജന് അത് സഹിക്കാവുന്നതായിരുന്നില്ല. അത് ദേഹത്തു വീണയുടൻ ചേച്ചീ... ചേച്ചീ... വേദനിക്കുന്നു... എന്നുപറഞ്ഞ് അവൻ കരയുകയായിരുന്നു. അവന്റെ കുഞ്ഞു വയറിൽ വീണ ആ ഒരുപിടി പായസം അധികമൊന്നുമില്ലെങ്കിലും ആ ഇളം ശരീരത്തെ ഒരുപാട് നോവിച്ചു. അവനെയെടുത്ത് അമ്മയുടെ അടുത്തേക്കുള്ള ഓട്ടത്തിനിടയിൽ എന്റെ കയ്യിലുണ്ടായിരുന്ന മിഠായിയും തൂക്കുപാത്രവും നിലത്തു വീണു. കുഞ്ഞു മനസ്സ് ഒരുപാട് പേടിച്ചുപോയി. അതാണവന് വേദന കൂട്ടിയത്. എന്നാൽ ഇങ്ങനെ സംഭവിച്ചതിൽ അവനേക്കാളേറെ വേദന എനിക്കായിരുന്നു. എന്റെ പിറന്നാൾ ദിവസം തന്നെ സംഭവിച്ചല്ലോ.. അച്ഛമ്മ എന്തൊക്കെയോ വിദ്യകൾ ചെയ്ത് അവന്റെ ദേഹത്തെ പൊള്ളൽ വെറും പാട് മാത്രമാക്കി മാറ്റി. എന്നാൽ അവന്റെ കരച്ചിൽ മാറ്റിയത് മഴയാണ്. എന്തു വന്നാലും മഴ പെയ്‍താൽ മുറ്റത്തേക്ക് ചാടിയിറങ്ങുന്ന എന്റെ ഉണ്ണിയുടെ അടുത്തേക്ക് മഴ വന്നു. മഴ വന്നാൽ തുള്ളിച്ചാടാറുള്ള ഞാനിന്ന് മൂകയായിരിക്കുന്നതു കണ്ട് അവൻ "വാ ചേച്ചീ... നമുക്ക് വഞ്ചി വിട്ടു കളിക്കാം" എന്ന്പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സു നിറഞ്ഞു. ഞാനും അവന്റെ കൂടെ കളിച്ചു. മഴ പോയപ്പോൾ ഞാനവനെ മാവിൻ ചുവട്ടിൽ കൊണ്ടുപോയി ദേഹത്ത് അട്ടാറുവെള്ളം വീഴ്‍ത്തി. സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി. വേദനകൾ മറന്ന് അവൻ ഒരു തുമ്പിയെപ്പോലെ നടന്ന് കളിക്കുന്നത് കണ്ടപ്പോൾ പ്രകൃതി എപ്പോഴും കൂടെയുണ്ടെന്നു തോന്നി.


ഇന്ന് ഉമ്മറത്തിരുന്ന് വേനൽമഴ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നതിതാണ്. എന്നാൽ കാലം മാറി. കൊറോണ വൈറസ് മൂലം ഈ മഴദിവസങ്ങൾ നിശ്ശബ്ദമായി. ഇപ്പോൾ പ്രകൃതി മുഖം തിരിച്ചു നിൽക്കുന്നു എന്നു തോന്നിയേക്കാം. എന്നാൽ പുതിയ ലോകത്തിന്റെ പ്രശ്നങ്ങൾ ഒരിക്കലും ആ അമ്മയുടെ തിരിച്ചടിയല്ല; രോദനമാണ്. നമ്മൾ ആ അമ്മയെ ഒരുപാട് നോവിച്ചില്ലേ? അതിൽ നിന്നുണ്ടായ ഈ പ്രശ്നങ്ങൾ കൊണ്ട് അമ്മ കരയുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. എങ്കിലും ഈ കൊറോണക്കാലം എല്ലാവരിലും ഒരു മാറ്റം സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്. മനുഷ്യരെല്ലാരും ഒന്നായ ചരിത്ര നിമിഷങ്ങളാണ് ഈ നാളുകൾ. ഇതുപോലെ മുന്നോട്ട് പോയാൽ അമ്മ കണ്ണീരു തുടച്ച് പുഞ്ചിരി തൂകിക്കൊണ്ട് നമ്മെ സഹായിക്കാൻ വരും. അങ്ങനെ ഈ ദിനങ്ങളെ നാമൊരുമിച്ച് തുടച്ചു നീക്കും. പുതിയ പുലരിയിൽ ഭൂമിയും അമ്മയുടെ മക്കളും നൃത്തം വെയ്ക്കും. അങ്ങനെ അമ്മയെ അനുസരിച്ച്, സഹോദരങ്ങളായ ജീവികളെ സ്നേഹിച്ച്, ഭൂമി മുഴുവൻ സ്നേഹവസന്തം തീർക്കാൻ നമുക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസവും പ്രയത്നവുമാണ് ഏവരും കാഴ്ച വയ്ക്കേണ്ടത്. ആ സുദിനം വിദൂരമാകില്ലെന്ന് പ്രത്യാശിക്കുന്നു.

അഖില സി സി
8 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ