ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യും
വിതച്ചത് കൊയ്യും
നീലിമലക്കാട്ടിലെ താമസക്കാരായിരുന്നു മിന്നുകാക്കയും മക്കളും. വേറെയും ധാരാളം മൃഗങ്ങളും പക്ഷികളും ജീവികളും ആ കാട്ടിൽ ഉണ്ടായിരുന്നു.കാട്ടിലെ ഒരു വലിയ ഞാവൽ മരത്തിലായിരുന്നു മിന്നുകാക്കയും മക്കളും താമസിച്ചിരുന്നത്. ദിവസവും മിന്നുകാക്ക ഇരതേടി കാട്ടിനുള്ളിലേക്ക് പോകും. കുഞ്ഞുങ്ങൾക്ക് തീറ്റയുമായി തിരിച്ചു വരും. മിന്നുകാക്കയുടെ കുഞ്ഞുങ്ങൾ ഇരതേടി പോവാൻ ആയിട്ടില്ല. അവർ അമ്മകാക്ക കൊണ്ടുവരുന്ന പഴങ്ങളും മറ്റ് ഭക്ഷണങ്ങളും കൊത്തിതിന്ന് കൂട്ടിൽ സുഖമായിരിക്കും. ഒരു ദിവസം രാവിലെ മിന്നു തീറ്റ തേടിപറന്നു പോകുമ്പോൾ മരക്കൊമ്പിൽ നിന്നും ചിൽ ചിൽ ശബ്ദം കേട്ടു. അതാ, കുഞ്ഞനണ്ണാൻ. "മിന്നു...മിന്നു...നീ എങ്ങോട്ടേക്കാ പോകുന്നത്…?"-കുഞ്ഞനണ്ണാൻ ചോദിച്ചു. "ഞാൻ എൻെറ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വല്ല പഴങ്ങളും കിട്ടുമോ എന്ന് നോക്കാൻ ഇറങ്ങിയതാ…" മിന്നുകാക്ക മറുപടി പറഞ്ഞു. "എങ്കിൽ വാ.. നമുക്കൊന്നിച്ച് പോകാം...കുറച്ചകലെ പുഴക്കരയിലെ അത്തിമരത്തിൽ ധാരാളം അത്തിപ്പഴം പഴുത്തു കിടക്കുന്നുണ്ടെന്ന് ചിന്നു തത്ത പറഞ്ഞു. നമുക്കങ്ങോട്ട് പോകാം." ഇത്രയും പറഞ്ഞ് അണ്ണാൻ അടുത്ത മാരക്കൊമ്പിലേക്ക് ചാടി. രണ്ടു പേരും അത്തിപ്പഴം തേടി യാത്രയായി. അവർ പുഴക്കരയിലെ അത്തിമരത്തിലെത്തി. അത്തിമരത്തിൽ വേറെയും പക്ഷികളും ചെറുജീവികളും പഴങ്ങൾ തിന്നുന്നുണ്ടായിരുന്നു. "ഹായ്…, നല്ല പഴുത്ത അത്തിപ്പഴം ." മിന്നുകാക്ക തനെ്‍റ കുഞ്ഞുങ്ങൾക്കുള്ള അത്തിപ്പഴം കൊക്കിൽ ശേഖരിച്ച് പറക്കുവാനൊരുങ്ങുമ്പോഴാണ് കൂടിരുന്ന ഭാഗത്ത് നിന്നും വലിയ ശബ്ദം കേൾക്കാൻ തുടങ്ങിയത്. മരങ്ങൾ മുറിഞ്ഞു വീഴുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. തൻെറ കുഞ്ഞുങ്ങൾക്കെന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ മിന്നു കൊക്കിലെ പഴവുമായി കൂടിരുന്ന മരത്തിലേക്ക് പറന്നു. അവിടെ കണ്ട കാഴ്ച മിന്നുവിന് സഹിക്കാൻ കഴിഞ്ഞില്ല. തൻെറ കൂടിരുന്ന മരം മനുഷ്യർ മുറിച്ചിരിക്കുന്നു. തൻെറ കുുഞ്ഞുങ്ങൾ താഴെ വീണ് പിടയുന്നു. ഇതു കണ്ട മിന്നുകാക്ക തലതല്ലി കരഞ്ഞു. മരം വെട്ടുകാർ മരത്തടികൾ വണ്ടികളിൽ കയറ്റിപ്പോവാൻ തയ്യാറാക്കിയിരിക്കുകയാണ്. അപ്പോഴേക്കും മരങ്ങൾ വെട്ടിമുറിച്ചിരുന്ന മനുഷ്യർ വിശന്നും ദാഹിച്ചും ക്ഷീണിച്ചിരുന്നു.അവർ മൂന്നു പേരുണ്ടായിരുന്നു. അവർ തൊട്ടപ്പുറത്തുള്ള അരുവിയിലേക്ക് ദാഹം തീർക്കാൻ വെള്ളം കുടിക്കാനായി പോയി. പക്ഷേ അരുവിയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല.മനുഷ്യർ ആശ്ചര്യപ്പെട്ടു. "ഇതെന്തുപറ്റി ! കഴിഞ്ഞ തവണ വന്നപ്പോൾ ഈ അരുവിയിൽ ധാരാളം വെള്ളമുണ്ടായിരുന്നല്ലോ. ഇതിൽ നിന്നല്ലേ നമ്മൾ വെള്ളം കുടിച്ചത് ."ഒന്നാമൻ പറഞ്ഞു. "ശരിയാണല്ലോ -" രണ്ടാമൻ മറുപടി പറഞ്ഞു. "നമ്മൾ തന്നെയല്ലേ ഇതിനുത്തരവാദികൾ. കാട് കൈയേറി മരങ്ങൾ മുറിച്ചു. മരങ്ങളുടെ എണ്ണം കുറഞ്ഞു. കുന്നുകൾ എല്ലാം ഇടിച്ചു തീർത്തു. അതുകൊണ്ട് അരുവികളും വറ്റി വരണ്ടു. "മൂന്നാമൻ മറുപടി നൽകി. "ശരിയാണ് ..നമ്മൾ വിതച്ചത് നമ്മൾ കൊയ്യും." മൂന്നുപേരും ഒരുമിച്ച് പറഞ്ഞു. അതെ കൂട്ടുകാരെ, നമ്മൾ നമ്മുടെ മരങ്ങളും കുന്നുകളും പുഴകളും അരുവികളും വയലുകളും സംരക്ഷിക്കുക...നാളേക്കുവേണ്ടി...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ