നിർമ്മല യൂ പി എസ് കാറ്റുള്ളമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957 ജൂൺ 12 ന് 151 വിദ്യാർത്ഥികളോടും 2 അധ്യാപകരോടും കൂടി ആരംഭിച്ച നിർമ്മല എൽ. പി. സ്കൂൾ 1982-ൽ യു.പി, സ്കൂളായി ഉയർത്തപ്പെട്ടു. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിൽ ഇതുവരെ 11 പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എൽ. ഡൊമിനിക്, പിന്നീട് ശ്രീ. കെ.ടി തോമസ്, ശ്രീ.. എം. വർഗ്ഗീസ്, ശ്രീ. കെ. ടി. ജോസഫ്, ശ്രീ.. ആർ. അബ്രഹാം, ശ്രീ. പി. എം. ജോസഫ്, ശ്രീമതി. കെ. സി, എലിയാമ്മ, സിസ്റ്റർ എം. റ്റി. അന്നമ്മ, ശ്രീ. കെ എം ജോൺ, ശ്രീമതി ജിസ്നമോൾ ജോസ് എന്നിവർ അതതുകാലത്ത് സ്കൂളിന്റെ മുഖ്യ ചുമതലകൾ നിർവ്വഹിച്ചവരാണ്.

2020 ജൂൺ മുതൽ ശ്രീ. ജോസ് പി എ ഈ സ്കൂളിന്റെ പ്രധാനാധ്യാപകനായി പ്രവർത്തിച്ചുപോരുന്നു. തങ്ങളുടെ കാലത്തെ പ്രവർത്തനം കൊണ്ട് ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും വേണ്ടി എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പഠന-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുവരുന്നു.

2014 ഫെബ്രുവരിയിൽ താമരശ്ശേരി രൂപതാ മെത്രാൻ അഭിവന്ദ്യ റെമീജിയോസ് പിതാവും കോർപറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഷിബു കളരിക്കലച്ചനും കൂടി സ്കൂൾ സന്ദർശിച്ചു. തദവസരത്തിൽ ഇവിടെ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടും കെട്ടിടത്തിന്റെ കാലപ്പഴക്കവും മനസ്സിലാക്കി, സൗകര്യപ്രദമായി സ്കൂൾ മാറ്റിപ്പണിയാൻ വേണ്ട നിർദ്ദേശം നൽകി. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട മാതൃ നിരപ്പേലച്ചന്റെ നേതൃത്വത്തിൽ ഇടവക പൊതുയോഗം ചേർന്ന് പുതിയ സ്കൂൾ കെട്ടിടം പള്ളിയോട് ചേർന്ന സ്ഥലത്ത് നിർമ്മിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 2015 മെയ് 23ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം താമരശ്ശേരി രൂപതാ മെത്രാൻ അഭിവന്ദ്യ റെമീജിയോസ് പിതാവ് നിർവഹിച്ചു. 2015 ഡിസംബർ 27ന് സ്കൂൾ കെട്ടിടം ആശീർവ്വദിക്കുകയും ചെയ്തു.

2016 ജൂൺ മാസം മുതൽ നിർമ്മല യു.പി. സ്കൂൾ പള്ളിയോട് ചേർന്ന് പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 8 അധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരനും സേവനമനുഷ്ഠിക്കുന്നു.