സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ അ‍ഞ്ചാം വാർഡിൽ പരിയാരം കരയിൽ കീഴേകുന്നേൽ പടി കൈതളാവ് റോഡിൽ വഴിയിൽ നിന്നും 50 മീറ്റർ ഉള്ളിൽ 1922 ൽ സ്ഥാപിതമായ വിദ്യാലയമാണ് മരങ്ങാട് സ്കൂൾ. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യ നേടുന്നതിനുള്ള ഏക സ്ഥാപനമാണ് മരങ്ങാട് ജി. എൽ. പി. എസ്.

1922 (കൊല്ലവർഷം 1097 ൽ) കാലത്ത് ശ്രീമാൻ വടക്കേപ്പറമ്പിൽ കൊച്ചുകുട്ടി, പുളിന്തറകുന്നേൽ അന്ത്രോച്ചൻ, വാഴേപ്പറമ്പിൽ കുഞ്ഞൂട്ടി, കല്ലറയ്ക്കൽ കൊച്ചൂട്ടി എന്നിവർ ചേർന്ന് ഈ പ്രദേശത്തെ ക്രിസ്തീയ കുടുമ്പത്തിലെ കുട്ടികളെ സണ്ടേസ്കൂൾ പഠിപ്പിക്കുന്നതിനായി വാഴേപ്പറമ്പിൽ കുഞ്ഞൂട്ടിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലത്ത് ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി. അവിടെ സണ്ടേസ്കൂൾ അഭ്യസനം ആരംഭിച്ചു അന്നീപ്രദേശം പുതുപ്പള്ളിപഞ്ചായത്തിൽ പരിയാരം കരയിൽ ഉൾപ്പെട്ട പ്രദേശം ആയിരുന്നു. അന്നീനാട്ടിലെ കുട്ടികൾക്ക് മൂന്നുനാലു കിലോമീറ്ററിനുള്ളിൽ പോലും പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. 1922 ൽ പുളിന്തറകുന്നേൽ അന്ത്രയോസ് കൂട്ടുമ്മേൽ കുട്ടി ഇയ്യാടിയിൽ മറിയാമ്മ എന്നിവർ അധ്യാപകരായി ഒരു മാനേജ് മെൻറ് പ്രൈമറിസ്കൂൾ ഇവിടെ ആരംഭിച്ചു. പിന്നീട് ഈ സ്കൂളിൽ ചേർന്ന അധ്യാപരായ കണ്ണൻതുരുത്തേൽ ഉതുപ്പ് കയ്യാലയ്ക്കകത്ത് സി വി വർക്കി എന്നിവരുടെ നിരന്തരമായ ശ്രമഫലമായി ഇത് ഗവൺമെൻറ് പ്രൈമറിസ്കൂൾ ആയിമാറി. സ്കൂൾ വകയായ റോ‍ഡ് ഉൾപ്പെടെ അൻപത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗവൺമെൻറ് ഏറ്റെടുത്തതിന് ശേഷം ഇപ്പോൾ ഇരിക്കുന്ന കെട്ടിടം കോൺട്രാക്ടറായിരിക്കുന്ന കൊണ്ടോടിക്കൽ കുട്ടപ്പൻറെ മേൽനോട്ടത്തിൽ പണിയിച്ചതായി അറിയാൻ സാധിച്ചിട്ടുണ്ട്. 44 കുട്ടികളുമായി കൊല്ലവർഷം 1097 ൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. ഓല മേഞ്ഞ് തറ ചാണകം മെഴുകിയ പ്രസ്തുത സ്കുളിൽ കൊല്ലവർഷം 1105 ൽ 280 കുട്ടികൾ വരെ പഠനം നടത്തിയതായി രേഖകൾ പറയുന്നു. 2340 ചതുരസ്ര അടി വിസ്തീർണമുള്ള സ്കുൂൾ കെട്ടിടം 1958 ൽ പുതുക്കി പണതതാണ്. ആ കാലത്ത് ഈരണ്ട് ‍ഡിവിഷനുകളിലായി മുന്നൂറ്റി എഴുപത് കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. (സർക്കാരുകളുടെയും നാട്ടുകാരുടെയും സഹകരണത്താൽ ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ട്.) ശതാകബ്ദി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം വാകത്താനം പഞ്ചായത്ത് അഞ്ചാം വാർഡിലെ ഏക സർക്കാർ സ്ഥാപനമാണ്.

ആദ്യകാലത്ത് ക്രിസ്ത്യൻ കുട്ടികളുടെ മത പഠനത്തിനുള്ള സൺ‍ഡേസ്കൂൾ ആയി പ്രവർത്തിച്ച താത്കാലിക ഷെഡ് കാലക്രമത്തിൽ വിദ്യാലയമായി പരിണമിക്കുകയായിരുന്നു. ഏകദേശം 50 സെൻറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇന്ന് കുട്ടികളുടെ പഠന നേട്ടങ്ങൾ നേടിയെടുക്കുന്നതിന് പര്യാപ്തമായ വിധം തലയുയർത്തി നിൽക്കുന്നു.

ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചത് 1958ൽ ആയിരുന്നു എന്നും 1922 ൽ വിദ്യാലയം തുടങ്ങുമ്പോ്ൾ 44 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ഉണ്ടായിരുന്നു എന്നും രേഖകൾ പറയുന്നു.

മാറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കൊപ്പം അതിവേഗം വളർന്ന ചരിത്രമാണ് വിദ്യാലത്തിനുപറയാനുള്ളത്.

കേവലം പാഠ്യപദ്ധതിക്കുള്ളിൽ നിന്നു മാത്രമല്ലാതെ കുട്ടികളുടെ തനതുനൈപുണികൾ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന പ്രവർത്തന്ങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്നും വിദ്യാലയം മികവിൻറെ പാതയിലാണ്.