ഡെയ്ഫ മെഹറിൻ

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ഞാനും ഇന്നലെ ഒരു സ്വപ്നം കണ്ടു. മാലാഖമാർ താമസിക്കുന്ന സ്വർഗ്ഗത്തിലേക്ക ഞാൻ പോയത്. എന്തു രസമാണെന്നോ അവിടം. നിറയെ മേഘങ്ങൾ നല്ല വെളുത്ത മേഘങ്ങൾ. മരങ്ങളൊക്കെ നിറയെ പൂക്കളും കായ്കളും. എല്ലാവർക്കും എന്തൊരു സന്തോഷമാണ്. ഒത്തൊരുമിച്ച് കളിച്ച് ഉല്ലസിക്കുന്ന കുറേ മാലാഖ കുഞ്ഞുങ്ങൾ. എല്ലാവരും വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. അവിടെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ തന്നെ എന്തൊരു വൃത്തിയാണ്. അവർ ആരും തന്നെ ഒന്നിനും വേണ്ടി തിരക്കിട്ട് ഓടുന്നില്ല. എല്ലാം വളരെ ശാന്തം. അവർ പരസ്പരം കൈകൾ കോർത്ത് പിടിച്ച് നൃത്തം ചെയ്യുന്നു മഴവില്ലും അവർക്കൊപ്പം നൃത്തം ചെയ്യുന്ന പോലെ.. അപ്പോൾ കാഴ്ചകൾ കണ്ടുനിന്ന എന്റെ അടുത്തേക്ക് ഒരു അമ്മ മാലാഖ വന്നു. മോൾ എന്താ ഇവിടെ നോക്കി നിൽക്കുന്നത് എന്ന് ചോദിച്ച് എന്നെ ചേർത്തുപിടിച്ചു. അവിടുത്തെ കാഴ്ചകൾ കണ്ട് അന്തംവിട്ടു നിന്ന ഞാൻ എന്റെ നാടിനെ കുറിച്ച് ഓർത്തു പോയി. എനിക്ക് സങ്കടം തോന്നി. അമ്മ മാലാഖ എന്നെ ചേർത്തുപിടിച്ചു വിശേഷങ്ങൾ ചോദിച്ചു. ഇവിടെ നിങ്ങൾ എങ്ങനെയാ ഇത്ര സന്തോഷം ആയി ജീവിക്കുന്നത്? ഇവിടെ ഒരു ആശുപത്രി പോലും ഞാൻ കാണുന്നില്ലല്ലോ? നിങ്ങൾക്ക് ആർക്കും അസുഖം വരാറില്ലേ? എന്റെ ചോദ്യങ്ങൾ കേട്ട് അമ്മ മാലാഖ എന്നെ മടിയിലിരുത്തി. എന്റെ നാട്ടിൽ ഓരോ കാലത്തും ഓരോ രോഗങ്ങൾ ആണല്ലോ. മരുന്നു കുടിക്കാൻ എനിക്ക് തീരെ ഇഷ്ടമില്ല. മഴക്കാല രോഗങ്ങൾ വേനൽക്കാല രോഗങ്ങൾ ഇങ്ങനെ കുറെ രോഗങ്ങൾ ഉള്ളതായി ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, കോളറ, ചിക്കൻപോക്സ് ഇതൊക്കെ വേനൽക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യത ഏറെയുള്ള രോഗങ്ങളാണ്. സൂര്യാഘാതം വേനൽക്കാലത്ത് നേരിടുന്ന വലിയ ഭീഷണിയായി മാറിയിരിക്കുന്നു. മഴക്കാലമായാൽ പിന്നെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, കുരങ്ങുപനി, പന്നിപ്പനി, തക്കാളി പനി എന്നു വേണ്ട വിവിധ തരം പനികൾ. ഇതിനൊക്കെ ഇടയിൽ സന്തോഷിക്കാൻ കുറച്ചു ദിവസങ്ങൾ അല്ലേ ഞങ്ങൾക്ക് ബാക്കിയുള്ളൂ.. എന്താ നിങ്ങളൊക്കെ ജീവിക്കുന്നത് പോലെ ഞങ്ങൾക്കും പറ്റാത്തത്? ആരാ ഈ രോഗങ്ങൾ ഒക്കെ ഉണ്ടാക്കുന്നത്? ഈ രോഗങ്ങൾക്ക് ഒക്കെ ഒരു പരിധിവരെ കാരണം ഭൂമിയിൽ താമസിക്കുന്ന നിങ്ങൾ മനുഷ്യർ തന്നെയാണ്. ശുചിത്വമില്ലായ്മ യാണ് ഒട്ടുമുക്കാലും പകർച്ചവ്യാധികൾക്ക് കാരണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളരെ പ്രധാനമാണ്. മഴക്കാല രോഗങ്ങളിൽ ഭൂരിഭാഗവും പകർത്തുന്നത് കൊതുകുകളാണ്. ലക്ഷക്കണക്കിന് കൊതുകുകൾ വളരുന്നതിന് ഒരു സ്പൂൺ വെള്ളം മതി. അതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കണം. ശുദ്ധജലത്തിൽ വളരുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ വരുത്തുന്നത്. കൊതുകുകളുടെ മുട്ട വിരിയാൻ ഏഴു മുതൽ 10 ദിവസം വരെയാണ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിച്ചാൽ മതി അതായത് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, ടയർ, പ്ലാസ്റ്റിക് കുപ്പികൾ, അടപ്പുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക. ജലാശയങ്ങളിലും മറ്റും ഗപ്പി പോലുള്ള മത്സ്യങ്ങൾ നിക്ഷേപിക്കുക. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന രോഗങ്ങളാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾ. മലിനജലം കുടിക്കാനോ പാകംചെയ്യാൻ ഉപയോഗിക്കുന്നത് രോഗം പകരുന്നതിന് കാരണമാകുന്നു. വീടിന്റെ പരിസരങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് ഈ രോഗാണുവിന്റെ പകർച്ചക്ക് വേഗം കൂട്ടുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് ആണ് വയറിളക്കം വരുന്നത്. പഴകിയ ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമാവുന്നു. വേനൽക്കാലം ഓരോ വർഷവും കടുത്തതായി വന്നുകൊണ്ടിരിക്കുന്നു. ചൂടു കൂടുന്നതിനൊപ്പം വരൾച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെയും കൂടി അത് ക്ഷണിച്ചുവരുത്തുന്നു. പിന്നെ മനുഷ്യൻ അവന്റെ ജീവിതം വളരെ എളുപ്പം ആക്കുന്നതിനുള്ള കണ്ടുപിടുത്തങ്ങൾ തന്നെ അവന് തിരിച്ചടിയാകുന്നു. അമിതമായ റേഡിയേഷൻ വസ്തുക്കളുടെ ഉപയോഗം അവന് ക്യാൻസർ പോലുള്ള അസുഖങ്ങൾ വരുത്തുന്നു . മോൾക്ക് അറിയാമോ മോളെ സന്തോഷം നഷ്ടപ്പെടുത്തുന്ന ഇത്തരം രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ നമുക്ക് കുറെ പ്രതിരോധ മാർഗങ്ങൾ ഉണ്ട്.മുൻകരുതലുകൾ ഉണ്ട്. പുറത്തു പോയി വന്നതിനു ശേഷവും മലമൂത്ര വിസർജനത്തിനു ശേഷവും ആഹാരത്തിനു മുമ്പും കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക. ആഹാരസാധനങ്ങൾ അതാത് സമയത്ത് പാകംചെയ്ത ചെറു ചൂടോടെ കഴിക്കുക. ആഹാരപദാർത്ഥങ്ങളിൽ ഈച്ചയും മറ്റും കടക്കാതെ അടച്ചുവെച്ച് ഉപയോഗിക്കുക.കുടിവെള്ളം തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. പുറത്തുപോകുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക. രോഗീപരിചരണം നടത്തുന്നവർ മാസ്ക്കുകൾ ഗ്ലൗസുകൾ എന്നിവ ഉപയോഗിക്കുക. നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. രണ്ടുനേരം കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടവ്വൽ കൊണ്ട് അടച്ചു പിടിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക. ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക. പോഷക ആഹാരങ്ങൾ ശീലമാക്കുക. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആന്റിബോഡികളെ ഉൽപാദിപ്പിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുക. മരണം ഉണ്ടാകുമ്പോൾ മാത്രം തുടങ്ങുന്ന ബോധവൽക്കരണ ക്ലാസുകളിലും പ്രതിരോധ മരുന്ന് വിതരണത്തിലും പരിസര ശുചീകരണ യജ്ഞത്തിലും ഒതുങ്ങാത്ത ഒരു ജീവിതശൈലി കൊണ്ടുവരിക. ഞാൻ എന്തെങ്കിലും പറയും മുന്നേ നെറ്റിയിൽ ഒരു ഉമ്മയും തന്ന് ആ മാലാഖ പറന്നകന്നു. വിങ്ങലോടെ ഞാൻ കണ്ണുകൾ തുറന്നത് കൊറോണ കാലത്തെ ഒരു ലോക്ക് ഡൌൺ ദിവസത്തേക്കാണ്…..

ഡെയ്ഫ മെഹറിൻ
3 A [[|ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം]]
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ