Ssk17:Homepage/മലയാളം ഉപന്യാസം (എച്ച്.എസ്)/മൂന്നാം സ്ഥാനം
വിഷയം:മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.
മാധ്യമങ്ങൾ : ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ. തെരുവിൽ അക്ഷരങ്ങൾ വേട്ടയാടപ്പെടുന്ന,വരകൾക്ക് വെടിയേൽക്കുന്ന, തൂലികകളിൽ ചോരക്കറപുരളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശപ്പടക്കാൻ കഴിച്ച ഭക്ഷണം ജീവനെടുക്കാൻ മാത്രം മഹാപാതകമായി മാറുന്ന, ദളിതരേയും കുഞ്ഞുങ്ങളേയും കൃമികീടങ്ങളെ പോലെ ചുട്ടെരിക്കുന്ന ,തേൻക്കെണിയിൽ കുരുങ്ങി മുപ്പത് വെള്ളിക്കാശിന് മാതൃരാജ്യത്തെ നിസ്സങ്കോചം ഒറ്റുന്ന ,ഒരു ഭീതിതമായ കാലം. ഇന്ത്യയെന്ന ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഇരുൾ പരക്കുന്ന കാലം. നിരവധി പോരാട്ടങ്ങളുചടയും, സഹനസമരങ്ങളുടേയും ഫലമായി 1947 ആഗസ്റ്റ് 15ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യവിട്ട് പോരുമ്പോഴേക്കും, സ്വാതന്ത്ര്യത്തെ ജീവശ്വാസത്തിൽ കലർത്തിയ നമ്മുടെ നേതാക്കന്മാർ, അവർ രണ്ടായി വെട്ടിമുറിച്ച ഭാരതത്തിന്റെ മാറിലെ മുറിവിനെ ജനാധിപത്യമെന്ന മധുലേപനം കൊണ്ട ഉണക്കാൻ തീരുമാനിച്ചിരുന്നു. ആ ലേപനത്തെ ഒരു രഥമായി സങ്കൽപ്പിച്ചാൽ അതിലെ ഏറ്റവും പ്രധാനപ്പെട്ട ചക്രമാണ് മാധ്യമങ്ങൾ. മാധ്യമങ്ങളില്ലാത്ത ജനാധിപത്യം ചക്രങ്ങളില്ലാത്ത രഥം പോലെയാണ് ജെയിംസ് അഗസ്റ്റ്സ് ഫിക്കി എന്ന വ്യക്തി തിരിതെളിയിച്ച ഈ പ്രസ്ഥാനം ഇന്ന് ഇന്ത്യയൊട്ടാകെ ഒരു സൂര്യതേജസ്സുപ്പോലെ പടർന്നുപിടിക്കുകയാണ്. അറുപതുവർഷത്തിൽപ്പരം നാം കടന്നുകഴിഞ്ഞു, ആ യാത്രയിൽ വഴിയിലെവിടയോ എന്തൊക്കയോ നമ്മിൽ നിന്നും വീണുപ്പോയിരിക്കുന്നു. ഇനി തിരിച്ചുപ്പോയി അതെടുക്കുക അസാധ്യം. പുതിയൊരു നിർമ്മിതി മാത്രമാണ് ഇനി വഴി. അറുപതുകഴിഞ്ഞ ഇന്ത്യൻ ജനാധിപത്യത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണെങ്കിൽ നമുക്ക് ചെറിയ ചെറിയ ദ്വാരങ്ങൾ കാണാം. ആ ദ്വാരങ്ങളിലൂടെ നമ്മിൽനിന്നും വീണുപ്പോയവർ എണ്ണമറ്റതാണ്. എം എം കൽബുർഗി ,ഗോവിന്ദ് പൻസാരെ ,നരേന്ദ്ര ധാബോൽക്കർ അങ്ങനെ എത്രയെത്രപ്പേർ. മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഗോവിന്ദ് പൻസാരെയുടെമരണം ,ഇന്ത്യയിലെ സാഹിത്യക്കാരന്മാരിലോട്ടാകെ ഭയം ജനിപ്പിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ തന്റെ ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിച്ചതിനായിരുന്നു അദ്ദേഹം തോക്കിനിരയായത്. കന്നട സാഹിത്യക്കാരനായ എം.എം. കൽബുർഗിയുടെയും വിധി വെടിയൊച്ചയുടെ അന്തിമകാഹളം ശ്രവിക്കാനായിരുന്നു. ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ തന്റെ 'മാർഗ്ഗ് 4' എന്ന കൃതിയിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചതിനായിരുന്നു ആ ശിക്ഷ. 'മാതൊരു ഭാഗൻ' എന്ന പുസ്തകത്തിന്റെ രചയിതാവായ തമിഴ് സാഹിത്യക്കാരൻ പെരുമാൾ മുരുകൻ അക്ഷരങ്ങളെ ഭയക്കുന്ന ആ ഇരുട്ടിന്റെ ശക്തികളുടെ ഭീഷണിയിൽ മനംനൊന്ത് തന്റെ ഉള്ളിലെ എഴുത്തുക്കാരനെ ഉപേക്ഷിച്ചു. അന്നേ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ "പെരുമാള് മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ഇനി ഉയർത്തെഴുന്നേൽപ്പില്ല. അയാൾ ഇനി വെറും അധ്യാപകനായ പി.മുരുകൻ മാത്രമായി ജീവിക്കും"- ഭീരുത്വമല്ല, അക്ഷരങ്ങളെ ഭയക്കുന്ന ആ ശക്തികളോടുള്ള വെറുപ്പാണ് ഈ വരികളിൽ തെളിയുന്നത്. ഇനിയും തീർന്നിട്ടില്ല ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ. തമിഴ് സാഹിത്യക്കാരൻ കെ എസ് ഭഗവാനെ ഒരു സുപ്രഭാതത്തിൽ വരവേറ്റത് "അടുത്തതു നീയാണ്" എന്ന ഫോൺ സന്ദേശമായിരുന്നു. അവരോടുള്ള വെറുപ്പ് ഇന്നും കെ എസ് ഭഗവാന്റെ വാക്കുകളിലൂടെ നമ്മിലേക്ക് അസ്ത്രങ്ങളായി പെയ്തിറങ്ങുന്നു. ഇന്ത്യയിൽ മാത്രമല്ല ആവിഷ്കാരസ്വാതന്ത്ര്യത്തിനു വിലക്കു കൽപിക്കപ്പെടുന്നത്. പാരീസിൽ അക്രമിക്കപ്പെട്ട ഷാർലി എബ്ദോ എന്ന പത്രം ഒരേ സമയം മാധ്യമങ്ങൾക്ക് വിലക്കപ്പെടുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തേയും, നമ്മിൽ നിന്നും നഷ്ടമായി കൊണ്ടിരിക്കുന്ന മൂല്യബോധത്തേയും കുറിക്കുന്ന. വെടിയുണ്ടകൾ തറച്ചു കയറിയ എത്രയോ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട കരങ്ങൾ, ലോകത്തിനെ ഇനിയുമേറെ ചിരിക്കാനുള്ള നർമ്മങ്ങൾ സൃഷ്ടിക്കേണ്ടിയിരുന്ന ആ കരങ്ങൾ ആ കെട്ടിടത്തിന്റെ തറയിൽ നിശ്ചലമായി കിടന്നപ്പോൾ നിലച്ചത് ഈ ലോകത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യമായിരുന്നു. മതവും, ജാതിയും, രാഷ്ട്രീയവും, വിശ്വാസവും എല്ലാവർക്കും എല്ലാം നഷ്ടപ്പെടുത്തുമ്പോൾ പലപ്പോഴും പലരും വെറും കാഴ്ചക്കാരായി നോക്കിനിൽക്കുന്നു. 'ലജ്ജ' എന്ന കൃതിയുടെ കർത്താവായ തസ്ലിമ നസ്റിൻ നാടുകടത്തപ്പെട്ടത് അവളുടെ വാക്കുകളെ ചിട്ടയായി അടുക്കിവച്ചതിനായിരുന്നു. പണ്ടേതോ സാഹിത്യക്കാരൻപ്പറഞ്ഞു "ഹേ, മനുഷ്യാ നീ നിന്റെ വാക്കുകൾ ചിട്ടയായി അടുക്കിവെക്കുകയാണെങ്കിൽ നിന്നെ ഞാന് സാഹിത്യക്കാ൩രൻ എന്നു വിളിക്കും " അവർ വീണ്ടും നമ്മോടു പറയുന്നു "Don't call me Muslim, I'm an athiest"- എന്നെയൊരു മുസൽമാനെന്നു വിളിക്കരുത്, ഞാൻ ഒരു നിരീശ്വരവാദിയാണ്. ഈശ്വരൻ കരുണ കാണിക്കുന്നവനാണ്, പക്ഷേ ഒരു സമൂഹത്തിൽ സമാധാനം പുലരണമെങ്കിൽ അവിടെ ഉദിക്കേണ്ടത് നീതിയാണ്, അപ്പോഴെ അവിടെ സമത്വമുണ്ടാകുന്നുള്ളൂ, സ്വാതന്ത്ര്യമുണ്ടാകുന്നുള്ളൂ, സാഹോദര്യമുണ്ടാകുന്നുള്ളൂ. എന്തിനാണു നാം ബംഗ്ലാദേശിൽ പോകുന്നത്, വിലക്കപ്പെട്ട ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഇരകൾ, ഇവിടെ, ഈ ഇന്ത്യയിലുണ്ട്. ഇന്ത്യയിലാകെ നിരോധിച്ച 'സാത്താന്റെ വചനങ്ങൾ'-ഉടെ കർത്താവായ സൽമാൻ റുഷ്ദി തന്റെ ഒളിവുകാലത്ത് കഴിഞ്ഞിരുന്നത് AntonJoseph എന്ന പേരിലായിരുന്നു. സ്വന്തം പേരിൽ സ്വന്തം അഭിപ്രായങ്ങൾ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്കാര സ്വാതന്ത്ര്യം. സാഹിത്യക്കാരൻ എവിടെ തന്റെ പേര് ഒളിച്ചുവെക്കുന്നുവോ അവിടെ ആ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്നുവച്ചാൽഎന്തും, എവിടെയും പറയാമെന്നല്ല. ഇപ്പോഴത്തെ ഭാരതത്തിന്റെ സ്ഥിതി ആവശ്യമുള്ളവനു ലഭിക്കുന്നുമില്ല, ലഭിക്കുന്നവൻ അനാവശ്യത്തിനുപയോഗിക്കുന്നു എന്നു പറയുന്നതുപോലെയാണ്."നോക്കൂ, ഈ തെരുവാകെ രക്തം, ഈ തെരുവാകെ ചുടുരക്തം"-എന്നുകാലങ്ങൾക്കുമുമ്പ് പാബ്ലോ നെരൂദ പാടിയത് ഭാരതത്തെ കുറിച്ചാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു. പഠാൻകോട്ടിലെ 'ദംഗു' എന്ന സൈനീകത്താവളത്തിന്റെ സുരക്ഷക്കായി നടത്തിയ 'Operation Dangu Suraksha' ഇന്ത്യൻ സൈനികവ്യൂഹത്തിന് 'മാനസി' എന്ന നായയേയും മലയാളിയായ ലഫ്.കേണൽ നിരഞ്ജൻകുമാറിനേയും നഷ്ടപ്പെടുത്തിയപ്പോൾ NDTV India എന്ന ചാനലിലൂടെ അത് ഭാരതം മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി വിരിമാറുകാട്ടിക്കൊടുക്കുന്ന സൈനികന്റെ ചിത്രം തത്സമയം സംപ്രേഷണം ചെയ്ത് രാജ്യത്തെ ഒട്ടാകെ അപമാനിക്കുന്ന രീതിയിലേക്ക് തരംതാഴ്ന്നിരിക്കുന്നു. 'മാധ്യമ സേവനം' എവിടെ യാണ് നമുക്ക് പിഴച്ചത്? എന്നാണോ കൽബുർഗിമാരും, പൻസാരെമാരും, ധാബോൽക്കർമാരും നമ്മിൽനിന്നും വീണുപോയത്, എന്നാണോ പെരുമാൾ മുരുകന്മാരം, കെ എസ് ഭഗവാന്മാരും തൂലിക വലിച്ചെറിഞ്ഞ് നമ്മിൽ നിന്നും തിരിഞ്ഞു നടന്നത്, എപ്പോഴാണോ ഭാര്യയുടെ മൃതദേഹവുമേന്തി കരഞ്ഞുകലങ്ങിയ കണ്ണുകളും പേറിയ മകളുമായി ദാനമാജിമാർ നമ്മുക്കുമുന്നിലൂടെ വിദൂരതയിലേക്ക് നടന്നു നീങ്ങിയത് എന്നാണോ തസ്ലിമ നസ്റിമാരും, സൽമാൻ റുഷ്ദിമാരും അഭയാർത്ഥികളായത് അന്നാണ്, അവിടെയാണ് നമുക്ക് പിഴച്ചത്. തോക്കുകൾ വെള്ളരിവള്ളികൾക്ക് താങ്ങാകുന്ന, പീരങ്കികളിൽ നിന്നും ചെമ്പകപ്പൂമണം പുറത്തുവരുന്ന, അതിർത്തികളില്ലാതാകുന്ന, ആയുധങ്ങൽ കളന്തമറ്റതാകുന്ന, വെടിമരുന്നരകളിൽ മുല്ലപള്ളി പടർന്നു കയറുന്ന ഒരു കാലഘട്ടത്തെ സ്വപ്നം കണ്ടതിന്, ഇരുട്ടിന്റെ ശക്തികൾ കൽബുർഗിക്കും, പൻസാരെക്കും, ധാബോൽക്കറിനും നൽകിയ സമ്മാനമായിരുന്നുവോ ആ വെടിയുണ്ടകൾ? ഇന്ത്യ ഒരു സിറിയയാകാതിരിക്കണമെങ്കിൽ, ആഗ്ര ഒരു പാൽമിറയാകാതിരിക്കണമെങ്കിൽ, ഗ്രന്ഥശാലകൾ അക്ഷരങ്ങളുടെ അറവുശാലകളാകാതിരിക്കണമെങ്കിൽ, പുസ്തകങ്ങൾ വാക്കുകളുടെ ശ്മശാനമാകാതിരിക്കണമെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യം യഥാർത്ഥരീതിയിൽ വിനിയോഗിക്കാൻ മാധ്യമങ്ങൾ തയ്യാറാവേണ്ടതുണ്ട്.
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 15022 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ
- HS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം ഉപന്യാസം (എച്ച്.എസ്)
- 15022