പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

എന്നത്തെയും പോലെ എല്ലാവരുടെയും വഴക്കും ബഹളവും കേട്ടാണ് ഞാൻ ഉണർന്നത്. ഞങ്ങൾ ഞാനും അച്ചനും അമ്മയും ഒരു കോളനിയിലാണ് താമസിച്ചിരുന്നത്.' അവിടെ ഒരു പാട് കുടുംബങ്ങൾ ഉണ്ട്. എല്ലാ മതത്തിലുള്ളവരും. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പേരിൽ എന്നും വിദ്വേഷവും നിലനിന്നിരുന്നു.

അച്ഛന് കൂലിപ്പണിയാണ്.ദിവസക്കൂലി കൊണ്ട് ഞങ്ങൾ അല്ലലില്ലാതെ ജീവിച്ചിരുന്നു. സ്കൂളിൽ മറ്റു കുട്ടികളുടെ കൈയിൽ എന്തെങ്കിലും പുതിയ സാധനങ്ങൾ കണ്ടാൽ അത് വാങ്ങാൻ അമ്മയോട് ശാഠ്യം പിടിക്കും.

"നീ ഒന്ന് ഇരുന്ന് പഠിക്ക് സ്വയം ഇരുന്ന് പിച്ചും പേയും പറയുന്ന് " എന്ന് പറഞ്ഞുള്ള അമ്മയുടെ ആർപ്പുവിളികൾ.

"നിനക്ക് ഈ സൗകര്യങ്ങൾ എല്ലാം കിട്ടുന്നതുകൊണ്ടാ നീ ഇങ്ങനെ പറയുന്നത് ".അച്ഛൻ കൊണ്ടുവരുന്ന തുച്ഛമായ പൈസയിൽ നിന്ന് ഈ ഒരു കൊച്ചു വീടെങ്കിലും ഉണ്ടാക്കാൻ പറ്റിയല്ലോ. ഇതൊന്നും ഇല്ലാത്ത എത്ര പേരുണ്ടെന്നറിയോ നിനക്ക് " .

"ആ പാപത്തിനാണെങ്കിൽ പണിയും കുറവാണ്. ഇന്നലെ പണിയെടുക്കുമ്പോൾ എന്തോ വയ്യായ്ക തോന്നി എന്നു പറയുന്നത് കേട്ടു."

ഇതെല്ലാം കേട്ട് പഠിക്കാനിരിക്കുമ്പോൾ കോളനിക്കാരുടെ അടിയും പിടിയും. പുറത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോ അച്ഛൻ വന്നതാണ്. പതിവില്ലാതെ ഓട്ടോറിക്ഷയിൽ വന്നത് കണ്ട അമ്മ പേടിയോടെ വന്നു.

"ദൈവമേ എന്താ പറ്റിയത്? എന്താ ഒരു ക്ഷീണം പോലെ.

"ഇല്ല ഒന്നുമില്ല. നീ പോയി കുടിക്കാൻ ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടു വാ "

അച്ഛൻ പറയുന്നത് കേട്ടതും ഞാൻ വെള്ളമെടുക്കാൻ ഓടി.വെള്ളം വാങ്ങിയിട്ട് മോള് പോയി പഠിച്ചോളു എന്ന് അച്ഛൻ പറഞ്ഞു. രാത്രിയിൽ അച്ഛനും അമ്മയും സംസാരിക്കുന്നതു കേട്ട് എനിക്കൊന്നും മനസ്സിലായില്ല. രാവിലെ ഉണർന്നപ്പോൾ അമ്മ ഒന്നും മിണ്ടുന്നില്ല. അച്ഛനെവിടെ എന്ന് ഞാൻ അന്വേഷിച്ചു. ഹോസ്പിറ്റലിൽ പോയി എന്ന് അമ്മ പറഞ്ഞു.ഹോസ്പിറ്റലിൽ നിന്നും മടങ്ങിയെത്തിയ അച്ഛൻ റൂമിൽ കയറി കിടന്നു.അമ്മയുടെ കരച്ചിൽ കേട്ട് ഞാൻ അകത്ത് കയറിയപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛന് ഇനി ജോലിക്ക് പോകാൻ കഴിയില്ല എന്ന് അമ്മ പറഞ്ഞു. പതുക്കെ അമ്മ കാര്യങ്ങൾ എന്നെ പറഞ്ഞു മനസ്സിലാക്കി. അച്ഛന് ക്യാൻസറാണ് സ്ഥിതി അല്പം മോശമാണ്. ഞാൻ ഒരു നിമിഷം ഉരുകി ഇല്ലാതായിപ്പോയി.

കിട്ടാവുന്നെടുത്തുനിന്നെല്ലാം കടം വാങ്ങിയിട്ടും അച്ഛന്റെ ചികിത്സാ ചിലവും ജീവിതവും കൂടി മുന്നോട്ട് കൊണ്ടു പോകാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ അമ്മ വിദേശത്തു പോയി ജോലി ചെയ്യാൻ തീരുമാനിച്ചു.ഇത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു.പോവാനിറങ്ങിയ അമ്മ നിറകണ്ണുകളോടുകൂടി പറഞ്ഞു. മോള് വിഷമിക്കരുത് നമ്മുടെ അച്ഛനു വേണ്ടിയല്ലെ. കരഞ്ഞു കലങ്ങിയ കണ്ണുമായി നടന്നു നീങ്ങുന്ന അമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. ഞാൻ ഭൂമിയിലേക്ക് താഴ്ന്നു പോകുന്നതു പോലെ തോന്നി. അങ്ങനെ ഞാനും അച്ഛനും ആ വീട്ടിൽ തനിച്ചായി.

അമ്മ പോയി രണ്ടു മാസം കഴിഞ്ഞു.ശമ്പളം മുടങ്ങാതെ അയച്ചുതുടങ്ങി. മുടങ്ങിപ്പോയ അച്ഛന്റെ ചികിത്സ വീണ്ടും തുടങ്ങി.ഒരു ദിവസം ടി.വി.കാണുമ്പോഴാണ് ആ വാർത്ത കണ്ടത്. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്. .അതിന് മരുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വിദേശ രാജ്യങ്ങളിൽ അനേകം പേർ മരിച്ചു. പെട്ടെന്ന് അമ്മയെ കാണാൻ തോന്നി. അമ്മ വിളിച്ചപ്പോൾ കുഴപ്പമില്ല ജോലിക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നി.

നാളുകൾ കഴിയുംതോറും കോവിഡ് 19 എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വീട്ടിനടുത്തുള്ള എന്റെ ചങ്ങാതിമാർ ആമിനയും ജോസഫും മായയുമായിരുന്നു. അങ്ങനെ പരീക്ഷയെഴുതാതെ ഞങ്ങളുടെ സ്കൂൾ അടച്ചു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലിയവർ ഒന്നായി. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ പള്ളികളും കോളേജുകളും ഹോസ്പിറ്റലുകളും ഐസോലേഷൻ വാർഡിനു വേണ്ടി വിട്ടുകൊടുത്തു.സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ ചായയുമായി ചെന്ന് അച്ഛനെ വിളിച്ചപ്പോൾ അച്ഛൻ മിണ്ടുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു. ആരൊക്കയോ ചേർന്ന് അച്ഛനെ വീട്ടിൽ എത്തിച്ചു.ഐ.സി.യു.വിൽ നിന്ന് പുറത്തു വന്ന നഴ്സ് അച്ഛൻ ഞങ്ങളെ വിട്ടു പോയി എന്ന് പറഞ്ഞു. എന്റെ കണ്ണിൽ ഇരുട്ട് കയറി. ബോധം വന്നപ്പോൾ ഞാൻ വീട്ടിലായിരുന്നു. കൊറോണ ആയതിനാൽ അമ്മയ്ക്ക് നാട്ടിൽ വരാൻ കഴിയില്ലെന്ന് ആരൊക്കെയോ പറഞ്ഞു ഞാൻ കേട്ടു.അച്ഛനെ കിടത്തിയത് അമ്മയെ ഫോണിലൂടെ കാണിച്ചു. അലമുറയിട്ടു കരയുന്ന അമ്മയെ ഞാൻ അപ്പോൾ കണ്ടു.അങ്ങനെ എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ തനിച്ചായി. ആമിനയുടെ ഉമ്മയും ജോസഫിന്റെ അമ്മയും മായയുടെ അമ്മയും എനിക്ക് കൂട്ടിന് വന്നു. അവരെല്ലാവരും എന്നെ അവരുടെ മകളെപ്പോലെ നോക്കി. അപ്പോളവിടെ മതമില്ല ജാതിയില്ല എല്ലാവരും ഒന്ന്.

ഞാൻ ദിവസം എണ്ണിത്തുടങ്ങി. ലോക് ഡൗൺ കഴിഞ്ഞ് എന്റെ അമ്മ അച്ഛനില്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്നതും കാത്ത് ഇടവഴിയിലേക്ക് കണ്ണും നട്ട്..........

അനാമിക.കെ
7 B പി.കുഞ്ഞിക്കണ്ണൻവെെദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ,ഇരിണാവ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ