സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ മഹാമാരിയും മലയാളവും
മഹാമാരിയും മലയാളവും
ലോകത്തെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ ആഴ്ത്തിക്കൊണ്ട് എങ്ങും വിലസുകയാണ് "മഹാമാരി" എന്ന് ലോക ആരോഗ്യ സംഘടന വിളംബരം ചെയ്ത കോവിഡ് 19. പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥകളെഴുതി കുറിക്കുകയാണ് ഓരോ രാജ്യവും. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും കൊണ്ട് യാത്ര കുതിക്കുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ പുതുവഴികളും അതിജീവന മാർഗ്ഗങ്ങളും പരീക്ഷിച്ച് ഓരോ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും മുന്നേറുകയാണ്. ഈ ഭയാനകമായ അവസ്ഥയിൽ ലോകത്തിന് മാതൃകയാവുകയാണ് ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളം.
2019 ഡിസംബർ 1 ചൈനയിലെ വുഹാൻ നഗരം. പനിയും ചുമയും ആയി ചികിത്സതേടിയ ഒരു വ്യക്തി പ്രത്യേകതരം വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണിച്ചു. മത്സ്യ-മാംസ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. തൊട്ടുപിന്നാലെ വിവിധ ആശുപത്രികളിലായി ഇതേ ലക്ഷണങ്ങൾ കാണിച്ച് ആളുകളെത്തി. ഇവരിൽ മിക്കവരും ഇതേ മാർക്കറ്റിൽ സന്ദർശനം നടത്തിയവരായിരുന്നു. ജനുവരി 16ന് കൊറോണ വൈറസ്സിന്റെ പുതിയ അവതാരം ആദ്യ ജീവനെടുത്തു. ജനുവരി 30ന് വുഹാനിൽ നിന്ന് തിരിച്ചെത്തിയ തൃശൂർ സ്വദേശിയിൽ നിന്ന് ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചു.
പ്ലാനറ്ററി ഹെൽത്ത് എന്ന ശാഖ ശാസ്ത്രത്തിൽ വികസിച്ചു വരുന്ന കാലമാണിത്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനും പ്രകൃതിയുമായി എങ്ങനെ സമരസപ്പെട്ടു പോകണം എന്നാണ് ഇതിൽ പറയുന്നത്. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയിട്ടുള്ള അനാവശ്യ കടന്നുകയറ്റങ്ങൾ എല്ലാം വൻതിരിച്ചടി ഏറ്റുവാങ്ങിയിട്ടുണ്ട്. അതിൽ ഒന്നാണ് വുഹാനിലെ മാർക്കറ്റിൽ നിന്ന് മനുഷ്യശരീരത്തിലെ കൊറോണ വൈറസ്സ്. മനുഷ്യന് മഹാമാരികൾ പകർന്നു നൽകുന്ന വൈറസ്സുകളിൽ മിക്കത്തിന്റെയും ഉറവിടം മൃഗങ്ങളാണ്. കൊറോണയും ഉടലെടുത്തത് വവ്വാലിൽ നിന്നുമാണെന്നാണ് ശാസ്ത്രം കരുതുന്നത്. പക്ഷെ ഇത് മനുഷ്യരിൽ എത്തിയത് ഈനാംപീച്ചിയിൽ നിന്നാണ്. ഇവയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഘടനയും മനുഷ്യരിൽ കണ്ടെത്തിയ വൈറസിന്റെ ഘടനയും തമ്മിൽ 99 ശതമാനം സാമ്യം ഉണ്ട് എന്നതാണ് കണ്ടെത്തൽ. ഏലി, പാമ്പ്, അണ്ണാൻ, ഈനാംപീച്ചി തുടങ്ങി മിക്ക ജീവജാലങ്ങളെയും നിരത്തി വച്ച് വിൽക്കുന്നു ചൈന. മാംസ മാർക്കറ്റുകൾ ലോകത്തിന്റെ പല ഭാഗത്തുണ്ടെങ്കിലും ചൈനയിൽ ഉള്ളതിന് പ്രത്യേകതയുണ്ട്. വന്യജീവികളുടെ കച്ചവടവും ഇവിടെ നടക്കുന്നു. 1970 കാലഘട്ടത്തിൽ ചൈനയിൽ നേരിട്ട പട്ടിണിയാണ് വന്യജീവി കച്ചവടത്തിന് അനുമതി നൽകാൻ സർക്കാരിനെ നിര്ബന്ധിതമാക്കിയത്. ദാരിദ്ര്യം മറികടക്കാൻ അങ്ങനെ ഈ ഒരു വഴി കണ്ടെത്തിയ സർക്കാർ വന്യ ജീവികളെ രാഷ്ട്രസ്വത്തായി പ്രഖ്യാപിച്ചു. 2003ൽ പ്രകൃതി ചൈനക്ക് ആദ്യ മുന്നറിയിപ്പ് നൽകി. അന്ന് മദ്ധ്യ ചൈനയിൽ നിന്ന് ആരംഭിച്ച സാസ് കൊറോണ 37 രാജ്യങ്ങളിൽ പടർന്നു. ആയിരത്തോളം ആളുകൾ മരണപ്പെട്ടു. രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് വന്യജീവി കച്ചവടം അന്ന് ചൈന നിർത്തി. എന്നാൽ സാസ് നിയന്ത്രണ വിധേയമായതോടെ ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് വാൻ സംഭാവന നൽകുന്ന വന്യജീവി കച്ചവടത്തിന് വീണ്ടും സർക്കാർ പച്ചക്കൊടി വീശി. ഇതോടെ വംശനാശ ഭീഷണി നേരിടുന്ന ഈനാംപീച്ചി അടക്കമുള്ള ജീവജാലങ്ങളുടെ വ്യാപാരം മുമ്പത്തേക്കാൾ നന്നായി മുന്നേറി. സാസ് കൊണ്ട് പാഠം പഠിക്കാത്ത മനുഷ്യർക്ക് പ്രകൃതി നൽകിയ അടുത്ത ശിക്ഷയാണ് കോവിഡ് 19. മനുഷ്യന്റെ ദുരാഗ്രഹത്തെയും അഹന്തയെയും നേരിടാൻ കയ്യിൽ ഉഗ്ര ശക്തിയുള്ള ആയുധങ്ങൾ ഇനിയും ഉണ്ടെന്ന മുന്നറിയിപ്പ്.
പ്രളയം എന്ന ദുരന്തം നൽകിയ ആഖാതത്തിൽ നിന്ന് പൂർണമായി മുക്തിയാർജ്ജിക്കാത്ത കേരളത്തിന് പുതിയ വെല്ലുവിളിയാണ് കോവിഡ് 19. ഇതിനെ ഒത്തൊരുമയോടെ പ്രതിരോധിക്കുന്ന കേരളം ഇന്ന് ലോകത്തിന്റെ പ്രശംസക്ക് പാത്രമായി തീർന്നിരിക്കുന്നു. സർക്കാരും മറ്റ് എല്ലാ സംഘടനകളും ഒരുമിച്ച് കരളുറപ്പോടെ നിലകൊള്ളുകയാണ്. ഒപ്പമല്ല, മുൻപിലുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രിയും, കുടുംബത്തെ പോലും മറന്നു നാടിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും, രാപ്പകലില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനസുരക്ഷക്കായ് നിൽക്കുന്ന പോലീസ് സേനയും സർവോപരി വിദ്യാസമ്പന്നരായ ജനതയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സഹായകമാകുന്നു. ആയിരവും പതിനായിരവും ലോകത്തിന്റെ പല ഭാഗങ്ങളിൽ മരണപ്പെടുമ്പോൾ കൊറോണക്ക് കേരളത്തിൽ നിന്ന് എടുക്കാനായത് വെറും ൩ ജീവനുകൾ മാത്രം. വിദ്യാഭ്യാസമോ? അതങ്ങ് അമേരിക്കയിൽ.. റോഡോ? അതങ്ങ് ലണ്ടനിൽ.. നിയമങ്ങളോ? അതങ്ങ് ഗൾഫിൽ എന്നൊക്കെ പറയുന്ന ഒരു കൂട്ടം മനുഷ്യരോട് ഒരു കാര്യമേ പറയാനുള്ളു. ജനങ്ങളുടെ ജീവനാണ് ഏറ്റവും വില കല്പിക്കേണ്ടത്. അതിൽ നമ്മുടെ ഈ കൊച്ചു കേരളം ഏതൊരു വികസിത രാജ്യത്തിന് പോലും മാതൃകയാവുകയാണ്. സൗജന്യ ചികിത്സ, സൗജന്യ ഭക്ഷണം, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും എല്ലാ ജനങ്ങൾക്കും ഉറപ്പാക്കി. കേരളത്തിന്റെ കൊറോണ പ്രതിരോധത്തിന്റെ ഏറ്റവും വലിയ തെളിവാണ് സന്തോഷത്തോടെ കുടുംബത്തിന്റെ കൂടെ കഴിയുന്ന ഓരോ മലയാളിയും. ഇത് ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല. കരുതലിന്റെ സ്വന്തം നാട് കൂടിയാണ്. നിർദ്ദേശങ്ങൾ പാലിച്ച് പ്രത്യാശയോടെ ഒറ്റകെട്ടായി പ്രവർത്തിച്ച് നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ തുരത്താം.. ജയ്ഹിന്ദ്
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം