ഗവ സിററി എച്ച് എസ് കണ്ണൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ഏടുകളിലൂടെ
കർണ്ണികാര പൂക്കൾ ചൂടി നിൽക്കുന്ന വിദ്യാലയാങ്കണമുള്ള സിറ്റി സ്‌കൂളിന്റെ ഗതകാല സ്മൃതികൾ ചരിത്ര സാക്ഷ്യങ്ങളാണ്. അക്ഷരദീപം ജ്വലിപ്പിക്കാൻ അഹോരാത്രം പ്രയത്‌നിച്ച എല്ലാ പൂർവ്വസൂരികൾക്കും ആദരവ് പ്രകടിപ്പിച്ച് വിദ്യാലയ സോപാനത്തിൽ എത്തിയിരിക്കുന്ന പിൻഗാമികൾ വിദ്യാലയ ചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ അറക്കൽ കൊട്ടാരത്തിനും ആയിക്കര ഹാർബറിനും അടുത്താണ് സിറ്റി സ്കൂൾ. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങിയത്.
1922 ൽ കടമുറിയിൽ വിദ്യാലയം തുറന്നതിനാൽ പുതിയ പീടിക സ്‌കൂൾ എന്ന് അറിയപ്പെട്ടു. 75 രൂപ വാടകക്ക് മുൻസിപ്പാലിറ്റി പിന്നീട് ഈ കെട്ടിടം ഏറ്റെടുത്തു. 1942ൽ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് ചുവട് മാറ്റി. ഐറ്റാണ്ടി എന്നറിയപ്പെടുന്ന സ്ഥലത്ത് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള അരി ഗോഡൗണായിരുന്ന മുസ്തഫ ബിൽഡിംഗ് സ്‌കൂളാക്കി മാറ്റിപ്പണിയുകയായിരുന്നു. എച്ച് ആകൃതിയിലായിരുന്നു വിദ്യാലയം. പുതിയ സ്ഥലത്ത് സ്‌കൂൾ ഉദ്ഘാടനം ചെയ്തത് അറക്കൽ രാജാവായിരുന്നു. ബാലാരിഷ്ടതകൾഏറെ നേരിടേണ്ടി വന്നു ഈ വിദ്യാലയത്തിന്. 1949 മാപ്പിള എലമെന്ററി എന്ന പേരിൽ മുനിസിപ്പാലിറ്റി ഈ വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ സിറ്റിയിൽ ഹൈസ്കൂൾ വേണം എന്ന ആവശ്യം ശക്തമായതോടെ അതിനുവേണ്ടിയുള്ള പരിശ്രമമായിരുന്നു പിന്നീട് . എല്ലാപ്രതിസന്ധികളും മറികടന്ന് 1964 ൽ ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കാരമായി. ഇതിന്റെ പിന്നിൽ ഒരുപാട് പേരുടെ അക്ഷീണ പരിശ്രമം ഉണ്ടായിരുന്നു.
ഗോവിന്ദൻ നമ്പ്യാരായിരുന്നു പ്രഥമ അധ്യാപകൻ. എട്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനിലായി അറുപതിൽപരം കുട്ടികൾ അന്നുണ്ടായിരുന്നു. 1966 ലായിരുന്നു ആദ്യ എസ്.എസ്.എൽസി ബാച്ച്. 35 പേരിൽ ഏഴ് പെൺകുട്ടികൾ. വിദ്യാർത്ഥികൾ കുറഞ്ഞതിനാൽ എം.ടി എം സ്‌കൂളിലാണ് അന്ന് പരീക്ഷ സെന്റർ അനുവദിച്ചത്. വിദ്യാലയത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഏറെ പണിപ്പെടേണ്ടി വന്നു. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് ഏരിമ്മൽ ഇബ്രാഹിം ഹാജി വിദ്യാലയം ഗവൺമെന്റിന് കൈമാറുന്നത്. അന്ന് പുതിയ പീടിക മാപ്പിള ഹയർ എലിമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് ( P P M E School).
2004ൽ കൊമേഴ്‌സ്, ഹ്യൂമാനിറ്റിസിലുമായി ഹയർ സെക്കൻഡറി തലം തുടങ്ങി. വനമന്ത്രി കെ സുധാകരൻ ആണ് ഉദ്ഘാടനം ചെയ്തത്. 2019ൽ ആദ്യമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി മികവ് ഉയർത്തി . 2021-22 ഹയർസെക്കൻഡറി കണ്ണൂർ കോർപ്പറേഷനിൽ ഒന്നാമത് എത്തി. നിശാക്ലാസ്സും മറ്റുമായി ജാഗ്രതയോടെയുള്ള പ്രവർത്തനം വിദ്യാർത്ഥികളിൽ പഠന മികവ് തെളിയിച്ചു. കാലപ്പഴക്കം കെട്ടിടങ്ങളെയും ബാധിച്ചു
.
2022 ൽ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാലയഘടനയുമായി കാലം മുന്നോട്ട്. 1990 കളിൽ ഈ സ്‌കൂൾ സമരരഹിത സ്കൂൾ ആയി മാറി. ഷിഫ്റ്റ് സമ്പ്രദായവും നിർത്തലാക്കി. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി 800ഓളം വിദ്യാർത്ഥികൾ അധ്യായനം നടത്തുന്നു. മൂന്ന് നില കെട്ടിടവും പഠനസംവിധാനങ്ങളും ഉള്ള ക്ലാസ്സ് മുറികൾ,ലൈബ്രറി, ലാബ് സൗകര്യവുമായി തല ഉയർത്തി നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം. ലിറ്റിൽ കൈറ്റസ്, ജെ. ആർ. സി എന്നീ സന്നദ്ധ സേവനങ്ങൾക്ക് പുറമെ കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു . ജയദേവ മാസ്റ്ററിലൂടെ ഇപ്പോഴത്തെ ഭരണസാരഥി ഹെഡ്മിസ്ട്രസ് പ്രഭ എസ് ആണ്.
പിടിഎ ശക്തമായ പിന്തുണയുമായി സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു.
. പ്രസിഡണ്ട് കെ. ഷബീന ടീച്ചറും വൈസ് പ്രസിഡണ്ട് കെ നിസാമുദീനും ആണ്.
ഹയർസെക്കൻഡറിക്കുള്ള കോംപ്ലക്സിന്റെ നിർമ്മാണം തുടക്കത്തിന്റെ പാതയിലാണ് . ഗവൺമെന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇബ്രാഹിം മാഷിന് ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇസ്മയിൽ കെ ആണ്.
കലാകായിക മേഖലകളിലും സിറ്റി സ്കൂൾ തിളങ്ങി നിൽക്കുന്നുണ്ട്. നിരവധി പ്രതിഭകളെ സമ്മാനിച്ച സിറ്റി സ്കൂൾ ഈ കാലയളവിലും വിജയപാത തുടർന്നുകൊണ്ടിരിക്കുന്നു. ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഇന്നും മാതൃകയായി നമ്മുടെ മുന്നിൽ ഉണ്ട് .
സ്വദേശത്തും വിദേശത്തും ഔദ്യോഗിക മേഖലകളിലും സർഗാത്മകതയിലും തിളങ്ങിനിൽക്കുന്ന ശിഷ്യരുടെ വാക്കുകളിലൂടെ ഗുരുക്കന്മാരുടെ കരുതലും സ്നേഹവും പങ്കുവെക്കുന്ന നിരവധി പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ സിറ്റി സ്കൂളിനുണ്ട്. പീടിക സ്കൂളിൽ നിന്നും ഇന്നത്തെ സിറ്റി സ്കൂളിലേക്ക് അക്ഷരജാലിക കൈമാറുമ്പോൾ; കുട്ടികളെ നയിച്ച ഗുരുനാഥന്മാരിൽ പ്രധാനികളെ ആദരപൂർവ്വം ഓർക്കുകയാണ്.
ബി. അബ്ദുറഹിമാൻ മുൻഷി, ആലിക്കുട്ടി മാസ്റ്റർ, ഹംസക്കുഞ്ഞി മാസ്റ്റർ, ശരീഫ് മാസ്റ്റർ, മായിൻകുട്ടി മാസ്റ്റർ, ആദം മാസ്റ്റർ, ഹുസൈൻ കുഞ്ഞി മാസ്റ്റർ, ശങ്കുണ്ണി മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ശാന്ത ടീച്ചർ , ദേവി ടീച്ചർ , ഭാസ്‌കരൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ , വത്സം ടീച്ചർ, ശൈലജ ടീച്ചർ, രതി ടീച്ചർ, പ്രേമൻ മാസ്റ്റർ, കെ ടി കുഞ്ഞിമൊയ്തീൻ മാസ്റ്റർ...... സുനിത ടീച്ചർ, .. തുടങ്ങി നീണ്ട നിരയിൽ ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുണ്ട്. ഗുരുവിൽ നിന്നു ഫെസിലിറ്റേറ്ററിലേക്കും ബ്ലാക്ക് ബോർഡിൽ നിന്നും വൈറ്റ് ബോർഡിലേക്കും ക്ലാസ് റൂം അന്തരീക്ഷം മാറി കടലോരക്കാറ്റിന് അത്തറിന്റെ പരിമളമുള്ള സിറ്റിയിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി.
അരങ്ങിലും അണിയറയിലും തിളങ്ങിനിന്ന ഒരുപാട് വിദ്യാർഥി, വിദ്യാർത്ഥിനികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ സവിശേഷ ശ്രദ്ധയാകർഷിച്ച വ്യക്തിത്വങ്ങളെ എടുത്തു പറയേണ്ടതാണ്. പത്മശ്രീ അലി മണിക്ഫാൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പകത്ത്, സർ സയ്യിദ് കോളേജ് പ്രിൻസിപ്പലായിരുന്ന പ്രഫസർ ഡോക്ടർ ഖലീൽ ചൊവ്വ, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ഒ.കെ അബ്ദുൽസലാം, പ്രമുഖ ഡയബറ്റോളജിസ്റ്റ് കെ.പി. ഹാരിസ്, മംഗലാപുരത്തെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. സയ്യിദ് ഖിദർ, ഫുട്‌ബോളിൽ ഇന്ത്യൻ കുപ്പായമിട്ട എം. നജീബ്, കേരളത്തിന് വേണ്ടി കുപ്പായമണിഞ്ഞ എം.സി റഷീദ്, സയ്യിദ് കോയ, സി. ബഷീർ തുടങ്ങിയവർ ഈ കലാലയത്തിന്റെ സംഭാവനയാണ്. നിരവധി എഴുത്തുകാരെ അക്ഷരം പഠിപ്പിച്ചത് ഈ വിദ്യാലയമാണ്. ഇംഗ്ലിഷ് ഭാഷയിൽ നിരവധി പുസ്തകങ്ങൾ എഴുതിയ ഒ. അബൂട്ടി, ഹഫ്‌സ എന്ന പേരിൽ എം.പി പോൾ അവാർഡ് നേടിയ നോവലിസ്റ്റ് ഹാശിം, പത്രപ്രവർത്തകരായ എൻ. അബ്ദുറഹീം, ഒ. ഉസ്മാൻ, പി. മുഹമ്മദ് നസീർ, ബി.കെ ഫസൽ, ടി. സാലിം, ഇ.എം അശ്‌റഫ്, മഷ്ഹൂദ് സൂപ്യാർ, ഇ.എം ഹാശിം, എഴുത്തിന്റെ ലോകത്ത് നിന്ന് ജി.എസ്.ടി ഓഫീസറായി മാറിയ ഫിൽസർ സൂപ്യാർ, ജമാൽ കണ്ണൂർ സിറ്റി തുടങ്ങി നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
കാലങ്ങളിങ്ങോളം ദൃഢമായ ചെറുത്തുനിൽപ്പുകളുടെയും, വൈവിധ്യമാർന്ന കലാസാംസ്കാരിക പാരമ്പര്യങ്ങളുടെ ഉൾത്തുടിപ്പുകളാൽ സമ്പന്നമായ മണ്ണാണ് കണ്ണൂരിന്റേത്. പിന്നിൽ അറബിക്കടലാലും ചേർന്ന് ചരിത്രങ്ങൾ വഴിനടന്ന നഗരവീഥിക്ക് അരികിലായും ഇന്നീ വിദ്യാലയം ഭൂതകാലപ്രതാപത്തിന്റെ കോണിൽ നിന്ന് കലാകായിക -സാംസ്കാരിക- രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിൽ കെട്ടുറപ്പുള്ള ഒരു യുവ സമൂഹത്തെ വാർത്തെടുക്കുന്ന ഭാവികാലം സ്വപ്നം കാണുകയാണ്. അതിനു കൂടുതൽ തയ്യാറെടുപ്പുകളോട് ജാഗ്രതയോടെ മുന്നോട്ടു വരേണ്ടതുമുണ്ട്. ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ ഇനിയും സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ സിറ്റി സ്കൂളിന് കഴിയും എന്ന ഉറപ്പോടെയാണ് പുതിയ ഭരണസാരഥികൾ ഉൾക്കാഴ്ച പകരുന്നത്.
സിറ്റിയുടെ സ്പന്ദനമായ കത്തിടപാടുകളുടെ സ്മരണയുമായി ഈ സ്‌കൂളിന്റെ ചുറ്റുമതിലിൽ ഒരുപാട് കാലം തപാൽപെട്ടി ഓർമക്കുറിപ്പായി തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. മുറ്റത്ത് തണൽ വിരിച്ച് തലയുയർത്തി നിൽക്കുന്ന തേന്മാവ് പലർക്കും ഓർമ്മകളുടെ കല്ലേറും തേൻ മധുരവുമാണ്. കമാനാകൃതിയിൽ തിലകക്കുറിയായി സ്‌കൂളിന്റെ പേര് എഴുതി ചേർത്ത കവാടം വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമ്പോൾ കാലം ഒഴുകുകയാണ്. അക്ഷര വെളിച്ചവുമായി വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും അനദ്ധ്യാപകരും പിടിഎ വികസന ജാഗ്രത സമിതിയുമായി പിന്തുണ ഏറി വരികയാണ് അധ്യയന വർഷം തുടരുകയാണ് . ഉദിക്കുന്ന ഉഷസ്സിന് വരവേൽക്കാൻ വിജയഗാഥ രചിക്കാൻ സിറ്റി സ്‌കൂൾ കണ്ണൂരിന്റെ പൂർവകാലം ആവേശം ഉൾക്കൊണ്ട് മുന്നോട്ട്...