ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അച്ചുവിന്റെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ കരുതൽ
പുറത്തു പോയി വന്ന ശേഷം അച്ചുവിന് ഭയങ്കര ദേഷ്യം. ചോദിക്കുന്നതിനൊന്നും നല്ല ഉത്തരം അവൻ പറയുന്നില്ല. അമ്മയ്ക്കറിയാം, എന്തെങ്കിലും കാര്യമില്ലാതെ അവൻ ഇങ്ങനെ ദേഷ്യപ്പെടില്ല എന്ന്. സൂത്രത്തിൽ അടുത്തുകൂടി ചോദിച്ചപ്പോളല്ലേ കാര്യം മനസ്സിലായത്. മാലിന്യം, അതാണ് പ്രശ്നം! അച്ചുവിന് ദേഷ്യം തീരുന്നതേയില്ല.

"എന്താമ്മേ ഈ ആൾക്കാരൊക്കെ ഇങ്ങനെ? എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ? സ്വന്തം വീട്ടിലെ മാലിന്യം റോഡിൽ കൊണ്ടു തള്ളിയാൽ എല്ലാം വൃത്തിയായി എന്നായിരിക്കും ഇവരുടെയൊക്കെ ധാരണ ! തിരിച്ചാണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ലേ?"

"നീ എന്തിനാ അച്ചൂ ഇങ്ങനെ ദേഷ്യപ്പെടുന്നത്? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ?" അമ്മ പറഞ്ഞത് അവനു തീരെ പിടിച്ചില്ല.

" അമ്മയെന്താ ഈ പറയുന്നത്? ഓരോ ദിവസം ചെല്ലുന്തോറും ഓരോ പുതിയ പുതിയ അസുഖങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്."

"അമ്മേ.....," അച്ചു തുടർന്നു." ശുചിത്വം എന്നത് വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യ മുക്തമാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.അല്ലാതെ മാലിന്യം നിറയ്ക്കലല്ല. പരിസര ശുചിത്യം ഉണ്ടാവണമെങ്കിൽ മാലിന്യങ്ങളുടെ ഉറവിട സംസ്കരണമാണ് അത്യാവശ്യം."

" അച്ചു നീ എനിക്ക് ക്ലാസ്സെടുക്കുകയാണോ? എനിക്കിതൊക്കെ അറിയാം." അമ്മ ദേഷ്യപ്പെട്ടു.

"അല്ലമ്മേ...." അച്ചുതുടർന്നു. "അമ്മ വീടും പരിസരവും വൃത്തിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ നമ്മൾ മാത്രം വിചാരിച്ചിട്ടെന്താവാനാ? ചുറ്റുമുള്ളവർ പ്ലാസ്റ്റിക്ക് കത്തിക്കുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ അത് നമ്മളെക്കൂടി ബാധിക്കുമല്ലോ? അതാണല്ലോ പ്രശ്നം. ഇതിനൊരു പരിഹാരം കണ്ടേ തീരൂ."

"എന്താ, അച്ചൂ ഇത്ര ഗൗരവമായ ചർച്ച? "അച്ഛന്റെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി.

"ചുറ്റുപാടുമുള്ള മാലിന്യമാണിവന്റെ പ്രശ്നം. "അമ്മ പറഞ്ഞു.

"ഓ, അതാണോ? നമ്മൾ എത്ര തവണ അവരോട് പറഞ്ഞതാ.. കേൾക്കണ്ടേ? ഒരു കാര്യം ചെയ്യ്. ഇനി പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കണ്ടാൽ ഒരു ഫോട്ടോയെടുത്ത് വയ്ക്ക്. കത്തിക്കുന്നയാളിന്റെ ഫോൺ നമ്പർ സഹിതം അത് കോർപറേഷനിൽ കൊടുത്താൽ അവര് വേണ്ട നടപടി എടുത്ത് കൊള്ളും. കൗൺസിലർ അങ്ങനെയാ പറഞ്ഞത്. പിന്നെ നിന്റെ ചങ്ങാതിമാരെയൊക്കെ കൂട്ടി മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ ഒരു സ്ക്വാഡ് ഉണ്ടാക്കൂ."

അച്ഛൻ പറഞ്ഞപ്പോൾ അച്ചുവിന് ഒരു സംശയം. അത് സാധിക്കുമോ?"

അതെന്താ സാധിക്കാത്തത്? നീ ചങ്ങാതിമാരോട് ഇതിനെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്ക്. അവര് സമ്മതിക്കും. ഒന്നു ശ്രമിച്ചു നോക്ക്. "

അത്രയും പറഞ്ഞ് അച്ഛൻ മുറ്റത്തേക്കിറങ്ങി.

അൽപ നേരം ചിന്തിച്ച ശേഷം അച്ചു വണ്ടിയുടെ താക്കോലുമെടുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ അമ്മ ചോദിച്ചു. "നീ എങ്ങോട്ടാ മോനേ ...?

"ഞാൻ അച്ഛൻ പറഞ്ഞതുപോലെ ചെയ്യാൻ പോകുവാ..."

ഇത് കേട്ടു ചിരിച്ച അമ്മയോട് അവൻ പറഞ്ഞു. "അമ്മയല്ലേ പറയാറ്, 'അണ്ണാൻ കുഞ്ഞും തന്നാലായത്' എന്ന്. അതുപോലെ ഞാനും ഒന്നിറങ്ങി നോക്കട്ടെ."

ഇത്രയും പറഞ്ഞ് സൈക്കിളുമെടുത്ത് അവൻ കൂട്ടുകാരെ ലക്ഷ്യമാക്കി നീങ്ങി....

രോഹിൻ സമീർ
5 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ