സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
   കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്‍ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968-ൽ സ്ഥാപിക്കപ്പെട്ടത്.
     1950 കളുടെ ഉത്തരാർദ്ധത്തിൽ വെള്ളിയൂരിൽ ഒരു സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി നാട്ടുകാർ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുവേണ്ടി 4 ഏക്കറോളം സ്ഥലം യശ:ശരീരനായ ശ്രീ കെ.ടി. രാമുണ്ണിനായർ പ്രസിഡണ്ടായ കമ്മിറ്റി വാങ്ങുകയും സ്‍കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്‍തെങ്കിലും സ്‍കൂൾ യാഥാർത്ഥ്യമായില്ല. പിന്നീട്, ഫറൂഖ് കോളേജിൽ സാമ്പത്തിക ശാസ്‍ത്രാദ്ധ്യാപകനായിരുന്ന പ്രൊഫ: ടി. അബ്‍ദുള്ള സാഹിബ് പ്രസിഡണ്ടായ പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന; വി.ടി. കുഞ്ഞാലിമാസ്‍റ്റർ, കെ. എം. സൂപ്പിമാസ്‍റ്റർ, എ. അമ്മദ് മാസ്‍റ്റർ, ടി. അബൂബക്കർ മാസ്‍റ്റർ, വി.ടി. ഇബ്രാഹിം കുട്ടി തുടങ്ങിയവർ അംഗങ്ങളുമായ, ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റിക്ക്  പ്രസ്‍തുത സ്ഥലം കൈമാറിയതിനു ശേഷമാണ് സ്‍കൂൾ യാഥാർത്ഥ്യമായത്. സ്‍കൂൾ ആരംഭിച്ചതു മുതൽ മുൻ എം.എൽ.എ. എ.വി. അബ്‍ദുറഹിമാൻ ഹാജി ആയിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ.  
     1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്‍കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടു.  ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ കെ. അഹമ്മദ് കോയ മാസ്‍റ്റർ, സ്‍കൂളിന്റെ പുരോഗതിക്ക്  അടിത്തറയുറപ്പിച്ച യശ:ശരീരനായ എൻ. അബ്‍ദുള്ള മാസ്‍റ്റർ, എം. വി. രാഘവൻ നായർ, വി. ടി. കുഞ്ഞിമൂസ്‍സ മാസ്‍റ്റർ, സി. എച്ച്. കുഞ്ഞിപക്രൻ മാസ്‍റ്റർ, കെ. മൊയ്‍തീൻ മാസ്‍റ്റർ, കെ. എം. അബ്‍ദുൾ വഹാബ് മാസ്‍റ്റർ, കെ. പി. രാമചന്ദ്രൻ മാസ്‍റ്റർ, അവറാൻ കുട്ടി മാസ്‍റ്റർ, ടി. യൂസഫ് മാസ്‍റ്റർ, കെ. അജിതാ ദേവി ടീച്ചർ, പി. വാസന്തി ടീച്ചർ, കെ. അഷ്റഫ് മാസ്‍റ്റർ എന്നിവർ ഹെഡ് മാസ്‍റ്റർമാരായി സേവനമനുഷ്‍ഠിച്ചു. 1982 മുതൽ 1998 വരെ ഹെഡ്‍മാസ്‍റ്ററും 1998 മുതൽ 2002 വരെ പ്രിൻസിപ്പലുമായിരുന്ന എം.വി.രാഘവൻ നായരുടെ അർപ്പണ മനോഭാവവും ആത്മാർത്ഥമായ സേവനവും, സഹാദ്ധ്യാപകരുടെ സഹകരണവും സ്‍കൂളിനെ ഇന്ന് കാണുന്ന പഠന നിലവാരത്തിലേക്കും അച്ചടക്കത്തിലേക്കുമുയർത്തി നല്ലൊരു സൽപ്പേരിനർഹമാക്കി. ഇപ്പോൾ ഹെഡ് മാസ്‍റ്ററായി പി. പി. അബ്‍ദുറഹിമാൻ മാസ്‍റ്റർ ഈ വിദ്യാലയത്തിന്റെ സാരഥ്യം നിർവ്വഹിക്കുന്നു.
     സേവനം ചെയ്‍തു കൊണ്ടിരിക്കെ അകാലത്തിൽ വിട പറഞ്ഞ പ്രധാനാദ്ധ്യാപകൻ എൻ. അബ്‍ദുള്ള, അദ്ധ്യാപകരായിരുന്ന കെ. ശോഭന, ടി. വി. സുലോചന, മമ്മദ്, പി.സി. നാരായണൻ, സി. ഉമ്മർ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഹംസ അദ്ധ്യാപകേതര ജീവനക്കാരനായിരുന്ന എം.കെ. അഹമ്മദ് എന്നിവരുടെ പാവന സ്‍മരണയ്‍ക്കു മുമ്പിലും, സ്‍കൂൾ പഠനം പൂർത്തിയാക്കും മുമ്പെ ഞെട്ടറ്റു വീണു പോയ ഈ വിദ്യാലയ പൂങ്കാവനത്തിലെ പനിനീർ മലരുകളായിരുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ ഓർമ്മകൾക്കു മുമ്പിലും  അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു. 
ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി എം. വി. രാഘവൻ മാസ്റ്ററും തുടർന്ന് സി. എച്ച്. കുഞ്ഞിപക്രൻ മാസ്റ്റർ, കമലാദേവി ടീച്ചർ, സി. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ കെ. സമീർ മാസ്റ്റർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.
      ഈ വിദ്യാലയത്തിൽ നിന്ന് ഏതാനും പ്രഗത്ഭ അദ്ധ്യാപകർ സ്ഥലം മാറിപ്പോവുകയോ സർവ്വീസിൽ നിന്ന് വിരമിക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥലം മാറിപ്പോയവരിൽ സർവ്വശ്രീ സി.പി. കുഞ്ഞമ്മദ്, സി. അഹമദ് കുട്ടി, കെ.കെ. കുഞ്ഞിരാമൻ, കെ. കുട്ടികൃഷ്ണൻ, ടി. കുഞ്ഞബ്ദുള്ള, വി. പി. ഇബ്രാഹിം എന്നീ അദ്ധ്യാപകർ സമീപ പ്രദേശ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകരോ പ്രിൻസിപ്പലോ ആയി സേവനമനുഷ്ഠിച്ചവരാണ്.
      അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ പാഠ്യ രംഗത്തും, പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ ഈ വിദ്യാലയത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നാഷനൽ മീൻസ് കം മെറിറ്റ്, നാഷനൽ ടാലന്റ്സ് സെർച്ച് എക്സാമിനേഷൻ എന്നിവയിൽ മികച്ച നേട്ടം സ്‍കൂളിന് കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.