ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ മരിക്കുന്ന മലയാളം
മരിക്കുന്ന മലയാളം
പഠനമാധ്യമം ഏത് ഭാഷയിൽ ആയിരിക്കണം എന്ന വിഷയത്തിൻ്റെ ചർച്ചകളും സംവാദങ്ങളും സജീവമായിരിക്കുന്ന ഈ പുത്തൻ തലമുറയിൽ വിദ്യാർഥികളായ നാം ഓരോരുത്തരും പ്രണയിക്കുന്നത് മലയാളത്തേയാണോ എന്ന് സംശയം എൻ്റെ മനസ്സിൽ സംഘട്ടനം നടക്കുകയാണ്. ഈ നിമിഷം "മരിക്കുന്ന മലയാളം "എന്ന വിഷയം ഏറെ പ്രസക്തി അർഹിക്കുന്നു . നമ്മുടെ മാതൃഭാഷയായ മലയാളം പെറ്റമ്മക്ക് തുല്യമാണ് .ശ്രേഷ്ഠമായ പാരമ്പര്യവും കരുത്തുമുള്ള ഭാഷയാണ് നമ്മുടെ മലയാളം. കവികൾ ഊട്ടിവളർത്തിയ പാരമ്പര്യം.... പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും വളർന്നുവന്ന നമ്മുടെ ജീവൽഭാഷ നമ്മുടെ സംസ്കാരം രൂപപ്പെടുത്തിയ കരുത്താണ്. എന്നാൽ മഹത്തരമെന്നും പുരാതനമെന്നും നാം മലയാളികൾ അഭിമാനിക്കുന്ന ,മുഖശ്രീ തുടിച്ചുനിൽന്ന ആ കൈരളി ദേവിയെ നാമിന്ന് മറന്നു തുടങ്ങിയിരിക്കുകയാണല്ലോ. നമ്മുടെ മോഹങ്ങൾക്ക് നിറം പകർന്ന,നമ്മുടെ ജീവിതത്തിന് കരുത്തേകിയ നമ്മുടെ ഭാഷാ ശൈലിയെ നാം ഇന്ന് റിയാലിറ്റിഷോകൾക്ക് പണയം വച്ചു കൊണ്ടിരിക്കുകയല്ലേ. ഇന്ന് കേരളത്തിലുടനീളം മലയാളം പറയാൻ മടിക്കുന്ന മലയാളികളെ നമുക്ക് കാണാൻ കഴിയും. എൻ്റെ കുട്ടിക്ക് മലയാളം എഴുതുവാനും വായിക്കുവാനും കുറച്ച് കുറച്ചേ അറിയൂ എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളുടെ എണ്ണം ഇന്ന് ഏറിവരികയാണ്. ഇത്തരം മാതാപിതാക്കളെ, തങ്ങളുടെ മക്കൾ ഡിസ്പോസിബിൾ ഗ്ലാസും പ്ലേറ്റും വലിച്ചെറിയുന്നത് പോലെ വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയുമ്പോൾ സങ്കടപ്പെട്ടു കാര്യമില്ല. കാരണം പെറ്റമ്മയ്ക്ക് തുല്യമായ മാതൃഭാഷയെ അവഗണിക്കാൻ പഠിപ്പിച്ചത് ഇത്തരക്കാർ ആണല്ലോ. മറ്റുഭാഷകൾ മോശമാണെന്നോ പഠിക്കാൻ പാടില്ലാത്തവ യാണെന്നോ ഞാൻ പറഞ്ഞതിൽ അർത്ഥമില്ല. അതായത് മലയാളിയുടെ ചിന്തയുടെയും വികാരത്തെയും ഭാഷ മലയാളമാണ് മലയാളത്തിലൂടെ വേണം മറ്റു ഭാഷകളിലേക്ക് കടക്കേണ്ടത്. " മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മാർത്യനും പെറ്റമ്മതൻ ഭാഷ തൻ " ഇത് ആയിരിക്കട്ടെ നമ്മുടെ ചിന്തയും ശക്തിയും അഭിമാന മന്ത്രവും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |