ഗവ. എൽ. പി. എസ്. ശ്രീമൂലനഗരം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രവഴിയിലൂടെ
ശ്രീമൂലംതിരുന്നാൾ മഹാരാജാവിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ശ്രീമൂലനഗരം എന്നറിയപ്പെടുന്ന ഈ കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നാടിനും നാട്ടുകാർക്കും അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശ്രീമൂലനഗരം ഗവ. എൽ. പി. സ്കൂൾ. 125 വർഷം പഴക്കമുള്ള ഈ സരസ്വതിക്ഷേത്രം പിന്നിട്ട ചരിത്രവഴികൾ ഏറെയാണ്.
1895 ലാണ് വെള്ളാരപ്പിള്ളി പ്രവൃത്തി പാഠശാല എന്നപേരിൽ ഈ വിദ്യാലയം കൈപ്രകുന്നിൽ സ്ഥാപിതമായത്. അന്ന് ഈ പ്രദേശമാകെ വെള്ളാരപ്പിള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു വിദ്യാലയങ്ങളൊന്നും ഇന്നാട്ടിലില്ലാതിരുന്ന ആ കാലഘട്ടത്തിൽ ബഹു. പുതുശ്ശേരി മത്തായിയച്ഛനാണ് ഇങ്ങനൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
1957 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക് മാറ്റപ്പെടുകയും ശ്രീമൂലനഗരം ഗവ. എൽ. പി. എസ്. എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. കണ്വാശ്രമം എന്ന ഓമനപേരിൽ അറിയപ്പെട്ടിരുന്ന വിജനവും ഹരിതസുന്ദരവും ആയ ഒരു പറമ്പാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.
പിൽക്കാലത്തു കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പിന്നെയും കെട്ടിടങ്ങൾ അനിവാര്യമായിത്തീർന്നു. അങ്ങനെ 1985 ൽ ഒരു കെട്ടിടം പണിയുകയും അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറി 10-4 സമയം നിലവിൽ വരികയും ചെയ്തു. നിർമാണ പ്രവർത്തനത്തിനുള്ള അപാകത മൂലം പിന്നീട് അ കെട്ടിടം ഉപയോഗയോഗ്യമല്ലാതായി.
ഗ്രമപഞ്ചായത്തിന്റേയും ബ്ലോക്ക്പഞ്ചായത്തിന്റേയും സഹായത്തോടെ പണികഴിപ്പിക്കപ്പെട്ട 6 ക്ലാസ്സ്മുറികളോട് കൂടിയ കെട്ടിടം 1997ൽ പ്രവർത്തനം ആരംഭിച്ചു.
ബഹു. ആലുവ നിയോജകമണ്ഡലം എം. എൽ. എ. ശ്രീ. അൻവർസാദത് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് മറ്റൊരു കെട്ടിടവും മനോഹരമായ ഒരു സ്റ്റേജും നിർമ്മിക്കുകയും 2016ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ പദ്ധതി പ്രകാരമുള്ള 1 കോടി രൂപ വിനിയോഗിച്ചു നിർമിച്ച രണ്ടുനില കെട്ടിടത്തിലെ ക്ലാസ്സ്മുറികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാലയ പ്രവർത്തനങ്ങൾ കുറേക്കൂടി സുഗമമായി തീരും. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കായി ആധുനിക രീതിയിലുള്ള ക്ലാസ്സ്റൂം ഉപകരണങ്ങളും നൂതന സാങ്കേതിക വിദ്യകളുമാണ് ഇവിടെ ഒരുക്കികൊണ്ടിരിക്കുന്നത്.
പഴമയും പ്രൗഢിയും വിളിച്ചോതുന്ന ആ പഴയ കെട്ടിടം നമ്മിൽ നിന്നും അടർത്തി മാറ്റപ്പെടുകയാണെങ്കിലും, പകരം നൂതനവും സാങ്കേതികവുമായ പുതിയ കെട്ടിടവും തുടർന്നുള്ള പ്രവർത്തനങ്ങളും വരും തലമുറകളെ കൂടുതൽ കൂടുതൽ വിജയത്തിലേക്ക് നയിക്കും എന്ന ശുഭ പ്രതീക്ഷയോടെ.........