ശില എഴുത്ത്

നീ മടങ്ങുമ്പോൾ
ഞാൻ പെയ്തു തീരാതിരിക്കാൻ
എന്റെ മേഘങ്ങളെ കൂടി കൊണ്ടുപോവുക
തലതല്ലി ചിതറാതിരിക്കാൻ
തിരകളെയും,
പൊഴിഞ്ഞുണങ്ങാതിരിക്കാൻ കാടിനെയും
പിന്നെ കാറ്റിനെയും നിലാവിനെയും
എന്തിന് വെയില് പോലും
ബാക്കി വെക്കരുത്. എന്നിട്ട്
ഓർമ്മകളിൽ നിന്ന‍ൂരിയെടുത്ത
സ്വപ്നങ്ങളെ കഴുകിക്കളഞ്ഞ്
ചുംബനങ്ങളാൽ പൊതിഞ്ഞ്
മണ്ണിന്റെ ഇരുട്ടിൽ ഞാൻ
വീണ്ടും അനാഥമാക്കപ്പെടണം
വീണ്ടെടുക്കാനാവാതെ അനന്തതയിലേക്ക്
നീയെന്നെ വലിച്ചെറിയണം
അവസാനം,നാം നടന്ന ഇടവഴികളിലെ
പച്ചകൾ മായ്ച്ച് നക്ഷത്രങ്ങളെ
അണച്ച് അപരിചിതനായി നീ
തിരിച്ചു നടക്കണം.....

സലാഹ‍ുദ്ധീൻ
8 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത