ശ്രീകൃഷ്ണപുരം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന് 29.6 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കരിമ്പുഴപ്പുഴയും, കിഴക്കുഭാഗത്ത് കടമ്പഴിപ്പുറം പഞ്ചായത്തും, തെക്കുഭാഗത്ത് പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തുമാണ്. പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറായും, ഒറ്റപ്പാലം താലൂക്കിന്റെ വടക്കുകിഴക്കുഭാഗത്തായും നിമ്നോന്നതമായി കിടക്കുന്ന ഭൂവിഭാഗമാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. കല്ലടിക്കോടൻ മലയിൽ നിന്നുത്ഭവിച്ച് പൊന്നാനിക്കു സമീപത്തു വച്ച് ഭാരതപ്പുഴയിൽ ചേരുന്ന ജലസമൃദ്ധമായ കുന്തിപ്പുഴ, കരിമ്പുഴപ്പുഴയെന്ന പേരിൽ ഈ പഞ്ചായത്തിന് വടക്ക് 9 കി.മീ ദൂരം അതിർത്തിയായി ഒഴുകുന്നു. സമുദ്രനിരപ്പിൽ നിന്ന് 110 മീറ്റർ ഉയരമുള്ള മുരുങ്ങോടൻ മലയാണ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശം. ഭൂപ്രകൃതി അനുസരിച്ച് ശ്രീകൃഷ്ണപുരം പഞ്ചായത്തിനെ ഉയർന്ന കുന്നുകൾ, ചെറു ചെരിവ്, ഇടത്തരം ചെരിവ്, സമതലം, തീരസമതലം എന്നിങ്ങനെ അഞ്ച് മേഖലകളാക്കി തിരിക്കാം. പാലക്കാടൻ കാലാവസ്ഥാമേഖലയിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത് ഭൂപ്രകൃതിപരമായി മലനാടിൽ സ്ഥിതി ചെയ്യുന്നു. പാണ്ഡവൻമാർ നീരാട്ടിനിറങ്ങിയതെന്ന് ഐതിഹ്യമുള്ളതാണ് കുന്തിപ്പുഴ. പഴയകാലത്ത് ശ്രീകൃഷ്ണപുരം, ഈശ്വരമംഗലം, വലമ്പിലി മംഗലം, പെരുമങ്ങാട് എന്നീ നാല് ദേശങ്ങൾ അടങ്ങിയതായിരുന്നു ശ്രീകൃഷ്ണപുരം അംശം. ഈ അംശത്തിലെ പ്രധാനക്ഷേത്രം ശ്രീകൃഷ്ണക്ഷേത്രമായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം ഈ പ്രദേശം ശ്രീകൃഷ്ണപുരം എന്നറിയപ്പെട്ടത്.


"https://schoolwiki.in/index.php?title=ശ്രീകൃഷ്ണപുരത്തു&oldid=396542" എന്ന താളിൽനിന്ന് ശേഖരിച്ചത്