എം പി നാരായണ മേനോൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

എം പി നാരായണ മേനോൻ
ജനനം23/03/1887
കട്ടിലശ്ശേരി
മരണം1966
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽവക്കീൽ

ജനനം

മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ നാരായണമേനോൻ 1887 മാർച്ച് 23 ന് പഴയ വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരി വില്ലേജിലെ കട്ടിലശ്ശേരിയിലെ തറവാട്ടു വീട്ടിൽ ജനിച്ചു. അച്ഛൻ പറമ്പോട്ടു തറവാട്ടിലെ കാരണവരായിരുന്ന കരുണാകരമേനോൻ, അമ്മ മുതൽപുരേടത്ത് തറവാട്ടിലെ നാരായണി അമ്മ. 7 മക്കളിൽ മുത്തമകൻ. പാരമ്പര്യമായി വള്ളുവനാട് രാജാവിന്റെ സൈനികർ.

വിദ്യാഭ്യാസം

നാടൻ പാഠശാലകളിലെ പഠനത്തിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്‌ക‌ൂളിൽ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദ പഠനം. ത‌ുടർന്ന് മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ തുടർപഠനം. ബിരുദ പഠാനന്തരം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സ്വകാര്യമായി നിയമ പഠനത്തിനു ചേരുകയും പെരിന്തൽമണ്ണ മുൻസിഫ് കോടതയിൽ വക്കീലായി പരിശീലനം തുടങ്ങുകയും ചെയ്തു.

ദേശീയ പ്രസ്ഥാനത്തിലേക്ക്

ഗാന്ധിജിയും ഷൗക്കത്തലിയും മുഹമ്മദലിയും ചേർന്ന് ഗവൺമെന്റിനെതിരായ സമരം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോൾ ഏറനാട്ടിലെ സ്ഫോടനാത്മകമായ സാഹചര്യത്തിൽ സമരം കലാപമായി മാറിയേക്കുമെന്ന് നാരായണ മേനോൻ ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. നാരായണ മേനോന്റെ ഈ അഭിപ്രായം അത്ര കണക്കിലെടുക്കാതെ കോൺഗ്രസ്സ് ഖിലാഫത്ത് കമ്മിറ്റികൾ അവരുടെ സമരപ്രചരണ പരിപാടികളുമായി മുന്നോട്ടു തന്നെ പോയി. അനുസരണയുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ നാരായണ മേനോനും അതിൽ പങ്കാളിയായി. പോലീസിന്റെ പ്രകോപനങ്ങളിൽ പെടാതെ മലബാറിലെ ജനങ്ങളെ അഹിംസയുടെ പാതയിൽതന്നെ നിലനിർത്തുവാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചു.

1920 – ൽ അദ്ദേഹം ഏറനാട് താലൂക്ക് കമ്മിറ്റിയിൽ സെക്രട്ടറിയായി. മഞ്ചേരി സമ്മേളനത്തിൽ പങ്കെടുത്ത മുവ്വായിരം പ്രതിനിധികളിൽ ആയിരം പേരും മുസ്ലീം കുടിയാൻമാരായിരുന്നു. അവരിൽ പലരും കലപ്പയുമായിട്ടായിരുന്നു സമ്മേളനത്തിനെത്തിയത്.

കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു.

ജയിൽവാസം

മലബാർ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് കൊടുത്ത അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുടെ ലിസ്റ്റിൽ നാരായണ മേനോൻ എന്ന ഒരു ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1859 – ലെ മാപ്പിള ആക്ട് അനുസരിച്ച് ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന സംശയം ബാക്കി നിന്നു. എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് മാർഷ്യൽ ലോ ഓർഡിനൻസ് അനുസരിച്ച് 1921 സെപ്റ്റംബർ 10 ന് നാരായണ മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു. മലപ്പുറം മുതൽ തിരൂർ വരെ ചങ്ങലയിട്ടു നടത്തിച്ച് പോലീസ് ആവുന്ന വിധത്തിൽ അദ്ദേഹത്തെ അപമാനിച്ചു. തിരൂരിൽ നിന്നും കോയമ്പത്തൂർക്കു കൊണ്ടുപോയി കലാപം അടിച്ചമർത്തുന്നതുവരെ ജയിലിൽ വെച്ചു.

1922 മെയ് 3ന് നാരായണ മേനോനെ വിചാരണ ചെയ്യാനുള്ള അനുമതി ലബിച്ചു. ജഡ്ജ് വാൽഷ് അദ്ദേഹത്തെ ഖിലാഫത്തു പ്രസ്ഥാനത്തിലെ സജീവ പങ്കാളിത്തത്തിനും കലാപകാരികളുമായുള്ള കൂട്ടുകെട്ടിനും , രാജാവിനെതിരെ യുദ്ധം ചെയ്യുന്നതിനും ജീവപര്യന്തം തടവിനും വിധിച്ചു.

ഈ ശിക്ഷക്കെതിരെ വലിയ പ്രതിഷേധമുയർന്നു. നിലമ്പൂർ ഇളയരാജ മുതൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പ്രൊഫ. ഹേഗ് വരെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് മദ്രാസ് ഗവര‍്ണർ നാരായണ മേനോനെ ജയിലിൽ നിന്നും വിടുന്നതിന് ഉപാധി വെച്ചു. നാരായണ മേനോനെ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്കു നാടുകടത്തണമെന്ന് വിചാരിച്ചിരുന്നു. എങ്കിലും പ്രതിഷേധത്തെ തുടർന്ന് അതു വേണ്ടെന്നു വെച്ചു. ജയിൽ വാസം 1934 വരെ നീണ്ടു. നീണ്ട ജയിൽവാസം അദ്ദേഹത്തിന്റെ മനോധൈര്യം തകർത്തില്ല. കിട്ടിയ സമയം മുഴുവൻ അദ്ദേഹം പഠനത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്തു. ഒന്നര വർഷം അദ്ദേഹത്തോടൊപ്പം ജയിലിൽ കഴിയാൻ ഇടവന്ന ഇ.എം.എസ് അതൊരു ഭാഗ്യമായാണ് കരുതിയത്. ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചത് സ്വാതന്ത്ര്യത്തിന്റെ പതാക താഴ്ത്തിക്കെട്ടാൻ തയ്യാറാകാത്ത ഒരു മഹാ രാജ്യസ്നേഹി എന്ന നിലയിൽ മാത്രമല്ല അഗാധജ്ഞാനിയായ ഒരു പണ്ഡിതൻ എന്ന നിലയിൽ കൂടിയാണ് എന്നാണ് ഇ.എം.എസ് നാരായണ മേനോനെപ്പറ്റി പറഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. ക്വിറ്റിന്ത്യാ സമരം തുടങ്ങിയപ്പോൾ കോഴിക്കോട് വെച്ച് ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് വെല്ലൂർ ജയിലിലടച്ചു. 1946 – ൽ ടി. പ്രകാശത്തിന്റെ കോൺഗ്രസ്സ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ജയിൽ മോചിതനായി. മലബാറിലെ കോൺഗ്രസ്-മുസ്ലീംലീഗ്-കമ്യൂണിസ്റ്റ് വിഭജനം അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു.

സ്വാതന്ത്ര്യാനന്തരം

1947 – ൽ ജയിൽ പരിഷ്കരണങ്ങളിൽ അദ്ദേഹം ഗവൺമെന്റിനെ സഹായിച്ചു. 1947-55 വരെയുള്ള കാലം അദ്ദേഹം മദ്രാസിൽ ചെലവഴിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ഗവൺമെന്റ് നൽകിയ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്വീകരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ അതൃപ്തനായിരുന്ന അദ്ദേഹം 1955 – ഓടുകൂടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ആനമങ്ങാട്ടുള്ള വീട്ടിൽ ശേഷിച്ച കാലം ജീവിച്ച അദ്ദേഹം 1966 -ൽ അസുഖത്തെ തുടർന്ന് അന്തരിച്ചു . അവസാന വർഷങ്ങളിൽ അദ്ദേഹം മുഖ്യമായും ഊന്നിയത് പഠനത്തിലും എഴുത്തിലുമാണ്.

"https://schoolwiki.in/index.php?title=എം_പി_നാരായണ_മേനോൻ&oldid=1898425" എന്ന താളിൽനിന്ന് ശേഖരിച്ചത്