ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/എന്ത് കൊണ്ട് പരിസ്ഥിതി മലിനീകരണം
എന്തു കൊണ്ട് പരിസ്ഥിതി മലിനീകരണം
കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഈ ഭൂമിയിൽ പ്രപഞ്ച പരിണാമത്തിന്റെ ഭാഗമായി ജീവൻ ഉണ്ടാവുകയും ക്രമേണ ജൈവ വൈവിധ്യ കലവറ ആയി മാറുകയും ചെയ്തു. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ജീവികൾ ജീവിക്കാൻ വേണ്ടി ഭൂമിയിലെ വിശാലമായ ഭൂപ്രദേശങ്ങൾ തെരഞ്ഞെടുത്തു. ജീവികളും അജീവിയ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടു കഴിയുന്ന ഇത്തരം പ്രദേശങ്ങളെയും അവയുടെ ചുറ്റുപാടുകളെയും കൂട്ടിച്ചേർത്തു നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ഏതൊരു ജീവിയുടെയും ജീവിതം അവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്,ജലം ,വായു തുടങ്ങിയവ ഓരോ ജീവിയുടെയും നിലനിൽപ്പിന് അത്യാവശ്യമാണ്. ഓരോ ജീവികളുടെയും സ്വഭാവസവിശേഷതകളും ജീവിത ചക്രവും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി പ്രധാന പങ്കു വഹിക്കുന്നു. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവി വിഭാഗവും പരസ്പരമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ജീവിയ്ക്കുന്നത്. ഇതാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നത്. ഇരപിടുത്തം , മത്സരം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജീവികൾ പരസ്പരം ഭക്ഷണം ആവുകയും അവയുടെ എണ്ണം കൂടാതെയും കുറയാതെയും നിലനിർത്തി പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രകൃതിയിലേയ്ക്കുള്ള കടന്നുകയറ്റം പരിസ്ഥിതി നാശത്തിനും ജന്തുക്കളുടെയും സസ്യങ്ങളുടെയും എണ്ണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും കാരണമാകുന്നു. ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് ,സുനാമി, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകുന്നു. നമുക്കറിയാം, ഇന്ന് പല ജീവികളും ഭൂമിയിൽ നാമമാത്രമാണ്. വന നശീകരണം, വായുമലിനീകരണം, പരിസ്ഥിതി മലിനീകരണം എന്നിവയുടെ തോത് വളരെ കൂടുതലാണ്. ഇവയുടെ അനന്തരഫലമായ കാലാവസ്ഥവ്യതിയാനം , ആഗോളതാപനം തുടങ്ങിയവയൊക്കെ ഇന്ന് വലിയൊരു പ്രശ്നമായി ആഗോളതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നു. ഇതിനൊക്കെ പരിഹാരം പ്രകൃതിയെ കുറിച്ച് അറിയുക അതിലേക്ക് മടങ്ങുക എന്നതാണ്. പരിസ്ഥിതിയെ കുറിച്ച് അറിയാൻ ഇക്കോളജി നമ്മെ സഹായിയ്ക്കും. ജീവികളുടെ പരസ്പരബന്ധത്തെ കുറിച്ചും ജീവികളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് പരിസ്ഥിതി വിജ്ഞാനശാസ്ത്രം അഥവാ ഇക്കോളജി. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധവും അവ പരസ്പരം സ്വാധീനിക്കപ്പെട്ട രീതികളും പരിസ്ഥിതി വിജ്ഞാന ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതി വിജ്ഞാനം മനുഷ്യരുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ശാസ്ത്രത്തിൻറെ വളർച്ച, വ്യവസായവൽക്കരണം, ജനസംഖ്യ വർദ്ധനവ് തുടങ്ങിയ കാര്യങ്ങൾ പ്രകൃതിയുടെ നാശത്തിന് കാരണമാകുന്നു. അതു കൊണ്ടുതന്നെ പരിസ്ഥിതി വിജ്ഞാനം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ്. മനുഷ്യന്റെ അവശ്യ വിഭവങ്ങളുടെ ദുരുപയോഗവും ദൗർലഭ്യവും ഇന്ന് ചർച്ചചെയ്യപ്പെടുന്ന ഒരു വലിയ പ്രശ്നമാണ്. പരിസ്ഥിതി വിജ്ഞാനത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കുന്നതോടെ ഓരോ പൗരനും അനന്തരഫലം മനസ്സിലാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിയ്ക്കും. മനുഷ്യൻറെ കടന്ന് കയറ്റം മൂലം അമിതമായി മലിനമാക്കപ്പെടുന്ന ജലം, മണ്ണ് ,വായു എന്നിവയുടെ സംരക്ഷണത്തിനും ഇത് ഉപകരിക്കും. പരിസ്ഥിതി വിജ്ഞാനം പ്രതിപാദിക്കുമ്പോൾ പരിസ്ഥിതി പ്രവർത്തകരെ പറ്റി പറയാതിരിക്കാൻ വയ്യ. ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനായി അതിലൂടെ ഭൂമിയുടെ സംരക്ഷണത്തിനും ഇവർ പോരാടുന്നു. പരിസ്ഥിതി സംരക്ഷണ സംഘടനകൾ ആഗോളതലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. IUCN (ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ), WWF (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ) എന്നിവ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി കൊണ്ട് സ്വിറ്റ്സർലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനകളാണ്. ഇന്നത്തെ സാഹചര്യം നമുക്കെല്ലാവർക്കും അറിയാം. കൊറോണ എന്ന സൂക്ഷ്മാണു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇതുമൂലം നമ്മുടെ പ്രകൃതിയിൽ മാറ്റങ്ങളുണ്ടായി. എല്ലാവരും വീടുകളിൽ ഒതുങ്ങി കൂടിയതോടെ വായുമലിനീകരണവും പരിസ്ഥിതി മലിനീകരണവും കുറയുന്നു. ജലാശയങ്ങളിൽ മലിനീകരണം കുറയാൻ തുടങ്ങിയിരിക്കുന്നു. വിനോദങ്ങളും കപ്പലുകളും നിർത്തിയതോടെ സമുദ്രമലിനീകരണം കുറയും എന്ന് വേണം കരുതാൻ . ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യന്റെ പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയമായ ഉപയോഗമാണ് പരിസ്ഥിതി നാശത്തിന് കാരണമെന്നാണ്. നമുക്ക് മടങ്ങാം പ്രകൃതിയിലേക്ക്, നമ്മുടെ ഭൂമിയുടെ നിലനിൽപ്പിനായി....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം