എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ജീവൻ നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ജീവൻ നേടാം

തോരാമഴ ,നല്ല തണുപ്പുള്ള രാത്രി. വണ്ടൂരിലെ താൻ പണിയിച്ച ആശുപത്രിയിലെ ഒരു മുറിയിൽ കിടന്നുകൊണ്ട് രാമു വൈദ്യർ ഒരു ദീർഘനിശ്വാസം എടുത്തു . അപ്പോഴാണ് മുറിയിലേക്ക് ബാലൻ ഡോക്ടർ കടന്നുവരുന്നത്. രാമു എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ ഡോക്ടർ തടഞ്ഞു. "നാളെ നമുക്ക് ആശുപത്രി വിടാം രാമുവേട്ടാ . " " ഡോക്കിട്ടറെ , നിങ്ങളാണ് എനിക്ക് ഇന്ന് ഒരു പുതിയ ജീവിതം തന്നത് .താൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഈ ഗ്രാമത്തിനു മുമ്പിൽ ഒരു ക്രൂരനായ വ്യക്തി ആകുമായിരുന്നു .ഇന്നും അതൊക്കെ ഓർക്കുമ്പോ ..... ഉള്ളിലൊരു എരിച്ചിലാ." "എന്താ രാമുവേട്ടാ ... യിത് -.? എന്തായാലും നിങ്ങൾ ഒരു വൈദ്യൻ അല്ലേ ? കഴിഞ്ഞു പോയ കാര്യങ്ങളെല്ലാംഅധികം ചിന്തിച്ച് രോഗം കൂട്ടണ്ട കേട്ടോ ."

പിറ്റേന്ന് രാവിലെ രാമു ആശുപത്രിവിട്ടു .രാമുവിന്റെ മകൻ വേലായുധനും ഭാര്യ നാണിയും ഉണ്ടായിരുന്നു കൂടെ . വീട്ടിലെത്തി രാമുവിനെ അവർ അദ്ദേഹത്തിൻറെ കിടക്കയിൽ കിടത്തി. ഇടയ്ക്കിടെ ഗ്രാമവാസികൾ ഓരോരുത്തരായി രാമുവിനെ കാണാൻ വീട്ടിൽ എത്തുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ബാലൻ ഡോക്ടർ വീട്ടിൽ വന്ന് രാമുവിനെ പരിശോധിച്ചു. "പേടിക്കാനൊന്നുമില്ല " അദ്ദേഹം പറഞ്ഞു . ഡോക്ടർ വീട്ടിൽ നിന്ന് പോയപ്പോൾ രാമുവിന്റെ മനസ്സ് മൂന്നുവർഷം പിന്നോട്ട് പാഞ്ഞു.

പച്ചപ്പും ,കാടും മേടും. പുഴയും നിറഞ്ഞ അധ്വാനികളും സ്നേഹസമ്പന്നരുമായ ജനങ്ങളും ഉള്ള ഒരു സുന്ദര ഗ്രാമം .അവരുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. അതിനാൽതന്നെ അവർ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയില്ല. വിദ്യ നേടണമെങ്കിൽ പട്ടണത്തിൽ പോകണമായിരുന്നു. വണ്ടൂരിൽ നിന്നും ആരും തന്നെ പട്ടണത്തിൽ പോയി പഠിക്കാൻ മെനക്കെട്ടു മില്ല. വണ്ടൂരിലെ ഒരു ധനികനും പോരാത്തതിന് അവിടുത്തെഒരു മുറിവൈദ്യനുമായിരുന്നു രാമു. ഒരുരാജാവിന്റെ പദവി തന്നെയായിരുന്നു രാമുവിന് ആ നാട്ടിലുണ്ടായിരുന്നത് .

അങ്ങനെ വലിയ അസുഖങ്ങളൊന്നും അവിടുത്തുകാർക്ക് ഉണ്ടാകാറില്ല .രാമുവിനെ പോലെതന്നെ ധനികനും സ്നേഹസമ്പന്നനുമായ ഒരു വ്യക്തിയായിരുന്നു ശ്രീനിവാസനും.അദ്ദേഹം തൻറെ മകനെ നഗരത്തിലെ തന്റെ സഹോദരിയുടെ വീട്ടിൽ നിർത്തിയാണ് പഠിപ്പിച്ചിരുന്നത്. അവനാണ് ബാലൻ . പട്ടണത്തിൽ നിന്ന് അവൻ ഡോക്ടറായി. ഒരിക്കൽ ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടു. എല്ലാവരും രാമുവിന്റെ അടുത്തു ചെന്നു. രാമു പറഞ്ഞു, ഇത് ഈ കാലഘട്ടത്തിന്റേതാണ്.ഭൂമീദേവി തന്റെ പ്രജകളെ തിരികെവിളിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നും പറ‍‍‍ഞ്ഞ് അവരെ തിരികെ വിട്ട‍ു. പാവം ഗ്രാമവാസികൾ ഇതൊക്കെ വിശ്വസിച്ചു .

ഈ സമയത്താണ് ബാലൻ ഗ്രാമത്തിലേക്ക് വരുന്നത്. അവൻ ഈ പകർച്ചവ്യാധിയെപ്പറ്റി പഠിച്ചു .ഗ്രാമവാസികളെ പരിശോധിച്ചു .അവർക്ക് പ്രതിരോധ ശക്തിയ്ക്കുള്ള വാക്സിൻ നഗരത്തിൽനിന്നും വരുത്തി നല്കി. എന്നാൽ ബാലൻ ചെയ്യുന്ന ഈ കാര്യങ്ങൾ തന്റെ ഭാവിയെ ബാധിക്കും എന്ന് കരുതി രാമു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. " അവൻ വന്നത് ഭൂമിദേവിയുടെ തീരുമാനത്തിന് വിഘ്നം വരുത്താനാണ്. അവനെ ഇനിയും ഇവിടെ നിർത്തുന്നത് ശരിയല്ല . " രാമുവിനെ വാക്കുകേട്ട് ഗ്രാമവാസികൾ ബാലനെ പുറത്താക്കി .

ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗം രാമുവിന്റെ മക്കൾക്കും പിടിപെട്ടു. ഗ്രാമവാസികളിൽ ഭൂരിഭാഗം പേർക്കും . കൂട്ടത്തിൽ ബാലന്റെ കുടുംബത്തിനും .ഏതാനും സാമ്പത്തിക ഇടപാടുകൾ മൂലം ബാലന്റെ കൂടെ അവർ നഗരത്തിലേക്ക് പോയില്ല. ബാലന് ഇത് കണ്ടു നിൽക്കാൻ സാധിച്ചില്ല .അദ്ദേഹം തന്റെ ഗ്രാമത്തിൽ ചെന്ന് എല്ലാവരെയും ശുശ്രൂഷിച്ചു. എല്ലാവരുടെയും രോഗം മാറുകയും ചെയ്തു . രാമുവിന്റെകുടുംബവും രക്ഷപ്പെട്ടു .

താൻചെയ്തതിന് പരിഹാരമായാണ് രാമു വണ്ടൂർ ഗ്രാമത്തിൽ ഒരു ആശുപത്രി സ്ഥാപിച്ചത്. ആശുപത്രി മേൽനോട്ടം ബാലനെ ഏൽപ്പിച്ചു. അപ്പോഴാണ് ഗ്രാമവാസികൾ ആയുർവേദത്തെ തള്ളിപ്പറയാൻ തുടങ്ങുന്നത്. ഇത് കേട്ടപ്പോൾ ബാലന് സങ്കടമായി . നിരക്ഷരരായ ഗ്രാമവാസികൾക്ക് ശരിയായ ആരോഗ്യ വിവരങ്ങൾ നൽകാൻ അവൻ തീരുമാനിച്ചു .അതിനായി അദ്ദേഹം ഗ്രാമവാസികളെ എല്ലാം വിളിച്ചു കൂട്ടി. ജനങ്ങളെല്ലാംആശുപത്രിയിൽ വന്നു. ബാലൻ അലോപ്പതിചികിത്സയുടെയും ആയുർവേദ ചികിത്സയുടെയും ശരിയായ വിവരങ്ങൾ അവർക്ക് പറഞ്ഞു കൊടുത്തു . പ്രതിരോധത്തെക്കുറിച്ച് അവർക്ക് ബോധവൽക്കരണം കൊടുത്തു .കുട്ടികൾ ജനിക്കുമ്പോൾ മുതൽ ഓരോ പ്രായത്തിലും നൽകേണ്ട വാക്സിനുകളെപറ്റിയും, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രതിരോധം വർധിപ്പിക്കാൻ നൽകുന്ന ഭക്ഷണ ശീലങ്ങളെക്ക‍ുറിച്ചും വ്യക്തിശുചിത്വം എങ്ങനെ പാലിക്കാം എന്നതിനെക്കുറിച്ചും അവരെ പഠിപ്പിച്ചു ഒരു ചികിത്സയും മോശമല്ലഎന്ന് അവർ തിരിച്ചറിഞ്ഞു.

പിന്നീടുള്ള കാലം ആ ഗ്രാമവാസികൾക്ക് തുണയായി ബാലൻ ജീവിച്ചു. ആശുപത്രി മാത്രമല്ല വിദ്യാഭ്യാസവും പ്രധാനമെന്ന് തിരിച്ചറിഞ്ഞ ഗ്രാമവാസികൾ വണ്ടൂരിൽ ഒരു സ്കൂൾ സ്ഥാപിച്ചു .പിന്നീട് ബാലൻ ഡോക്ടറുടെയും ഗ്രാമവാസികളുടെയും നേതൃത്വത്തിൽ വികസിച്ചു; മാലിന്യത്തിനോ, ശുചിത്വമില്ലായ്‍മക്കോ സ്ഥാനം കൊടുക്കാതെ ,ഏവർക്കും മാതൃകയായി വണ്ടൂരിലെ ആ ആതുരാലയം.

ഡെന്ന മരിയ ലൂയിസ്
XA എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ