എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന


മീനച്ചൂടിലേയുണർന്നെണീറ്റു
ജന്മസാഫല്യമെന്നീവണ്ണം മേനിയാകെ
പൂത്തുലഞ്ഞിതാ ക്ഷേത്ര മുറ്റത്തെയാ
കർണ്ണികാരം ആർദ്രമാം നൈവേദ്യമായി
നെറ്റിപ്പട്ടം കെട്ടിയ കൊമ്പനായ്
ആനന്ദക്കാഴ്ച്ചയായൽഭുതക്കണിയായി
ആരുമീമേനിയിൽ കണ്ണയയ്ക്കാതെ പോവില്ല
പോവാനാവില്ലൊരിക്കലും തഴുകാതെയും
നിൽപ്പീ ക്ഷേത്രനടയിലാണെന്നാലും
കണ്ണനെ കാണുവാൻ കഴിയാറില്ലൊരിക്കലും
കാറ്റത്ത് പാളി നോക്കുവാൻ ശ്രമിക്കുന്ന നേരം
ആളുമാരവവും കാണിക്കാറില്ലയാമുഖം
വിഷു നാളിൽ കണിക്കൊപ്പം ചേർ-
ന്നേയീ ദിവ്യദർശനം സാധ്യമാകൂ
പട്ടുപുടവയും കനകവും നാണയവുമൊപ്പം
കണിവെള്ളരിക്കണിക്കൊന്നയുമെത്തും
ചേലേന്തും മയീൽപ്പീലിയുമോടക്കുഴലും
പുഞ്ചിരിയഞ്ചുന്ന കൊഞ്ചലുമാ ഗോപീ തിലകവും
ആ കള്ളനോട്ടവും മധുരനാദവുമാ നിൽപ്പു -
മെന്നേയോരോ കൊല്ലവുമെത്തിക്കുന്നു

ഒന്നുമറിയാതെ പൂത്തുലഞ്ഞിതാ
കർണ്ണികാരത്തിൻ പൂക്കളും
ഗ്രാമത്തിനു കണിയേകുവാനായ്
ഐശ്വര്യ സമൃദ്ധി നിറയ്ക്കുവാനായി

ആരേയും കാണുവാനാകുന്നില്ലെനിക്ക്
ആനയുമമ്പാരിയും വെടിക്കെട്ടുമെന്തേ
കേൾക്കാതെയീ മുഖം ശൂന്യമായ്
മുഖാവരണമണിഞ്ഞ തിരുമേനി മാത്രം

വേഗമേ പൂജ കഴിക്കുന്നു നിൽക്കാതെ
പോകുന്നു ശീഘ്രം കാണുന്നില്ലയെന്നേയും
വിഷുനാളിലെങ്കിലും കാണുവാനാകുമോ
കണ്ണനെ കണിക്കൊപ്പമെങ്കിലും?

നന്മയ്ക്കായ് ഒത്തുചേരുന്ന നേരത്ത്
മാറി നിൽക്കാതെയണിചേരണമവയ്ക്കായ്
നാടിനെ വിഴുങ്ങാനൊരുങ്ങുന്ന രാക്ഷസി
പിടിച്ചു കെട്ടണമവളെയൊത്തൊരുമിച്ചകലം പാലിച്ച്

പ്രാർത്ഥനയതാവട്ടെയെപ്പോഴും കൈകൂപ്പി
തൊഴുതർത്ഥിപ്പൂ കർണ്ണികാരവും നാട്ടിന്നായി
ലോകജനതയ്ക്കായ് നന്മയ്ക്കായ് തുരത്താം
ലോകാസമസ്താ സുഖിനോ ഭവന്തു.


 

അമൃതകൃഷ്ണ. എസ്. ആർ
8 C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത