ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ആരോഗ്യ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ബോധം


മനുഷ്യൻ നിലനിൽക്കാൻ വേണ്ടി ഒരുമിച്ച് പൊരുതുകയാണ്. ഈ കുറിപ്പെഴുതുമ്പോൾ 165000 ത്തിലധികം മനുഷ്യർ കൊറോണ ബാധിച്ചു മരിച്ചു കഴിഞ്ഞു. നമ്മെപ്പോലെ ജീവിച്ചിരുന്നവരാണവർ. അവരുടെ കുഴിമാടങ്ങളിലെ നനവു മാറാത്ത മണ്ണിൽ ചവിട്ടി നിന്നാണ് അതിജീവിക്കാനായി നമ്മൾ ഒരുമിച്ച് പൊരുതുന്നത്. പകർച്ചവ്യാധികളെ നിയന്ത്രിക്കുക എന്നത് ആരോഗ്യത്തിന്റെ സുപ്രധാന വശമാണ്.

കേരളം ആരോഗ്യ രംഗത്ത് ഒട്ടേറെ മുന്നേറി. അതുകൊണ്ടാണ് നമുക്ക് കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞത്. പ്രതിരോധം ഉണ്ടാക്കുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. പ്രതിരോധം ഭക്ഷണശീലങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ജങ്ക് ഫുഡ് ആരോഗ്യത്തെ നശിപ്പിക്കുന്നു. കോള പാനീയങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലിയും മദ്യപാനവും പിന്നെ പറയുകയും വേണ്ട. നല്ല ഭക്ഷണം ശീലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും.

ആരോഗ്യസംരക്ഷണത്തിന്റെ മറ്റൊരു ഉപാധിയാണ് വ്യായാമം. ശരീരത്തിൽ രക്തം നന്നായി ഓടുന്നതിനും പേശികൾക്കും എല്ലുകൾക്കും ബലം കൂട്ടുന്നതിനും വ്യായാമം സഹായിക്കും. കളികളിൽ ഏർപ്പെടുന്നത് ഒരേസമയം വ്യായാമവും മാനസിക ഉല്ലാസവും തരുന്നു.

മൊബൈൽ ഗെയിമുകൾ, ടിവി സ്ക്രീൻ എന്നിവ സമയം അപഹരിക്കുന്നതും ശാരീരിക ആരോഗ്യം കുറയ്ക്കുന്നതും കണ്ണുകൾ കേട് വരുത്തുന്നതുമാണ്. ഉപവാസം അഥവാ നോമ്പ് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.

കൂട്ടുകാരുമായുള്ള കളിചിരികളും സംസാരങ്ങളും ഒക്കെ മാനസികമായ ആരോഗ്യത്തിനും ഉല്ലാസത്തിനും ഉതകും. മുതിർന്നവർ നടത്തം ഒരു ശീലമാക്കി എടുക്കണം. യോഗാസനം, നമസ്കാരം എന്നിവയൊക്കെ നല്ല വ്യായാമമുറകളാണ്. മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കും. പ്രകൃതിചികിത്സ അനുസരിച്ച് ആവി കൊണ്ട് വിയർപ്പിക്കൽ, വെള്ളത്തിൽ കിടക്കൽ, ഇളം വെയിൽ കൊള്ളൽ തുടങ്ങിയവ രോഗ ചികിത്സക്കും ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.

കുട്ടികൾക്ക് സമയത്തിന് വാക്സിനേഷൻ കൊടുക്കണം. അവർക്ക് എല്ലുകളും പല്ലുകളും വളരാനും ഉറപ്പു കിട്ടാനും എല്ലാം കാൽസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യമാണ്.

ഔഷധ ചെടികളായ കഞ്ഞി കൂർക്കൽ, ആര്യവേപ്പ്, തുളസി തുടങ്ങിയവ ആരോഗ്യത്തിനു വളരെ ഉപകാരപ്പെടുന്നു.

ഈച്ച കൊതുക് തുടങ്ങിയ പ്രാണികൾ പെരുകുന്നത് തടയണം. കൊതുക് പെരുകുന്നത് തടയാൻ എളുപ്പമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയാൽ മതി. ഈച്ചകളെ തുരത്താൻ വൃത്തിയാണ് ആവശ്യം.

ശരീരത്തിന് നല്ല പ്രതിരോധം ഉണ്ടെങ്കിൽ ഏതു കൊറോണ വൈറസും മനുഷ്യന് ഏൽക്കുകയില്ല. ശാരീരിക ശുദ്ധിയോടൊപ്പം അഹങ്കാരം, അസൂയ, വെറുപ്പ്, വിദ്വേഷം, തുടങ്ങിയ ദുർഗുണങ്ങൾ മനസ്സിൽ നിന്നും ഒഴിവാക്കുകയും ഔദാര്യം, സ്നേഹം എന്നീ സൽ ഗുണങ്ങൾ നട്ടു വളർത്തുക കൂടി ചെയ്താൽ നല്ല മാനസികാരോഗ്യം നേടാം. ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവിത ശീലങ്ങൾ പരിഷ്കരിച്ചാൽ ആയുരാരോഗ്യ സൗഖ്യം നേടാം. അപ്പോൾ ഇത്രയധികം ആശുപത്രികൾ വേണ്ടി വരില്ല .

ഫിദ ഫിർദൗസ്
4 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം