എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/പ്രവാസി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസി

ഓരോ വീട്ടുമുറ്റത്തും പത്രമെത്തിച്ച് ജീവിതത്തിൻ്റെ രണ്ടറ്റത്തെയും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുകയായിരുന്നു ഇശാൻ.അന്നന്നത്തേക്കുള്ളത് എങ്ങനെയെങ്കിലും ഒപ്പിച്ച് കഴിഞ്ഞ് പോവുന്ന കടുംബം. ദിവസവും കുതിച്ചുയരുന്ന ചിലവുകൾക്ക് മുന്നിൽ അവൻ്റെ വരുമാനം പര്യാപ്ത്തമല്ലായിരുന്നു.ഒരു മെച്ചപ്പെട്ട ജോലിയും ശമ്പളവും കിട്ടിയാലെ ആരെയും ആശ്രയിക്കാതെ ജീവിതത്തിൻ്റെ കരുക്കൾ നീക്കാൻ കഴിയൂ എന്ന് ഇശാൻ തിരിച്ചറിയുന്നതോടെ അവൻ മനസ്സിൽ മന്ത്രിച്ചു "നല്ല ജോലി അതാണെൻ്റെ ലക്ഷ്യം" അങ്ങനെ അവൻ കണ്ടെത്തിയ ഒരു ഉപാധി മാത്രമായിരുന്നു ആ നാടുവിടൽ. അവൻ വായിച്ചു തീർത്ത പുസ്ത്തക താളുകളിലെ പ്രവാസ ജീവിതങ്ങൾ അവനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മുന്നിൽ അതല്ലാതെ മറ്റൊരു വഴിയും അവൻ കണ്ടില്ല. ഒരു പുതുവർഷം ,മനം നിറയെ മധുരസ്വപ്നങ്ങളുമായി "അടുത്ത വർഷം കാണാം " എന്ന ഉറപ്പിൽ പറന്നുയരുമ്പോഴും ഒന്നേ അവൻ്റെയുള്ളിലുണ്ടായിരുന്നുള്ളു 'ദാരിദ്ര്യത്തിൽ നിന്നൊരു മോചനം '. അറബിയുടെ കൈയ്യും കാലും പിടിച്ച് നേടിയ ആ ജോലി കൊണ്ട് ഇശാൻ അവൻ്റെ ലക്ഷ്യം സാഫല്യത്തിൽ വരുത്തി കൊണ്ടിരുന്നു. കുടുംബത്തിൻ്റെ സന്തോഷം അത് മാത്രമായിരുന്നു അവൻ്റെയും സന്തോഷം.അങ്ങനെയിരിക്കയാണ് ലോകം മുഴുവൻ ഒരു ഞൊണുങ്ങു വൈറസിന് മുന്നിൽ മുട്ട് കുത്തുന്നത് .കാട്ടുമൃഗങ്ങളിൽ നിന്ന് പകർന്നതെന്ന് കരുതുന്ന ആ കുഞ്ഞൻ വൈറസ് ചൈനയിൽ നിന്ന് യാത്രയാരംഭിച്ച് മനുഷ്യരിലൂടെ അതിശീഘ്രം ലോകം ചുറ്റി.വൈറസ് ഭീതിയിൽ പേടിച്ചരണ്ട് മനുഷ്യകുലമൊന്നാകെ ഉൾവലിഞ്ഞപ്പോൾ മഴ പെയ്തൊഴിഞ്ഞ പോലെ ഒരു മൂകമായ അന്തരീക്ഷം ലോകമെങ്ങും തളം കെട്ടി നിന്നു. ലോകം അവനെ കോവിഡ് 19 എന്ന് ഓമനപേരിട്ട് വിളിക്കുമ്പോഴും എത്രമാത്രം ആഘാതമാണിവൻ സൃഷ്ട്ടിക്കുകയെന്നത് ഇശാൻ്റെ ചിന്തക്കപ്പുറമുള്ള കാര്യമായിരുന്നു. രൂപത്തിൽ മാത്രം കുഞ്ഞനായ അവനെ തുരത്താൻ ലോക് ഡൗണും പ്രഖ്യാപിച്ചതോടെ ലേബർ ക്യാമ്പിൽ ഇശാൻ്റെ ജീവിതം ലോക്കായി. സാമൂഹിക അകലം പാലിക്കാൻ പറയുമ്പോൾ അവൻ ചിന്തിച്ചു "ഈ കുടുസ്സ് മുറിയിൽ എന്ത് സാമൂഹിക അകലം?" "ഒരു തടവറ പോലെ അല്ല അതിനേക്കാളും കഷ്ട്ടം!" അവൻ പിറുപിറുത്തു. നാട്ടിലുള്ളവർ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യുന്നതിനേക്കുറിച്ചോർത്തപ്പോൾ അവൻ അവനേക്കുറിച്ചോർത്ത് ചിരിച്ചു. കൈ കഴുകൽ, സാമൂഹിക അകലം .... നജീബ് അഹമ്മദിനെ * പോലെ എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നോർത്തു, പക്ഷേ എങ്ങനെ പോകും? വൈറസ് ഭീതിയിൽ സർവ്വീസ് നിർത്തിയ വിമാനങ്ങൾ അവൻ്റെ പ്രതീക്ഷകൾക്ക് മുന്നിൽ വിലങ്ങുതടിയായി കിടന്നു.അടുത്ത ദിവസം നേരം തെറ്റിയുണർന്ന അവൻ തനിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞു. ഒന്നു പറഞ്ഞറിയിക്കാൻ അവന് കഴിഞ്ഞില്ല. അവൻ തളർന്നുവീണു. ആശുപത്രിക്കിടക്കയിലാണെങ്കിലും താനെന്താണിവിടെ എന്ന് തിരിച്ചറിയാനാവാതെ കിടന്ന ഇശാന് മുന്നിൽ ആരോഗ്യ പ്രവർത്തകരെല്ലാം ബഹിരാകാശ സഞ്ചാരികളായിരുന്നു.മരുന്നില്ലാത്ത ആ രോഗത്തിൻ്റെ പിടിയിൽ നിന്ന് ഇശാൻ ഊരി പോന്നുകൊണ്ടിരുന്നെങ്കിലും "മൃതശരീരം പോലും നാട്ടിലെത്തില്ല " എന്ന വാർത്ത കേട്ടതോടെ ആശുപത്രിക്കിടക്കയിലിരുന്ന് അവൻ നാട്ടിലേക്ക് കത്തെഴുതി "ഇനിയൊരു കൂടിക്കാഴ്ച്ച സാധ്യമല്ല!.എന്നാലും കത്തിൻ്റെ അവസാനം അവൻ പ്രതീക്ഷകളോടെ എഴുതി.നാം ഇതിനെയും അതിജീവിക്കും .

ഫഹ്മിത പി എ
10 A എം ജി എം ഗവ .ഹയർ സെക്കണ്ടറി സ്കൂൾ നായത്തോട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ