ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ പരിസ്ഥിതി ചിന്തകൾ.

കൂട്ടുകാരെ, നമ്മൾ എല്ലാം ഈ വെക്കേഷൻ കാലത്ത് മൈതാനങ്ങളിൽ ഓടിച്ചാടി കളിക്കേണ്ടതായിരുന്നല്ലോ. എന്നാൽ നമ്മൾ ഇപ്പോൾ നമ്മുടെ വീടിന്റെ മതിലുകൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ്. എന്തുകൊണ്ടാണ് നമ്മൾ ഇപ്പോൾ ഇങ്ങനെ വീട്ടുതടങ്കലിൽ കിടക്കേണ്ടി വന്നത് എന്ന് എല്ലാവർക്കുമറിയാം. ലോകം നേരിടുന്ന ഒരു വൻ മഹാമാരിയായ കൊറോണ വൈറസാണ് ഇതിനെല്ലാം കാരണം. വമ്പൻമാരായ രാജ്യങ്ങൾ പോലും ഈ വൈറസിന്റെ മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുകയാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ ഇത്രയേറെ വളർച്ച ഉണ്ടായിട്ടും ഒരു അതിസൂക്ഷ്മ വൈറസിന് ലോകത്തെ ആകമാനം ഇങ്ങനെ നിശ്ചലമാക്കാൻ കഴിയുന്നുണ്ടെന്ന കാര്യം നമ്മൾ വിദ്യാർത്ഥികൾ വളരെ ഗൗരവമായി പരിശോധിക്കേണ്ടതാണ്. നമ്മൾ പഠിച്ചതും വളർന്നതുമെല്ലാം ഒരു ചെറിയ വൈറസിനു മുന്നിൽ ഒന്നുമല്ല എന്ന് ഇപ്പോൾ മനസ്സിലായി. ആയതിനാൽ, നമുക്കൊന്നു തിരിച്ചു ചിന്തിച്ചാലോ?

ഈ പ്രപഞ്ചത്തിൽ ജീവനുള്ള ഒരേയൊരു ഗോളം ഭൂമിയാണ്, ഈ ഭൂമിയിൽ ജീവന്റെ മൂല്യമറിഞ്ഞു അത് നിലനിർത്താൻപരിശ്രമിക്കേണ്ടത് അറിവുള്ള മനുഷ്യനാണ്. എന്നാൽ ആ മനുഷ്യന്റെ പരിശ്രമങ്ങളും അന്വേഷണങ്ങളും എല്ലാം പ്രകൃതിയെ ചൂഷണം ചെയ്യാനും നശിപ്പിക്കുവാനും ഉള്ള സൂത്രപ്പണികൾ കണ്ടെത്താൻ ആണ് ഉപയോഗിച്ചത്. ജീവനെ സംരക്ഷിക്കേണ്ട മനുഷ്യൻ ജീവനെ നശിപ്പിക്കുവാനുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടി. ലോക രാജ്യങ്ങൾ എല്ലാംകൂടി ഒരു വർഷം യുദ്ധത്തിനും, ആയുധങ്ങൾക്കും വേണ്ടി ഏതാണ്ട് രണ്ട് ലക്ഷം കോടി ഡോളർ ചെലവഴിക്കുകയാണ്. സ്നേഹിക്കാൻ പഠിപ്പിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നവരായ നമ്മൾ വെറുപ്പിനു വേണ്ടിയുള്ള ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് എന്തൊരു വിഡ്ഢിത്തമാണ്. ഇങ്ങനെ പ്രകൃതിയെ ചൂഷണം ചെയ്തു പ്രകൃതിയോട് യുദ്ധം ചെയ്യുന്ന മനുഷ്യന് ലഭിച്ച ഒരു ചെറിയ തിരിച്ചടിയാണ് കോവിഡ് 19. ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെങ്കിലും നാളെ നമ്മൾ പുതിയ യുദ്ധങ്ങളെ നേരിടേണ്ടിവരും. ആയതിനാൽ വിദ്യാർത്ഥികളായ നമ്മൾ ഒരു പുനരാലോചന നടത്തേണ്ടതില്ലേ !

നിപ്പ, ആന്ധ്രാക്സ്, ഡെങ്കു ഫീവർ, ചിക്കൻ ഗുനിയ, തുടങ്ങിയ രോഗങ്ങളും വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ ദുരന്തങ്ങളും ആവർത്തിച്ചു വരുന്നതിന് കാരണം കണ്ടെത്തണം. ഇത് പ്രകൃതിയുടെ വികൃതിയല്ല. മനുഷ്യൻ ഉണ്ടാക്കി വച്ച വികൃതിയാണ്. അവനവന്റെ സുഖത്തിനുവേണ്ടി മാത്രം പ്രകൃതിയെ ചൂഷണം ചെയ്ത്, ഭൂമിയുടെ കാലാവസ്ഥയും ആവാസവ്യവസ്ഥയും തകിടം മറിഞ്ഞു പോയി. കവി ഒഎൻവി കുറുപ്പ് വർഷങ്ങൾക്കു മുമ്പ് എഴുതിയ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ

"സർഗ്ഗലയ താളങ്ങൾ തെറ്റുന്നു

ജീവരഥ ചക്രങ്ങൾ ചാലിലുറയുന്നു."

എന്ന് പാടിയതുപോലുള്ള അനുഭവം ഇപ്പോൾ നമ്മൾ നേരിടേണ്ടിവന്നു. ആയതിനാൽ നമ്മുടെ അത്യാർത്തിയെ കുറച്ചുകൊണ്ട് പരമാവധി പ്രകൃതിയോടൊപ്പം ഇണങ്ങി ജീവിക്കാൻ പരിശ്രമിക്കണം. മഹാത്മാഗാന്ധി പറഞ്ഞതുപോലെ മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്, എന്നാൽ അവന് അത്യാർത്ത്തിക്കുള്ളതൊന്നും പ്രകൃതിയിൽ ഇല്ല. വിദ്യാർത്ഥികളായ നമ്മളാണ് ഇത്തരം ചിന്തകൾക്ക് തുടക്കം കുറിക്കേണ്ടത്. അറിവ് വളരുന്നതിന് ആനുപാതികമായി സുഖസൗകര്യങ്ങൾ വളരണമെന്നത് ഒരു തലതിരിഞ്ഞ ചിന്താഗതിയാണ്. നമ്മുടെ അറിവുകൾ ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്. അത്തരത്തിൽ ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്ന് എല്ലാ സഹപാഠികളോടും അഭ്യർത്ഥിച്ച് ലേഖനം ചുരുക്കുന്നു.

ആസാദ് സൂര്യൻ
8E ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം