നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കുറുമ്പ്രനാട് രാജ്യം
കുറുമ്പ്രനാട്
ഇന്നത്തെ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങൾ ഉൾപ്പെട്ടതായിരുന്നു കുറുമ്പ്രനാട് ദേശം. കുറുമ്പ്രനാട് രാജാക്കന്മാർ കോട്ടയവുമായി ബന്ധമുണ്ടായിരുന്ന ക്ഷത്രിയന്മാരായിരുന്നു. കുറുമ്പ്രനാട് (കുറുമ്ബുഴൈ നാട് അല്ലെങ്കിൽ കുറുമ്പിയാതിരി സ്വരൂപം) ഇന്നത്തെ കേരള സംസ്ഥാനമായ ദക്ഷിണേന്ത്യയിൽ മലബാർ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമായിരുന്നു. ഒരുകാലത്ത് ശക്തമായ ഒരു രാജ്യമായിരുന്ന ഇതിന് മേപ്പയിൽ, പുതുപ്പണം, വടകര തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്ത് കടലും കിഴക്ക് കർണ്ണാടകയുമാണ് ഈ പ്രദേശത്തിന് അതിരിടുന്നത്. വടക്ക് വശത്ത് കോലത്തു നാടും തെക്ക് പോളനാടും (കോഴിക്കോടിന്റെ പഴയ പേര് ) ഉണ്ടായിരുന്നു. ഈ ദേശത്തിന്റെ ശക്തി കേന്ദ്രീകരിച്ചത് ഇന്നത്തെ ബാലുശ്ശേരിയിലായിരുന്നു. കുറുമ്പ്രനാട് രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത് വേട്ടക്കൊരുമകനും ഭഗവതിയുമാണ്. ബാലുശ്ശേരി കോട്ടയിൽ രാജ കുടുംബാംഗങ്ങൾ നിത്യവും ദർശനം നടത്തിയിരുന്നു. സ്ത്രീകൾ ബാലുശ്ശേരി കോട്ടയിൽ പ്രവേശിക്കരുതെന്ന് നിയമമുണ്ട്. അതുകൊണ്ട് ക്ഷേത്ര ദർശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും, പാറക്കടവത്ത് കോവിലകത്ത് പരദേവതയും, നരിക്കോട്ട് കോവിലകത്ത് പരദേവത മാത്രമായും നിത്യപൂജക്കും ദർശനത്തിനും പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽ 27 തീയതി ബാലുശ്ശേരി കോട്ടയിൽ പാട്ടു കഴിഞ്ഞ ശേഷമേ മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവം നടക്കാറുള്ളൂ. ലോകനാർകാവിലമ്മയും ഈ കോവിലകത്തെ കുടുംബപരദേവത സ്ഥാനമുള്ളതാണ്. കൂടാതെ ഈ രാജവംശത്തിന്റെ ആധിപത്യ പ്രദേശങ്ങളിൽ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണ് കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രധാനപ്പെട്ടവയിൽ ഒന്നായ പന്തലായനി (വടക്കൻകൊല്ലം) കൊല്ലംപിഷാരിക്കാവ് ക്ഷേത്രം - കേരളത്തിൽ മലബാറിൽ മാത്രമുള്ളതായ നായർ ഉപജാതികളിൽ ഒന്നായി പരിഗണിക്കപ്പെട്ട വൈശ്യനായൻമാരായ വ്യാപാരി നായൻമാർ, രാവാരി നായൻമാർ എന്നൊക്കെ വിളിക്കപ്പെടുന്ന ജാതിക്കാരുടെ ചില തറവാടുകളുടെ വകയായിരുന്നു ഈ ക്ഷേത്രം.