എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ .

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ .

കൃത്യമായി പറഞ്ഞാൽ 2017 ഫെബ്രുവരിയിലാണ് ലോകകോടീശ്വരൻ ബിൽഗേറ്റ്സ് ഈ ലോകത്ത് വരാനിരിക്കുന്ന വലിയൊരുദുരന്തത്തെ കുറിച്ച് വ്യക്തമായ പ്രവചനം നടത്തിയത്. ഈ പ്രവചനം നടത്തി മൂന്നു വർഷം കഴിയുമ്പോൾ അന്ന് പറഞ്ഞത് എന്താണെന്നോ അത് തന്നെയാണ് ആയുധശേഖരത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും സംഭവിച്ചിരിക്കുന്നത്. ഈ മഹാമാരി വന്നാൽ ലോകശക്തികൾക്കു പോലും ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ബിൽഗേറ്റ്സ് പറഞ്ഞത്. എല്ലാം കൃത്യമായിരുന്നു... ഇന്ന് കൊറോണവൈറസിനു മുന്നിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിയർക്കുകയാണ്. പല രാജ്യങ്ങളും തളർന്നിരിക്കുന്നു. മരുന്നിനായി അമേരിക്ക പോലും മറ്റു രാജ്യങ്ങളെ കാലുപിടിക്കുന്നു. ലോകം തകർക്കുന്ന ജൈവായുധങ്ങൾ, ജനം ഭീതിയിൽ!...

                     "ലോകത്തിനു വൻഭീഷണിയാകുന്ന മഹാവ്യാധി ഒരുപക്ഷേ ഇനി ജനിക്കുക ഒരു കംപ്യൂട്ടർ സ്ക്രീനിലായിരിക്കും.......”മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിന്റേതാണു വാക്കുകൾ. യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതു പോലെത്തന്നെ ബയോടെററിസത്തിനെതിരെയും സജ്ജരാകാനാണ് മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിലെ പാനൽ ചർച്ചയിൽ അദ്ദേഹം നിർദേശിച്ചത്. അടുത്ത 10–15 വർഷത്തിനകം ലോകത്ത് ഒരു മഹാവ്യാധി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞപ്പോൾ പാനലിലെ ഒരാളു പോലും എതിർത്തതുമില്ല.
          ഒരു വർഷം കൊണ്ട് ലോകജനസംഖ്യയിൽ 30 ലക്ഷത്തോളം പേരെയെങ്കിലും കൊന്നൊടുക്കുന്നത്രയും ഭീകരമാകും ആ രോഗം. ഡിജിറ്റൽ സാങ്കേതികതയും ജനിതക സാങ്കേതികതയും അത്രമാത്രം വളർന്നിരിക്കുന്നു. അതീവസുരക്ഷാമേഖലയിൽ പോലും കയറി ആക്രമണം നടത്താവുന്ന വിധം ഭീകരസംഘടനകളും ശക്തിപ്രാപിക്കുന്നു.നശീകരണത്തിന്റെ പുതുവഴികൾ തേടുന്ന അവരുടെ മുന്നിലാണ് ഡിജിറ്റൽ–ജനിതക സാങ്കേതികത വഴി തുറന്നുകിട്ടുന്നത്.അതിനാൽത്തന്നെയാണ് ബിൽഗേറ്റ്സ് പറഞ്ഞത്–ലോകത്തെ തകർക്കുന്ന ജൈവായുധം ഒരു കംപ്യൂട്ടർ സ്ക്രീനിൽത്തന്നെ പിറവിയെടുക്കാമെന്ന്.                     
            സർവനശീകരണം സ്വപ്നം കാണുന്ന ഭീകരരാണ് അത്തരം ആയുധങ്ങൾക്കു പിന്നിലെങ്കിൽ അതുണ്ടാക്കുന്ന നഷ്ടങ്ങളുടെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ‘അതൊരു പക്ഷേ കൃത്രിമമായി തയാറാക്കിയ വസൂരി രോഗാണുവായിരിക്കാം. അല്ലെങ്കിൽ മാരകമായ, എളുപ്പം പടരുന്ന ഫ്ലൂ വൈറസുകളും’–ബിൽഗേറ്റ്സ് വ്യക്തമാക്കുന്നു. ഒരു ലോകരാജ്യവും നിലവിൽ ഇത്തരമൊരു ഭീഷണിയെ നേരിടാൻ യാതൊന്നും ചെയ്തിട്ടില്ല. എന്നാൽ ജനങ്ങളാകട്ടെ ഏതുനിമിഷവും ഇത്തരമൊരു പോലുള്ള ഭീകരരുടെ നീക്കങ്ങളെയാണ് തങ്ങൾ ഏറെ ഭയക്കുന്നതെന്നാണ്. സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ രഹസ്യയകേന്ദ്രങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ ജൈവായുധങ്ങളുണ്ടാക്കുന്നുണ്ടെന്ന കാര്യം ബ്രിട്ടിഷ് ഇന്റലിജന്റ്സ് ഏജൻസികൾ നേരത്തേ വെളിപ്പെടുത്തിയതുമാണ്. എന്നാൽ, ബയോടെക്നോളജി വിദഗ്ധരും ലാബറട്ടറികളും ഉപകരണങ്ങളും പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരിടവുമൊന്നും ഇല്ലാതെ ജൈവായുധങ്ങൾ നിർമിക്കാനാകില്ലെന്നാണു പല രാജ്യങ്ങളും കരുതുന്നത്. അതിനാൽത്തന്നെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നീക്കങ്ങളെ അവർ വിലയ്ക്കെടുക്കുന്നുമില്ല. പക്ഷേ ഇക്കാര്യത്തിൽ ജനത്തിന്റെ ജീവൻ വച്ച് ഒരു ചൂതാട്ടത്തിനൊരുങ്ങരുതെന്നാണ് ബിൽഗേറ്റ്സിന്റെ നിർദേശം. മോളിക്യുലാർ ബയോളജിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ജൈവസാങ്കേതികതയെയും കൂടുതൽ എളുപ്പമുള്ളതാക്കിയിരിക്കുകയാണ്. അതിനാൽത്തന്നെ ഭീകരർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിഷയമായി മാറിയിരിക്കുന്നു ഇത്. സകലയിടത്തും നിരോധനമേർപ്പെടുത്തിയിട്ടും ഐഎസിനു ലഭിക്കുന്ന കോടികളുടെ ഫണ്ടിന്റെ കാര്യം തന്നെ പരിഗണിച്ചാൽ മതി മനസ്സിലാകും .ലോകത്തിലെ ഏറ്റവും ധനികനായ ബിൽഗേറ്റ്സ് കഴിഞ്ഞ 20 വർഷമായി തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും ആരോഗ്യമേഖലയിലെ പരീക്ഷണങ്ങൾക്കായാണു വിട്ടുകൊടുക്കുന്നത്. അത്തരത്തിൽ ലോകരാജ്യങ്ങളും സജ്ജരാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അല്ലെങ്കിൽ അണ്വായുധപ്രയോഗത്തിലുണ്ടാവുന്നതിനെക്കാളും രൂക്ഷമായ വിധത്തിലായിരിക്കും ജനങ്ങളുടെ മരണം. അടുത്തിടെയൊന്നും ഇങ്ങനെയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടില്ലല്ലോയെന്ന സംശയവും ഭരണാധികാരികൾ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ 1918ൽ പൊട്ടിപ്പുറപ്പെട്ട പകർച്ചപ്പനിയെക്കുറിച്ചാണ് ഈ സാഹചര്യത്തിൽ ബിൽഗേറ്റ്സ് ഓർമിപ്പിച്ചത്. അഞ്ചു മുതൽ 10 കോടി വരെ പേരെയാണ് അന്നത് കൊലപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രം 1.7 കോടി പേർ കൊല്ലപ്പെട്ടു. ലോകമെമ്പാടുമായി പെട്ടെന്നു തന്നെ പടർന്ന ഈ രോഗം ബാധിച്ച് ദുരിതത്തിലായവരുടെ എണ്ണം അതിലുമേറെ വരും.
       ഇത്തരമൊരു സാഹചര്യം ഇന്നു വരികയാണെങ്കിലുള്ള ഭവിഷ്യത്തുകൾ ആലോചിച്ചു നോക്കണമെന്നും ലോകരാജ്യങ്ങൾക്ക് ബിൽഗേറ്റ്സ് മുന്നറിയിപ്പു നൽകുന്നു. എബോള പോലുള്ള വൈറസ് ബാധ നഗരപ്രദേശങ്ങളിലുണ്ടായാൽ അതൊരുപക്ഷേ കലാപങ്ങളിലേക്കു വരെയായിരിക്കും നയിക്കുക. ആണവദുരന്തത്തിനും പ്രകൃതിദുരന്തത്തിനും എതിരെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയ അതേമാതൃകയിൽത്തന്നെ മരുന്നുകളും വാക്സിനുകളുമെല്ലാമായി സജ്ജരാകണമെന്നാണ് ബിൽഗേറ്റ്റ്റ്സിന്റെ നിർദേശം. ഇതിന് രോഗങ്ങൾക്കെതിരെ പുതിയ കണ്ടുപിടിത്തങ്ങൾ, രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണം, കൃത്യമായ ആസൂത്രണം എന്നിവയാണു വേണ്ടത്.രോഗാണുക്കളെ വേട്ടയാടി നശിപ്പിക്കുന്ന ഗെയിമുകളുടെ മാതൃകയും ഇവിടെ സ്വീകരിക്കാം. എങ്ങനെയാണ് രോഗങ്ങൾ പടരുന്നത്, അത്തരം ഘട്ടങ്ങളിൽ ജനങ്ങളുടെ പ്രതികരണം എന്ത്, വിവിധ കമ്യൂണിക്കേഷൻ സംവിധാനങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളിൽ അതുവഴി മുൻകൂട്ടി അവബോധം സൃഷ്ടിക്കാനാകും. ആന്റിവൈറൽ മരുന്നുകൾ, ആന്റിബോഡി, വാക്സിനുകൾ, പുതിയ ചികിത്സാസംവിധാനങ്ങൾ എന്നിവ തയാറാക്കേണ്ടതുമുണ്ട്. സകല മരുന്നിനെയും തടയുന്ന തരത്തിലുള്ള ആന്ത്രാക്സ്, പ്ലേഗ്, എബോള ഉൾപ്പെടെയുള്ള ഏഴ് മാരക രോഗാണുക്കളുടെ പുതിയ വകഭേദങ്ങൾ തയാറാക്കുകയെന്നതായിരിക്കാം ബയോടെററിസ്റ്റുകളുടെ ലക്ഷ്യമെന്ന് അമേരിക്കയിലെ ദ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾആൻഡ് പ്രിവൻഷൻ വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു.വരുന്ന ഒരു ദശാബ്ദക്കാലം രോഗാണുക്കളെ പേടിയില്ലാത്ത ‘സൂപ്പർബഗുകളുടെ’ കാലമാണെന്നും ബിൽഗേറ്റ്സ് പ്രവചിച്ചിട്ടുണ്ട്. നിലവിൽ സൂപ്പർബഗുകളാൽ പ്രതിവർഷം ഏഴുലക്ഷത്തോളം പേരാണ് കൊല്ലപ്പെടുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ 2013 മുതൽ 2016 വരെയുണ്ടായ എബോള വൈറസ് ബാധയുടെ കാര്യവും മനസിലുണ്ടാകണം. 2013 ഡിസംബറിൽ ഗിനിയയിലാണ് ഒരു വയസ്സുകാരൻ ആദ്യം എബോള ബാധിച്ച് മരിച്ചത്. തുടക്കത്തിൽ വവ്വാലുകളിൽ നിന്നാണ് രോഗബാധയെന്നാണു കരുതിയത്. മാത്രവുമല്ല രോഗം എബോളയാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചില്ല. കുട്ടിയുടെ കുടുംബത്തിന്റെ മാത്രമല്ല ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും ഒട്ടേരെ പേരുടെ ജീവനെടുത്ത ശേഷമാണ് രോഗം 

എബോളയാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതും പ്രതിരോധ നടപടികൾ ആരംഭിച്ചതും. വവ്വാലുകളിൽ നിന്നല്ല രോഗം പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടെത്തി. പിന്നീടു നടത്തിയ പഠനത്തിൽ എബോള വൈറസിൽ ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നതായും തിരിച്ചറിഞ്ഞു. പക്ഷേ പഠനം നടത്തിയ ഗവേഷണ സംഘത്തിലെ പോലും അഞ്ചുപേരെ കൊലപ്പെടുത്തിയിരുന്നു അപ്പോഴേക്കും ആ വൈറസ്. ഒരു വർഷം മുൻപാണ് ഇതെല്ലാം സംഭവിച്ചത്. നമുക്കുമുന്നിൽ ഓർമപ്പെടുത്തലിന്റെ വലിയ പാഠങ്ങളുണ്ടെന്നു ചുരുക്കം, ശ്രദ്ധിച്ച് മുന്നേറിയേ മതിയാകൂ.

മുഹമ്മദ് ഷാഫി
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം