സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ദിവസങ്ങൾ
എന്റെ ലോക്ക് ഡൗൺ ദിവസങ്ങൾ
ഒരു ലോക്ക് ഡൗൺ കാലം വേണ്ടിവന്നു നമ്മുടെ ചുറ്റുവട്ടത്തിന് ഇത്രയും ഭംഗി ഉണ്ടെന്ന് മനസ്സിലാക്കാൻ. സാധാരണ സ്കൂളിൽ പോയാൽ തിരിച്ചു വന്നു കുറച്ചു നേരം ടിവി കണ്ടു മുറ്റത്ത് ഇത്തിരി നേരം കളിച്ചതിനുശേഷം പഠിക്കാൻ ഇരിക്കുകയാണ് പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി അച്ഛനെ വീട്ടിൽ കളിക്കാൻ കൂട്ട് കിട്ടി. അമ്മ പതിവുപോലെ അടുക്കളപ്പണിയിലും മാസ്ക് നിർമാണത്തിലും ആണ്. ഇപ്പോൾ വാഹനങ്ങളുടെ ശബ്ദം നന്നേ കുറഞ്ഞു. പകരം കിളികളുടെ ശബ്ദം വളരെയേറെ കൂടി. ഇപ്പോൾ എന്റെയും അനിയന്റെയും പ്രധാന പരിപാടി പട്ടം പറത്തൽ ആണ്. വീടിനു മുമ്പിലുള്ള പാടത്ത് വെയിൽ താണാൽ അച്ഛൻ ഞങ്ങളെ പട്ടം പറത്താൻ കൊണ്ടുപോകും. വേറെ കുട്ടികളും വരും. ഒരുപാട് നിറങ്ങളിലുള്ള പട്ടങ്ങൾ അവിടെ ഉയർന്നു പറക്കുന്നത് കാണാം. ഒരു ദിവസം എന്റെ പട്ടമാണ് ഉയരത്തിൽ പറന്നത്. ഒരുദിവസം അനിയന്റെ പട്ടവും... ഒരു വൈറസ് ഭീഷണിയും ഇല്ലാതെ പട്ടങ്ങൾ ഉയർന്നു പറക്കുന്നതു കണ്ടപ്പോൾ പട്ടങ്ങളോട് അസൂയതോന്നി. അവിടെ പട്ടങ്ങളെ നിയന്ത്രിക്കാൻ ഒരു നൂല് മാത്രമേയുള്ളൂ. നൂലിന്റെ നിയന്ത്രണം നഷ്ടമായാൽ ഉയരങ്ങളിൽ നിന്ന് പട്ടം വളരെയേറെ താഴ്ചയിലേക്ക് വീഴും. അതുപോലെ തന്നെയാണ് ഈ വൈറസ് കാലഘട്ടവും. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പൂർണ നിയന്ത്രണത്തിൽ ആയിരിക്കണം നമ്മൾ ഇതിനെ അതിജീവിക്കേണ്ടത്. അവരുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ ഒരുപക്ഷേ നമുക്കും ഉയർന്നു പറക്കുന്ന പട്ടത്തിന് നൂല് പൊട്ടിയാലുള്ള അവസ്ഥയാകും. ഇന്നലെ മുതൽ വാർത്തകളിൽ കാണുന്നു കുട്ടികൾ സ്കൂളിൽ പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന്. പുത്തൻ യൂണിഫോം ധരിക്കാനുള്ള കൗതുകം മാസ്ക് ധരിക്കണമെന്ന് ഓർക്കുമ്പോഴും തോന്നുന്നു. ഇപ്പോൾ അച്ഛനും അമ്മയും പുറത്തു പോകുമ്പോൾ ഞങ്ങളെ കൊണ്ടു പോകാത്തതിനാൽ മാസ്ക് ഇതുവരെ ധരിച്ചിട്ടില്ല. എങ്കിലും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാറുണ്ട്. എത്രയും പെട്ടെന്ന് നിയന്ത്രണങ്ങളില്ലാത്ത പഴയ നമ്മുടെ ചുറ്റുപാടിലേക്ക് തിരികെ വരാൻ കൊതി തോന്നുന്നു. ഇത്രയും ദിവസം അവധി കിട്ടിയിട്ടും ദൂരെയുള്ള അമ്മ വീട്ടിലേക്ക് പോകാൻ പറ്റാത്തതിൽ വിഷമമുണ്ട്. എങ്കിലും ലോകത്ത് മറ്റു സ്ഥലങ്ങളിലെ വാർത്തകൾ കാണുമ്പോൾ നമ്മുടെ കൊച്ചു കേരളം എത്ര സുരക്ഷിതമാണ് എന്ന് മനസ്സിലാകുന്നു. എന്തായാലും നമ്മൾ ഈ വൈറസ് കാലത്തെയും അതിജീവിക്കും. നമുക്ക് അതിനു കഴിയും, കാരണം നമ്മുടെ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണ്. നമുക്ക് കാത്തിരിക്കാം നമ്മുടെ ലോകത്തിന്റെ തിരിച്ചുവരവിനായി... ഇനി നിർത്തട്ടെ. അച്ഛൻ പുറത്ത് ഒരു കടയും ഒരു അടുക്കളയും ഉണ്ടാക്കി തന്നിട്ടുണ്ട്. അമ്മ പഴയ സ്റ്റൗവും തന്നിട്ടുണ്ട്. ഞാനും അനിയനും കൂടി കളിക്കാൻ പോവുകയാണ്..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |