സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ നാളുകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ നാളുകളിലൂടെ

കൊറോണ എന്ന മാരക വൈറസ് ലോകത്തെ വെല്ലുവിളിക്കുന്ന കാലം. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ഭരണകൂടം പറയുമ്പോഴും, ഭയത്തോടെയല്ലാതെ പത്രം നോക്കാനോ, വാർത്തകൾ കാണാനോ സാധിക്കുന്നില്ല. മാർച്ച് 10ന് സ്കൂൾ പെട്ടെന്ന് അടച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. ഒരു സെൻറ് ഓഫ് പോലുമില്ലാതെ, ഗ്രൂപ്പ് ഫോട്ടോ എടുക്കാതെ സ്കൂളിന്റെ പടി ഇറങ്ങുകയാണല്ലോ എന്നോർത്തപ്പോൾ നെഞ്ചിലൊരു നീറ്റൽ. കരച്ചിലടക്കാൻ പാടുപ്പെട്ടപ്പോൾ ,തെല്ലാശ്വാസം ലഭിച്ചത് ടീച്ചറും കൂട്ടുകാരും പരസ്പരം വിളിച്ച് അന്വേഷിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്തപ്പോളാണ്. ലോക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ പപ്പയുമായി ചേർന്ന് കൃഷിപ്പണികൾ ആരംഭിച്ചു. ചീര, വെണ്ട, കുമ്പളം,പാവൽ ,തക്കാളി, തണ്ണിമത്തൻ തുടങ്ങിയവയെല്ലാം മുളച്ചു വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്നും അതിന് വെള്ളമൊഴിച്ച് അതിന്റെ വളർച്ച സാകൂതം വീക്ഷിച്ചപ്പോൾ എന്നിലെ കൃഷിക്കാരിയിലുണ്ടായ നവ്യാനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അമ്മയുടെ കൂടെ പുതിയ പാചക പരീക്ഷണങ്ങൾ നടത്തുമ്പോൾ വളരെ രസകരമായ അനുഭവങ്ങളും ഉണ്ടായി. ബ്രെഡ് പുഡ്ഡിംഗ്, ചിക്കൻ കട്‌ലറ്റ് ,ഗുലാബ് ജാമുൻ, ബിരിയാണി, ഐസ്ക്രീം തുടങ്ങിയവയെല്ലാം എന്റെ കരവിരുതിൽ തയ്യാറാക്കി. പപ്പയിലായിരുന്നു എന്റെ പരീക്ഷണങ്ങളെല്ലാം. കൊറോണ കാലത്ത് വന്നെത്തിയ ഈസ്റ്റർ, വിഷു എന്നിവ വളരെ ലളിതമായി ആഘോഷിച്ചു. ആചാരങ്ങൾക്കു മേൽ ആഘോഷങ്ങൾ മേധാവിത്വം നേടുന്ന ഈ കാലഘട്ടത്തിൽ പടക്കങ്ങൾ പൊട്ടിക്കാതെ യും വിഷു ആഘോഷിക്കാം എന്നറിഞ്ഞപ്പോൾ സന്തോഷമായി. ചെറിയൊരു വഴി തർക്കത്തിന് പേരിൽ സൗന്ദര്യ പിണക്കത്തിൽ ആയിരുന്ന അടുത്ത വീട്ടിലെ അപ്പൂപ്പനുമായി രമ്യതയിലാകാൻ കഴിഞ്ഞതിന്റെ സന്തോഷം പപ്പയും അമ്മയും പങ്കുവെച്ചപ്പോൾ ആയിരം പൂത്തിരി ഒന്നിച്ച് കത്തുന്ന അനുഭൂതി എന്നിലുണ്ടായി . ലോകം ഇന്ന് ഒരു സൂക്ഷ്മാണു വിന്റെ മുന്നിൽ പകച്ചു നിൽക്കുകയാണ്. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ട് എന്ന് കാലം പഠിപ്പിച്ചുതന്ന മഹത്തായ സത്യം . ബഷീറിൻറെ ഭാഷയിൽ പറഞ്ഞാൽ , ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്നുള്ള സത്യം. ഈ കാലഘട്ടത്തിൽ ലോകരാജ്യങ്ങൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് സൈനിക ആവശ്യങ്ങൾക്കും, മിസൈലുകൾ പോലുള്ള യുദ്ധസാമഗ്രികൾ വാങ്ങി കൂട്ടാനും ആണല്ലോ. മനുഷ്യർക്കുവേണ്ടി ചെലവഴിക്കുന്നത് തുലോം തുച്ഛം. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഏതു മാർഗ്ഗമുപയോഗിച്ചും തകർക്കാമെന്ന് ആലോചിക്കുന്ന ഇവിടെയാണ് ഒരു ചെറു വൈറസ് സംഹാര താണ്ഡവമാടി ലോകത്തെ വെല്ലുവിളിക്കുന്നത്. നിപ്പ എന്ന മഹാമാരിയും, മഹാപ്രളയത്തെയും അതിജീവിച്ച ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് കൊറോണ എന്ന ഈ മഹാമാരിയെയും ചെറുത്ത് തോൽപ്പിക്കാൻ സാധിക്കും എന്നുള്ള പൂർണ്ണ വിശ്വാസം നമുക്കുണ്ട് .അതെ നമ്മൾ തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും.

ജിയ മരിയൻ ജോയ്സ്
7 സി സെൻറ് മേരിസ് യുപി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം