Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/ഒന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
(Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷയം:-പലതരം സെൽഫികൾ
ഒറ്റ വെട്ടിന് തിരകൾ നീക്കിയ കടൽ
തൊട്ടും തോണ്ടിയും 
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെൽഫി
നിങ്ങൾ കണ്ടിട്ടുണ്ടോ...?

വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകൾ 
അതിൽ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും

എന്നാൽ,
ചിറകഴിച്ചുവച്ചൊരാകാശം
അതിൽ
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാൽ കാണാം

യാത്രയ്ക്കിടയിൽ
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങൾ

വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകൾ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.

ഒരു കട്ടൻകാപ്പിയിൽ
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകൾ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.

പിന്നെ,
പതിവുകൾ ഉപ്പിലിട്ട
കാന്താരിനീറ്റലിൽ
അച്ചാറുപോലെ
പാകപ്പെടും.

വാക്കിനെ
കവിതയിലേയ്ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ൿ ചേർത്തിളയ്ക്കിവയ്ക്കും.

ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും

എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്സിക്ക്
ഇടയ്ക്ക് ചവയ്ക്കാൻ
എന്തെങ്കിലുമിട്ടുകൊടുക്കും

കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്ക്കൊന്നിറങ്ങിപോകും.

ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.

സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും

എങ്കിലും,
ഒരു ചിരി
ചുമരിലെ
ഒാർമ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും

വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങൾക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകൾ.

ഇതിനിടയ്ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.

വാക്കുകളുടെ സാമ്പാറിൽനിന്നും
അപ്പോൾ
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോൽ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും

അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും

എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തിൽ
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.

കടൽച്ചട്ടിയിൽ
സൂര്യൻ
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീൻകറിയാണ്
സന്ധ്യ.

നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.
DRUPATH GOUTHAM
11, G H S S Meenangadi (Wayanad)
HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017