"അമ്മേ അമ്മേ വാ വന്നിരിക്ക്. ഞാൻ പറഞ്ഞില്ലേ ഇന്ന് ഞങ്ങളുടെ സ്കൂളിൽ ഹെൽത്തിൽ നിന്ന് ആള് വരുമെന്ന്.”
"എന്നിട്ട് വന്നോ മോളെ?”
"വന്നു, എന്തെല്ലാം കാര്യങ്ങൾ പറഞ്ഞ് തന്നെന്നോ അമ്മേ,പക്ഷേ പനി കാരണം കുട്ടികൾ കുറവായിരുന്നു. അമ്മക്ക് കേൾക്കണോ?” നിത്യചോദിച്ചു. "വേണം മോളേ കേൾക്കണം.”
"നല്ല രസമായിരുന്നു അമ്മേ ഞാൻ എല്ലാം ശ്രദ്ധിച്ച് കേട്ടു. ആദ്യം പറഞ്ഞത് കൈകൾ കാണിക്കാൻ, അപ്പോൾ അനുജന്റെ കുസൃതി ചോദ്യം അവിടെ വണ്ടി വല്ലതും വന്നോ,കൈ കാണിക്കാൻ?” "നിത്യ പറയുന്ന കാര്യങ്ങൾ മോനും കേൾക്കണം" അമ്മ പറഞ്ഞു. അമ്മ പറയുന്നത് കേട്ട് നിത്യയുടെ അനുജനും അവിടെ ഇരുന്നു.
"ആദ്യം പറഞ്ഞത് എല്ലാവരും ആഴ്ചയിൽ ഒരിക്കൽ കൈകാലുകളിലെ നഖം വെട്ടണമെന്ന്. പിന്നെ നിത്യവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, ഭക്ഷണത്തിന് മുൻപും പിൻപും കൈയ്യും വായും കഴുകണം. തീർന്നില്ല ഇനിയും ധാരാളമുണ്ട് കാര്യങ്ങൾ, കഴുകി വെയിലത്തുണങ്ങിയ വസ്ത്രങ്ങൾ ധരിക്കണം, തുണികൾ ഇസ്തിരിയിടണം, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം, കീറിയ വസ്ത്രങ്ങൾ തയ്ച്ച് ഉപയോഗിക്കണം...” "തീർന്നോ ചേച്ചീ?” "ഇല്ല ഇനിയും ധാരാളം കാര്യങ്ങൾ ഉണ്ട്,തിളപ്പിച്ചാറിയ
വെളളം ധാരാളം കുടിക്കണം, പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കരുത്, ഭക്ഷണം കഴിവതും വീട്ടിലുണ്ടാക്കി കഴിക്കണം,ഭക്ഷണം അടച്ച് സൂക്ഷിക്കണം ,ആവശ്യത്തിന് മാത്രം കഴിക്കണം,ചവച്ചരച്ച് കഴിക്കണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം, റോഡിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്യരുത്,ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണം...” "എന്താ ചേച്ചി ഈ ഡ്രൈഡെ?” എടാ മോനെ ആഴ്ചയിലൊരിക്കൽ വീടിന് ചുറ്റുമുള്ള ചിരട്ട ,ടയർ, മുട്ടത്തോട്,ചെടിച്ചട്ടി, പ്ലാസ്റ്റിക് കവറുകൾ, വലിയ തേക്കില, ഇതിലൊക്കെ കെട്ടി നിൽക്കുന്ന വെള്ളം കളഞ്ഞ് വൃത്തിയാക്കണം,ഫ്രിഡ്ജിന്റെ പിന്നിലെ ഡ്രോയിലുള്ള വെള്ളംഎടുത്തുകളയണം..." "അങ്ങനെയുള്ള വൃത്തിയാക്കലിലൂടെയാണ് നമ്മൾ ഡ്രൈഡെ ആചരിക്കുന്നത് " അമ്മ ഇടയ്ക്ക് കയറിപ്പറഞ്ഞു.
"അമ്മേ, പിന്നെ പറഞ്ഞത് ബേക്കറി സാധനങ്ങൾ കഴിക്കരുതെന്ന്.” അനുവിന് വീണ്ടും സംശയം. "എന്താ കഴിച്ചാൽ?” "മോനെ, ചേച്ചി പറയാം, അതിലെല്ലാം ചേർത്തിരിക്കുന്ന സാധനങ്ങൾ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. മാത്രമല്ല, പഴകിയതുമാകും. വീടുംപരിസരവും വൃത്തിയാക്കുന്ന കാര്യവും പറഞ്ഞു. അപ്പോഴേയ്ക്കും ചോറുണ്ണാറായി. ഇനി വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് പറഞ്ഞു.” "കൊള്ളാം മോളെ .നല്ല കാര്യങ്ങൾ.ഇത് കേട്ട് മറക്കേണ്ടവയല്ല. നിത്യജീവിതത്തിൽ നമ്മൾ പാലിക്കേണ്ടതാണ്. കേട്ടോ.”
"ശരി അമ്മേ, വാ ചേച്ചി നമ്മുക്ക് പോയി TV കാണാം.” അനു പറഞ്ഞു. "അയ്യോ അമ്മേ, ഒരു കാര്യം മറന്നു.” എന്താ? “TV അധികം കാണരുത്, ഭക്ഷണം കഴിക്കുന്ന സമയത്ത് ഒട്ടും പാടില്ല, ദൂരെ ഇരുന്ന് കാണണം, മൊബൈൽ ഉപയോഗം കുറയ്ക്കണം.” "എന്നാ വാ ചേച്ചി...” അനുവിന് ക്ഷമകെട്ടു. "അമ്മേ ഓർക്കുമ്പോൾ ഇനിയും പറഞ്ഞു തരാം.” "ശരി മോളെ,നീ മിടുക്കിയാണല്ലോ. "അപ്പോ ഞാനോ അമ്മേ?” അനു ചോദിച്ചു. "മോനും മിടുക്കനാണേ....”