പി. പി. രാമചന്ദ്രൻ

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള കവി, അമെച്വർ നാടകപ്രവർത്തകൻ, വെബ് ജേണൽ എഡിറ്റർ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ശ്രീ. പി. പി. രാമചന്ദ്രൻ.

ജീവിത രേഖ

മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു.മൂന്നു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാണക്കാണെ' (കറന്റ് ബുക്സ്-1999), 'രണ്ടായ്‌ മുറിച്ചത്‌' (കറന്റ് ബുക്സ്-2004),'കലംകാരി-ഒരു നാടകീയകാവ്യം' (ഡി. സി. ബൂക്ക്സ്-2007) എന്നിവയാണവ. ഇവയിൽ കാണക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി. ഇതിനു പുറമേ വി ടി കുമാരൻ, ചെറുകാട്‌, കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.


"https://schoolwiki.in/index.php?title=പി._പി._രാമചന്ദ്രൻ&oldid=394263" എന്ന താളിൽനിന്ന് ശേഖരിച്ചത്