സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/ചില കോവിഡ് കാല ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില കോവിഡ് കാല ചിന്തകൾ
   ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തിലാണ്. എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതും ഒരുപാട് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും കോവിഡിനെ ചൊല്ലിയാണ്. ലോകത്താകമാനം കാട്ടുതീ പോലെ അനുനിമിഷം പടർന്നുകൊണ്ടിരിക്കുകയാണ് കോവിഡ് -19 അഥവാ കൊറോണവൈറസ്ഡിസീസ്.
   വർഷങ്ങളായി നമ്മുടെ പിൻതലമുറക്കാർ പരിപാലിച്ചു പോരുന്ന പരിസ്ഥിതിയും നമ്മുടെ വ്യക്‌തിശുചിത്വവും പരിസരശുചിത്വവും നമ്മിലെ രോഗപ്രതിരോധശേഷിയും ഈ കോറോണയുമായി അദ്‌ഭുതകരമായ രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് വിചിത്രമാണ്. ഇന്ന് നാം ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ ഓരോ തരത്തിലുള്ള കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പരിസ്ഥിതിക്കും ചുറ്റുപാടിനും സംഭവിച്ചിരിക്കുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത് . കഴിഞ്ഞ രണ്ടു വര്ഷങ്ങളായി നാം അനുഭവിച്ച പ്രളയക്കെടുതി ഉദാഹരണമാണ്. മനുഷ്യരുടെ സ്വാർത്ഥതാൽപര്യങ്ങൾ എല്ലാവിധ പ്രകൃതി വിഭവങ്ങളുടയും ലഭ്യത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലതരത്തിലുള്ള മലിനീകരണങ്ങൾ സൃഷ്ഠിക്കുന്നതിലും മനുഷ്യൻ മുന്നിലാണ്.മലിനീകരണം പരിസരശുചിത്വം എന്ന കാഴ്ചപ്പാടിനെ തന്നെ നശിപ്പിക്കുന്നു .
   പ്രതിരോധത്തിന്റെ കാര്യമാണെങ്കിൽ ഒട്ടുമിക്ക വൈറസുകളെയും രോഗാണുക്കളെയും പ്രതിരോധി ക്കനുള്ള ശേഷി നമ്മുടെ ശരീരത്തിനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ ഇന്നത് എത്രത്തോളമാണെന്നത് പരിഗണിക്കേണ്ടിയിരിക്കുന്നു. കോറോണയുടെ കാര്യം എടുക്കുകയാണെങ്കിൽ രോഗപ്രതിരോധ ശേഷി ഉള്ളവർക്ക് ഈ രോഗം ഒരുപക്ഷെ പിടിപെടുകയാണെങ്കിൽ തന്നെ അതിന്റെ തീവ്രത വളരെ കുറവായിരിക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷെ മരണനിരക്ക് പരിശോധിക്കുകയാണെങ്കിൽ 40 വയസ്സിനു താഴെയുള്ള നിരവധി പേർ മരണത്തിനു കിഴടങ്ങിയിട്ടുണ്ട് എന്നത് വിഷമകരമായ കാര്യമാണ്. ഇന്നത്തെ നമ്മുടെ ജീവിതരീതി കാര്യമായ പ്രതിരോധശേഷി നമ്മിലുണ്ടാക്കാൻ പര്യാപ്തമല്ല എന്ന് സാരം.നമ്മുടെ ഭക്ഷണരീതിയിലും ജോലിയോടുള്ള കാഴ്ചപ്പാടിലുമെല്ലാം വന്ന മാറ്റം നമ്മെ ഇതിലേക്ക് നയിച്ചു എന്നതാണ് സത്യം. ശുചിത്വമില്ലാത്തിടങ്ങളിൽ നിന്നാണ് വൈറസുകളും മറ്റു രോഗാണുക്കളുമെല്ലാം അധികമായും പിറവിയെടുക്കുന്നത് . ആയതിനാൽ പരിസരശുചിത്വമില്ലാതെ നാം എത്ര തന്നെ വ്യക്തിശുചിത്വം കാത്തു സൂക്ഷിച്ചാലും അതിനു അർത്ഥമില്ല. നമ്മുടെ നിലനിൽപിന്റെ അവശ്യ ഘാടകങ്ങളായ മണ്ണും ജലവും വായുവുമെല്ലാം നമ്മുടെ കണക്കുകൂട്ടലുകൾക്കപ്പുറവും മലിനീകരിക്കപ്പെടുന്നു.
   പക്ഷെ കൊറോണ പരത്തുന്ന ഭീതി കാരണം സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കപ്പെടുകയും എല്ലാവരും വീടുകളിൽ കഴിയാൻ നിർബന്ധിതരാവുകയും ചെയ്തപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവിശ്വസനീയമാണ് . ഭക്ഷണത്തിനും മറ്റും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികൾ അവരുടെ ചുറ്റുവട്ടത്തുള്ള വിഭവങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. കുറേ പേരെങ്കിലും ചെറിയ അടുക്കളത്തോട്ടം ഒരുക്കി തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം മന്ദഗതിയിലായതാണ് കാരണം. ഡൽഹി പോലുള്ള മഹാനഗരങ്ങളിൽ വായു മലിനീകരണം കുത്തനെ കുറഞ്ഞു. വീട്ടിലെല്ലാവരും ചേർന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കൊറോണ ഒരുപാട് പേരുടെ ജീവൻ അപകടത്തിലാക്കുന്നു എന്നത് വാസ്തവമാണ്. എങ്കിലും വീട്ടിലിരിക്കുന്നതിനെ പഴിക്കുക്ക മാത്രം ചെയ്യാതെ ഈ കാലം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ മനസ്സിലാക്കാനും ഉപയോഗപ്പെടുത്താം.
ജെസ ജയ്സൽ
9 A സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം