എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/തൂക്കുമരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തൂക്കുമരങ്ങൾ

അശുദ്ധിയുടെ രക്തം വാർന്ന കുഞ്ഞുടുപ്പുകളിലൊന്ന്
കുരുക്കിൽ നിന്നും വേർപെടാതെ ചേർന്നുനിൽപ്പുണ്ടാവാം...
വഴികൾ അവസാനിക്കുന്നിടം വരെ മാത്രം അനുഗമിക്കാൻ വിധിക്കപ്പെട്ട
പാതി തേഞ്ഞ ചെരുപ്പുകളും നിഴൽരൂപങ്ങളുടെ ചവിട്ടടികളെ ഭയന്ന് ഒളിച്ചിരുന്നതാവാം,
ചിറകുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ നിറം മങ്ങിയ
കടലാസുചീന്തുകളായ് മാത്രം മൗനത്തോടെ അവശേഷിച്ചിരിക്കാം,
പ്രാണവെപ്രാളം തീർത്ത മുറിവുകളിൽ അവശേഷിക്കാതെ പോയവ
ഉള്ളുകീറിമുറിക്കുമ്പോൾ അറിയാതെ പുറത്തുവന്നിരിക്കാം,
ഇഴ പിരിയാത്ത കയർനാരുകൾ കുരുക്കടയാളത്തോടെ
കുഞ്ഞുകഴുത്തുകളെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കാം,
ഇരുട്ടുപുകയുന്ന ഒറ്റമുറി വീട്ടിൽ വെളിച്ചം,
കരച്ചിലുകൾക്കൊടുവിൽ മൗനത്തോടെ കടന്നുവന്നിരിക്കാം,
രക്തം കലർന്ന സന്ധ്യകളിൽ
എരിഞ്ഞുതീർന്ന പിഞ്ചു ദേഹങ്ങൾക്കുമീതെ ഇനിയും
എരിയാതെ പുകയുന്ന കനലുകൾ തേടി
കഴുകന്മാർ റോന്തുചുറ്റുന്നുണ്ടാവാം....

ധന്യ സി ആർ
11 എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ