പെരിക്കല്ലൂ൪
എന്റെ സ്കൂൾ
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയിലാണ് പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോൺ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.ആദ്യ ബാച്ചിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു.പിന്നീട് ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.1961-ലെ കാലവർഷത്തിൽ കബനി കരകവിഞ്ഞ് ഒഴുകി.ഈ കൊച്ചു വിദ്യലയവും കബനിയിൽ ഒഴുകിപോയി.അന്നത്തെ കുടിയേറ്റ കർഷകനായ ചാത്തംകോട്ട് ശ്രീ.ജോർജ്ജ് സ്കൂളിനു വേണ്ടി ഒരേക്കർ ഭൂമി സംഭാവന നൽകി.ആദ്യത്തെ സ്കൂൾ നിലനിന്നിരുന്ന സ്ഥലത്തു നിന്നും 300 മീറ്റർ അകലെയായി ഈ സ്കൂൾ വീണ്ടും സ്ഥാപിക്കുകയും സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു പോവുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന്റെ വികസനം കണ്ടു തുടങ്ങി. 1972-ൽ അപ്പർ പ്രൈമറി സ്കൂളായും 1982-ൽ ഹൈസ്കൂളായും 2007-ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പെരിക്കല്ലൂർ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബർ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഹയർസെക്കന്ററി ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.എം.ലീലആണ്.ശ്രീ.എം.ആർ.രവി ആണ് ഇപ്പോഴത്തെ സ്കൂൾ പ്രിൻസിപ്പിൾ.