എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി അമ്മയാണ്.അമ്മയായ പ്രകൃതിയെ നാം നശിപ്പിക്കരുത്. പരി സ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖകരവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങൾ എല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഇത്തരത്തിലുള്ള വികസന പ്രക്രീയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

മനുഷ്യർ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും, ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയുടെ ചൂടിൻ്റെ വർദ്ധനവ്, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമിയുടെ വർദ്ധനവ്, ശുദ്ധജല ക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ മനുഷ്യൻ്റെ പ്രവൃത്തിയുടെ ഫലമായി ഉണ്ടാക്കുന്നു. അതു കൊണ്ട് പരിസ്ഥിതി നാം കഴിയാവുന്നതിലേറെ ശുചിയായി സൂക്ഷിക്കുക.

അർച്ചന സന്തോഷ്
6 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം