എന്റെ ഗ്രാമം

Particulars Total
Population 26,857
Schedule Caste 2,347
Schedule Tribe 31
Literacy 93.57 %

നൊച്ചാട് പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന വെളളിയൂർ എന്ന പ്രദേശത്താണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കുറുമ്പ്രനാടു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെ ഒരു യു.പി സ്‍കൂളും രണ്ടു അങ്കണവാടികളും ഉണ്ട്.

     ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളമാകമാനവും മലബാറിൽ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും സ്വാധീനിച്ചു. ഹിന്ദു-മുസ്ലിം മത വിഭാഗങ്ങളിൽ പെട്ടവർ വളരെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു. ഹിന്ദു -മുസ്ലിം സൗഹാർദ്ദ പ്രതീകമായിരുന്നു ക്ഷേത്രത്തിന്റെ ഉത്സവ പരിപാടികൾ.

   ഈ പ്രദേശത്ത് ചെറുതും വലുതുമായ നിരവധി കുന്നുകളുണ്ട്. ഈ പ്രദേശം കേരളത്തിന്റെ ഉത്തര മദ്ധ്യ മേഖലയിൽ വരുന്നു. ചെമ്മണ്ണാണ് ഭൂരിഭാഗം പ്രദേശങ്ങളിലും. എന്നാൽ കുന്നിൻ നിറുകയിലും ചരിവു തലങ്ങളിലും പാറപ്പൊടി ചേർന്ന കറുത്ത മണ്ണാണ്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കശുവണ്ടി, റബ്ബർ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വിളകൾ. കുന്നിൻ പുറങ്ങളിൽ തനി കാട്ടുചെടികളും കാട്ടു പടുവൃക്ഷങ്ങളും വളരുന്നുണ്ട്. വെള്ളിയൂരിൽ 5 തലയുള്ള തെങ്ങും ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. ഗുഹ മണ്ണിട്ട് മൂടിക്കഴിഞ്ഞു, തെങ്ങ് നശിച്ച് പോയി.

    കാർഷിക മേഖലയായിരുന്ന വെള്ളിയൂരിൽ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ കൃഷി വ്യാപകമായിരുന്നു. ചില താഴ്‍ന്ന വയലുകളിൽ പുഞ്ചകൃഷി ഉണ്ടായിരുന്നു. വെള്ളിയൂരിലെ പടിഞ്ഞാറെ കല്ലങ്കോട്ട് താഴെയിൽ വിളവെടുത്ത കന്നിവയലുകളിൽ വെള്ളരി, കൂർക്കൽ, കുമ്പളം, മധുരക്കിഴങ്ങ്, വെണ്ട മുതലായവ മത്സര അടിസ്ഥാനത്തിൽ കൃഷി ചെയ്‍തിരുന്നു. വാളൂർ വയലിൽ നിന്നും വെള്ളിയൂർ വയലിലൂടെ ജലസമൃദ്ധമായ ഒരു തോട് ഒഴുകുന്നു. മഴ ആവശ്യത്തിന് ലഭിക്കുമെങ്കിലും കുന്നിൻ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിവിധ കുടിവെള്ള പദ്ധതികളുടെ സഹായത്തോടെ ഈ പ്രശ്‍നം ഏതാണ്ട് പരിഹരിക്കപ്പെട്ടു. തൊഴിൽ, പാർപ്പിടം, ആരോഗ്യം, ഗതാഗതം, വൈദ്യുതി എന്നീ മേഖലകളിലെല്ലാം പ്രദേശം പുരോഗതി പ്രാപിച്ചു. പഴയ ഇടവഴികളെല്ലാം റോഡുകളായി മാറിയിട്ടുണ്ട്. കേരളത്തിൽ തന്നെ അറിയപ്പെട്ട തച്ചുശാസ്ത്ര വിദഗ്ധൻ ഗംഗാധരൻ ആശാരി ജീവിച്ചിരുന്നത് വെള്ളിയൂരിലെ കുളപ്പുറത്താണ് .

   വനിതകൾ മാത്രം ജോലി ചെയ്യുന്ന 'കൈരളി' ക്ഷീരോൽപാദക യൂനിറ്റ്‌ 1996 ജൂൺ 7 ന് വെള്ളിയൂരിൽ ആരംഭിച്ചു. ഉൽപാദകരുടെ സൗകര്യവും പാലിന്റെ ലഭ്യതയും കണക്കിലെടുത്ത് ഇപ്പോൾ ഓഫീസിന്റെ പ്രവർത്തനം ചാലിക്കരയിലേക്ക് മാറ്റിയിട്ടുണ്ട്.

   വെള്ളിയൂരിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നീല നിറമുള്ള ഒരു  വിഗ്രഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അമ്പലത്തിന് 100 മീറ്റർ അരികെ ഒരു തോടുണ്ട്. ആ തോടിന് കുറുകെ വലിയൊരു കരിങ്കൽ പാലം ഇപ്പോഴും ചെളിയിൽ മൂടിക്കിടക്കുന്നതായി കാണാം. ഏതാണ്ട് പതിനായിരം കിലോ തൂക്കം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. മസ്ജിദുൽ ഇഹ്‌സാൻ, മസ്ജിദുൽ ഹുദ എന്നിവ വെള്ളിയൂരിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങളാണ്. ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയും, ഒരു കൃഷി ഓഫീസും വെള്ളിയൂരിൽ പ്രവർത്തിക്കുന്നു. വെള്ളിയൂർ പുളിയോട്ട് മുക്ക് റോഡിൽ ഒരു നീന്തൽ കുളത്തിന്റെ പണി പുരോഗമിക്കുന്നു. ഒരു ജനകീയ വായനശാല വെള്ളിയൂരിൽ ഉണ്ട്. വെള്ളിയൂരിന്റെ സാംസ്‍കാരിക കേന്ദ്രമായി ഈ ജനകീയ വായനശാലയും, കായിക പരിശീലനത്തിന് പ്രോത്സാഹനം നൽകുന്നതിനായി സ്‍പോർട്സ് അക്കാദമി 'വിഎസ്‍സി-വെള്ളിയൂരും' പ്രവർത്തിക്കുന്നു. ജ്വാല വെള്ളിയൂർ, പല്ലവി വെള്ളിയൂർ എന്നിവ വെള്ളിയൂരിന്റെ സാംസ്‍കാരിക വളർച്ചയ്‍ക്കു വേണ്ടി നേരത്തെ പ്രവർത്തിച്ച ചില സാംസ്‍കാരിക സംഘടനകളാണ്. വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന സമാന്തര സ്ഥാപനങ്ങളായി മിനർവ കോളേജ്, പ്രിസൈസ് കോളേജ് എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നു. നേരത്തെ അക്ഷര കോളേജും പ്രവർത്തിച്ചിരുന്നു. കത്തിടപാടുകളുടെ ആപ്പീസ് ആയി ഒരു പോസ്‍റ്റോഫീസ് വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്നുണ്ട്.

പൊതു സ്ഥാപനങ്ങൾ

  • ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ
  • കൃഷി ഭവൻ
  • നൊച്ചാട് വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ഗവൺമെൻ്റ് ആയുർവേദ ഹോസ്പിറ്റൽ നൊച്ചാട്