അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ
സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം
2015-16 അധ്യയന വർഷം മുതൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ സി.എ./സി.പി.റ്റി./സി.എം.എ. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാലയത്തിലെ കുട്ടികൾക്കും, വയനാട് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കുമായി പരിശീലനസൗകര്യം ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലായി ക്രമീകരിച്ച ക്ലാസ്സുകളിൽ കഴിഞ്ഞ വർഷം 54 വിദ്യാർഥികൾ പരിശീലനം നേടി. അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടൻറുമാരായ മനൂപ്, ശങ്കരനാരായണൻ എന്നിവരും അഡ്വ. അനുപമൻ, കൽപ്പറ്റ ഗവ.കോളേജ് അധ്യാപകനായ ഷാജി തദേവൂസ്, അധ്യാപകരായ ബിനേഷ്, എം.കെ. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം പരിശീലനക്ലാസിൽ പങ്കെടുത്ത 5 കുട്ടികൾക്ക് സി.എ.ക്കും 11 പേർക്ക് സി.എം.എ.ക്കും പ്രവേശനം ലഭിക്കുകയുണ്ടായി. പരിശീലനക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ പിന്തുണ പി.ടി.എ. അംഗങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ പരിശീലനം ഓൺലൈനായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ക്ലാസ്സ് പി.ടി.എ.
കുട്ടികളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും, ക്ലാസ് റൂം പ്രവർത്തനങ്ങൾ അറിയിക്കുന്നതിനുമായി മൂന്ന് ടേമിലും ക്ലാസ്സ് പി.ടി.എ. ചേരുന്നു. ക്ലാസ്സ് പി.ടി.എ. നടക്കുന്ന സമയങ്ങളിൽ പി.ടി.എ ഭാരവാഹികൾ ക്ലാസ്സിൽ വന്ന് രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. ക്ലാസ്സ് പി.ടി.എ. പ്രാദേശിക പി.ടി.എ. മുതലായവയിൽ രക്ഷിതാക്കളുടെ പരിപൂർണ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തിനായി പ്രത്യേക ശ്രമം നടത്തി വരുന്നു.
അക്ഷരജ്യോതി പഠനക്യാമ്പ്
എസ്.എസ്.എൽ.സി., +2 വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വയനാട് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വച്ചു നടത്തിയ ക്യാമ്പിൽ വിദ്യാർത്ഥികളെ യഥാസമയം എത്തിക്കുന്നതിലും അവർക്കാവശ്യ മായ ലഘുഭക്ഷണം നൽകുന്നതിലും, അച്ചടക്കം സൂക്ഷിക്കുന്നതിലും പി.ടി.എ. കമ്മിറ്റി മാതൃകാപരമായ പങ്കു വഹിച്ചു.
എസ്.ടി. പഠനക്യാമ്പ്
2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു.
പ്രാദേശിക പി.ടി.എ.
പ്രാദേശിക പി.ടി.എ. രൂപീകരണത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബപശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്നപരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് പ്രത്യേകം പരാമർശിക്കുന്നു.
കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിൻറെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുകയും ചെയ്യുന്നു.
പഠനവീട്
പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ ജനാധിപത്യ വേദികൾ
സ്കൂൾ പാർലമെൻറ്
സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷയുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തിയത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ.